2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇടത്തും വലത്തുമല്ലാത്ത മാക്രോണ്‍ യുഗം

അഡ്വ:ജി.സുഗുണന്‍ 9847132428

ലോകരാഷ്ട്രീയത്തിലെ വിരുദ്ധധ്രുവങ്ങളെ സൂചിപ്പിക്കുന്ന ഇടതും വലതും എന്ന സംജ്ഞകള്‍ ഫ്രഞ്ചുവിപ്ലവകാലത്ത് ഉരുത്തിരിഞ്ഞതാണ്. 1791 ല്‍ ഫ്രഞ്ച് അസംബ്ലിയില്‍ രാജഭരണത്തെ അനുകൂലിക്കുന്ന ഭൂയിലന്റ്‌സ് വിഭാഗം ചേമ്പറിന്റെ വലതുവശത്തെ സീറ്റുകളില്‍ ഇരുപ്പുറപ്പിച്ചു. സ്വാതന്ത്ര്യവാദികളും സോഷ്യലിസ്റ്റുകളുമായ മൊണ്ടാഗ്നാറുകള്‍ ഇടതുവശത്തും ഇരുന്നു. ക്രമേണ ‘ഇടതും’ ‘വലതും’ പ്രയോഗങ്ങള്‍ ലോകവ്യാപകമായി. 

സര്‍ക്കാരിന്റെ തലവന്‍ പ്രധാനമന്ത്രിയും രാജ്യത്തിന്റെ തലവന്‍ പ്രസിഡന്റുമെന്ന വ്യവസ്ഥയോടുകൂടിയ അഞ്ചാം റിപ്പബ്ലിക് ആയതിനുശേഷമുള്ള ഫ്രാന്‍സിന്റെ 60 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണു മുഖ്യധാരയിലില്ലാത്ത ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ആ രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടിയായ ലാ റിപ്പബ്ലിക് എന്‍ മാര്‍ഷ്യക്ക് ഒരുവര്‍ഷത്തെ മാത്രം പ്രവര്‍ത്തനപാരമ്പര്യമാണുള്ളത്.
ഒരുവര്‍ഷം മുമ്പുമാത്രം രൂപമെടുത്ത പാര്‍ട്ടിയുടെ മിക്ക സ്ഥാനാര്‍ഥികള്‍ക്കും പാര്‍ലമെന്ററി പരിചയം തീരെയില്ലാതിരിക്കെയാണു തുല്യതയില്ലാത്ത വിജയം നേടിയിരിക്കുന്നതെന്നതു ശ്രദ്ധേയമാണ്. ആദ്യഘട്ട വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ മാക്രോണിന്റെ എല്‍.ആര്‍.ഇ.എമ്മും സഖ്യകക്ഷിയായ മോഡേമും ചേര്‍ന്നു 32.3 ശതമാനം വോട്ടാണു നേടിയത്. സെന്റര്‍ റൈറ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി 21.5 ശതമാനവും തീവ്രവലതുപക്ഷമായ നാഷണല്‍ ഫ്രണ്ട് 13.2 ശതമാനവും വോട്ടുകള്‍ മാത്രമാണു നേടിയത്. സോഷ്യലിസ്റ്റുകള്‍ക്കു ലഭിച്ചതാകട്ടെ 9 ശതമാനവും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 13.74 ശതമാനം വോട്ടു ലഭിച്ചു. പരമ്പരാഗത പാര്‍ട്ടികളെ പിന്നിലാക്കി 60 വര്‍ഷത്തെ ഏറ്റവുംവലിയ ഭൂരിപക്ഷത്തിലേയ്ക്കാണു മാക്രോണിന്റെ പാര്‍ട്ടി കുതിച്ചത്. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ് സ്വവൊലഡിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് വെറും 9.5 ശതമാനം വോട്ടു മാത്രമേ നേടാനായുള്ളൂ. ഫ്രാന്‍സിന്റെ ചരിത്രത്തിലാദ്യമായാണ് ഇടതും വലതുമല്ലാത്തൊരു കക്ഷി തെരഞ്ഞെടുപ്പില്‍ വിജയംകുറിക്കുന്നത്.
