2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഇടത്തോട്- കോളിയാര്‍ പുതിയ റോഡ് ബോര്‍ഡില്‍ ഒതുങ്ങി

 

രാജപുരം: എട്ടുമാസം മുന്‍പ് നിര്‍മാണ പ്രവൃത്തി ആരംഭിച്ച ഇടത്തോട്- കോളിയാര്‍ പുതിയ റോഡ് ഇപ്പോഴും ബോര്‍ഡില്‍ ഒതുങ്ങുകയാണ്. നിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തുറന്നു കൊടുക്കേണ്ട റോഡിന്റെ നിര്‍മാണമാണ് പ്രവര്‍ത്തിയുടെ വിശദവിവരങ്ങളടങ്ങിയ ബോര്‍ഡില്‍ ഒതുങ്ങിയത്. ബളാല്‍, കോടോം, ബേളൂര്‍ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡാണ് ഇത്.
ഇടത്തോട് മുതല്‍ കോളിയാര്‍ കത്തുണ്ടി വരെയുള്ള 4.8 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാനാണ് ടെന്‍ഡര്‍ പാസായി കരാറും നല്‍കിയത്. പ്രധാനമന്ത്രി ഗ്രാമസഡക് യോജന പദ്ധതി വഴിയാണ് റോഡ് അനുവദിച്ചത്. 3.25 കോടി രൂപയാണ് നിര്‍മാണച്ചെലവ്. കേന്ദ്ര ഗ്രാമവികസന വകുപ്പിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെ.എസ്.ആര്‍.ആര്‍.ഡി.എ ആണ് പ്രവൃത്തി നടത്തുന്നത്.
സ്ഥലമേറ്റെടുക്കല്‍ ജോലി പൂര്‍ത്തിയാക്കിയാണ് ടെന്‍ഡര്‍ കരാര്‍ നടപടികള്‍ നടത്തി നിര്‍മാണ പ്രവൃത്തിക്ക് തുടക്കം കുറിച്ചത്. കരാര്‍ അനുസരിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് പ്രവൃത്തി തുടങ്ങി 2019 ഫെബ്രുവരി 13ന് പൂര്‍ത്തിയാക്കി നാട്ടുകാര്‍ക്ക് തുറന്നു കൊടുക്കേണ്ടതാണ്. ഈ സ്ഥാനത്താണ് റോഡ് ബോര്‍ഡില്‍ ഒതുങ്ങിക്കിടക്കുന്നത്. ചായ്യോത്ത് സ്വദേശി സി. നാരായണനാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
റോഡ് യാഥാര്‍ഥ്യമായാല്‍ വെള്ളരിക്കുണ്ട്, പരപ്പ ഭാഗങ്ങളില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് ഏഴ് കിലോമീറ്റര്‍ ദൂരം കുറഞ്ഞുകിട്ടുമെന്നതാണ് പ്രത്യേകത. ഗതാഗത സൗകര്യം തീരെയില്ലാത്ത കോളിയാര്‍ പ്രദേശത്തുകാര്‍ക്കും നിര്‍ദ്ദിഷ്ട റോഡ് ഗുണം ചെയ്യും. തര്‍ക്കങ്ങളൊന്നുമില്ലാതെ സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞത് നാട്ടുകാരുടെ ഒത്തൊരുമ കൊണ്ടാണ്. റോഡ് ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞിരുന്ന നാട്ടുകാരുടെ പ്രതീക്ഷ അസ്ഥാനത്താക്കുന്നതാണ് ഇപ്പോഴത്തെ റോഡിന്റെ സ്ഥിതി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.