2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ഇടയ പീഡനം: തെരുവിലാളുന്നു

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം ശക്തമാകുന്നു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എറണാകുളം ഹൈക്കോര്‍ട്ട് ജങ്ഷനില്‍ നടന്ന ധര്‍ണയില്‍ പീഡനത്തിനിരയായ കന്യാസ്ത്രീ താമസിച്ചിരുന്ന കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും പീഡനത്തിനിരയായ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും അണിനിരന്നു.

കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സഭയില്‍നിന്നും സര്‍ക്കാരില്‍നിന്നും പൊലിസില്‍നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പ്രതികരിക്കാന്‍ തയാറായതെന്ന് ധര്‍ണയില്‍ സംസാരിക്കവെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറഞ്ഞു. പരസ്യപ്രതികരണം അനിവാര്യമായിരിക്കുകയാണ്. ഇനിയും മൗനം തുടരുന്നതില്‍ അര്‍ഥമില്ല. പീഡനത്തിനിരയായ സഹോദരിക്ക് നീതി ലഭിക്കുന്നതുവരെ പോരാടും. കൃത്യമായ തെളിവുണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് എന്തിനാണെന്നും കന്യാസ്ത്രീകള്‍ ചോദിച്ചു. ബിഷപ്പിനെതിരായ പീഡനക്കേസ് പുറത്തുവന്നതിനുശേഷം ആദ്യമായാണ് പീഡനത്തിനിരയായ കന്യാസ്ത്രീയെ പിന്തുണക്കുന്ന സഹപ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നത്.
ധര്‍ണ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ലാലന്‍ തരകന്‍ ഉദ്ഘാടനം ചെയ്തു. പീഡനം നടന്നതിന് വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും ബിഷപ്പിനെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതിലൂടെ സഭയിലെ പല ക്രമക്കേടുകളും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഫെലിക്‌സ് ജെ. പുല്ലുരാന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ലി പൗലോസ്, ജോസഫ് വെളിവില്‍, ജോര്‍ജ് കട്ടിക്കാരന്‍, ഇന്ദുലേഖ ജോസഫ് സംസാരിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണയ്ക്കുന്ന ചിലര്‍ സമരപ്പന്തലിന് സമീപമെത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലിസ് സംരക്ഷണയിലാണ് പരിപാടി നടന്നത്.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.