കാലാവസ്ഥ വ്യതിയാന കരാറില്‍നിന്നു പിന്‍വാങ്ങാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരേ നിലയുറപ്പിച്ചതുള്‍പ്പെടെയുള്ള സമീപനങ്ങള്‍കൊണ്ട് ഇതിനകം ഫ്രാന്‍സില്‍ വലിയ ജനകീയനായി മാറിയിരിക്കുകയാണ് മാക്രോണ്‍. ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ വളരെ മുന്നിലായ മാക്രോണിന്റെ പാര്‍ട്ടിയെ രണ്ടാംഘട്ടത്തിലും അതേരീതിയില്‍ ജയിപ്പിച്ചു മൃഗീയഭൂരിപക്ഷം നല്‍കരുതെന്ന അഭ്യര്‍ഥനയുമായി മറ്റു കക്ഷികള്‍ക്കു രംഗത്തുവരേണ്ടിവന്നു എന്നതുതന്നെ മാക്രോണിന്റെ ജനപിന്തുണ തെളിയിക്കുന്നു.
എന്നാല്‍, രണ്ടാംഘട്ട തെരഞ്ഞെടുപ്പിലും മാക്രോണിന്റെ എന്‍മാര്‍ഷ് പാര്‍ട്ടി വന്‍വിജയം നേടി. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ദേശീയ അസംബ്ലിയിലെ 577 സീറ്റില്‍ 361 സീറ്റുകള്‍ മാക്രോണിന്റെ പാര്‍ട്ടിക്കാണു ലഭിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സഖ്യത്തിനു 126 സീറ്റും സോഷ്യലിസ്റ്റ് പാര്‍ട്ടിസഖ്യത്തിനു 46 സീറ്റും ലെ ഫ്രാന്‍സ് ഇന്‍സോമൈസ് 26 സീറ്റും നാഷണല്‍ ഫ്രണ്ടിന് എട്ടുസീറ്റും മറ്റ് പാര്‍ട്ടികള്‍ക്കെല്ലാകൂടി 10 സീറ്റുമാണു ലഭിച്ചത്. 577 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തികയ്ക്കാന്‍ 289 സീറ്റുകളാണ് വേണ്ടത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാക്രോണിന്റെ എതിരാളിയായിരുന്ന നാഷണല്‍ ഫ്രണ്ടിന്റെ മരിന്‍ ലീപ്പന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും മത്സരിച്ചി രുന്നു. എന്നാല്‍, സര്‍വേഫലം ശരിവയ്ക്കുന്ന തരത്തില്‍ എട്ടു സീറ്റുമാത്രമാണ് ലീപ്പെന്നിന്റെ പാര്‍ട്ടിക്കു ലഭിച്ചത്.
ഇത്തവണ വന്‍തോതില്‍ വനിതാപ്രതിനിധികളെ പാര്‍ലമെന്റിലേയ്ക്കു തെരഞ്ഞെടുത്തു ഫ്രാന്‍സ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 577 അംഗപാര്‍ലമെന്റിലേക്ക് 223 വനിതകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതായത് പാര്‍ലമെന്റില്‍ 47 ശതമാനംപേരും വനിതകളാണ്. മുന്‍വര്‍ഷം വനിതാസാമാജികരുടെ എണ്ണം 155 ആയിരുന്നു. വനിതാപാര്‍ലമെന്റ് അംഗങ്ങളുടെ പ്രാധിനിധ്യത്തില്‍ ഇതോടെ ഫ്രാന്‍സ് ലോകത്തു 17-ാം സ്ഥാനത്തെത്തി. നേരത്തെ 64 -ാം സ്ഥാനത്തായിരുന്നു. ബ്രിട്ടനെയും ജര്‍മ്മനിയെയും മറികടന്ന് ഇക്കാര്യത്തില്‍ യൂറോപ്പില്‍ 6 -ാം സ്ഥാനത്ത് എത്തുകയുംചെയ്തു. ലിംഗസമത്വം ഉറപ്പുവരുത്തുന്ന സ്ഥാനാര്‍ഥിപ്പട്ടികയായിരുന്നു എന്‍മാര്‍ഷ് പാര്‍ട്ടിയുടേത്.
ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ഒരു മാസം തികയുന്നതിനു മുമ്പുതന്നെ യു.എസ് പ്രസിഡന്റ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍, ജര്‍മന്‍ ചാന്‍സിലര്‍ എയ്ഞ്ചലാ മെര്‍ക്കല്‍ തുടങ്ങിയവരുമായി ഇമാനുവല്‍ മാക്രോണിനു കൂടിക്കാഴ്ച നടത്തേണ്ടിവന്നു. യൂറോപ്പിനോടു ശത്രുതാമനോഭാവത്തോടെ പെരുമാറുന്ന ട്രംപിനോടും പുടിനോടും മാക്രോണ്‍ വളരെ കണിശത നിറഞ്ഞ നിലപാടു പുലര്‍ത്തിയപ്പോള്‍ യൂറോപ്പ് അനുകൂലനിലപാടുള്ള മെര്‍ക്കലിനോടു സൗമ്യമായാണു പെരുമാറിയത്. ഇതിലൂടെ ഫ്രാന്‍സിലെ വോട്ടര്‍മാരുടെ പ്രീതി പിടിച്ചുപറ്റാനും മാക്രോണിനു സാധിച്ചു.
ഫ്രാന്‍സിലെ നോത്രദാം കത്തീഡ്രലില്‍ ഇക്കഴിഞ്ഞ മാസം തീവ്രവാദി ആക്രമണം നടന്നപ്പോള്‍ അതിനോടു വളരെപ്പെട്ടെന്നു തന്നെ പ്രതികരിക്കാനും മാക്രോണിനു സാധിച്ചു. ഫ്രാന്‍സിന്റെ ഏറ്റവും കഠിനമായ പ്രശ്‌നങ്ങളെ കൈകാര്യംചെയ്യാന്‍ പ്രാപ്തനാണു താനെന്ന പ്രതീതിയുളവാക്കാന്‍ മാക്രോണിനു ചുരുങ്ങിയ കാലംകൊണ്ടു സാധിക്കുകയും ചെയ്തു.
ഫ്രാന്‍സില്‍ ഇത്തവണ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പും പ്രസിഡന്റ് തെരഞ്ഞെടുപ്പും മറ്റൊരു കാര്യത്തിലും ശ്രദ്ധേയമാണ്. അതു തലമുറ മാറ്റമാണ്. മാക്രോണിനു പ്രായം വെറും 39 വയസാണ്. ഫ്രഞ്ച് പാര്‍ലമെന്റിലേയ്ക്കു നടക്കുന്ന രണ്ടു റൗണ്ട് മത്സരങ്ങളിലും മാറ്റുരച്ച എണ്ണൂറോളം സ്ഥാനാര്‍ഥികളുടെ വയസ് 30 നും താഴെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഫ്രാന്‍സിനെ വരുന്ന അഞ്ചുവര്‍ഷം നയിക്കുന്നതു യുവജനങ്ങളായിരിക്കും.
യൂറോപ്പിലും ആഗോളതലത്തിലും ഒരുകാലത്തു ഫ്രാന്‍സ് വഹിച്ചിരുന്ന നേതൃത്വപദവിയിലേയ്ക്കു തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണു പ്രസിഡന്റ് മാക്രോണ്‍. ഫ്രഞ്ച് ആശയങ്ങളും തത്വശാസ്ത്രങ്ങളും രാഷ്ട്രീയചിന്തകളുമെല്ലാം ആ രാജ്യത്തെ മാത്രമല്ല ലോകത്തെത്തന്നെ ഒരുകാലത്തു മാറ്റിമറിച്ചിട്ടുണ്ട്. ലോകരാഷ്ട്രീയത്തിലെ ഇടതുംവലതും ചിന്താധാരകള്‍ ഫ്രാന്‍സിന്റെ സൃഷ്ടിയാണല്ലോ. എന്നാല്‍, ഇപ്പോഴവിടെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പ്രസിഡന്റ് മാക്രോണ്‍ ഇടതോ വലതോ അല്ല. ഇതിനിടയിലുള്ള മധ്യധാരയുടെ വക്താവാണ്. അദ്ദേഹത്തിന്റെ പുതിയ പാര്‍ട്ടിയായ ലാ റിപ്പബ്ലിക് എന്‍ മാര്‍ഷെയും ഇതിന്റെ അടിസ്ഥാനത്തിലാണു പ്രവര്‍ത്തിക്കുന്നത്.
ഒരു കാര്യം വ്യക്തമാണ്. ഫ്രഞ്ച് ജനത ഇടതുപക്ഷ, വലതുപക്ഷ ചിന്താധാരകളില്‍നിന്നു മാറിനില്‍ക്കുകയാണ്. അവര്‍ മാക്രോണും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്വീകരിച്ചിട്ടുള്ള മധ്യമാര്‍ഗത്തിലാണ്. ഏറ്റവും കൂടുതല്‍ രാഷ്ട്രീയപരീക്ഷണങ്ങള്‍ നടന്നിട്ടുള്ള രാജ്യമാണ് ഫ്രാന്‍സ്. ഇതും അത്തരത്തിലുള്ള പരീക്ഷണമായി മാത്രം കണ്ടാല്‍ മതി. രാഷ്ട്രീയനിലപാടു മാറ്റാന്‍ ഫ്രഞ്ച് ജനതയ്ക്കു കൂടുതല്‍ സമയമൊന്നും വേണ്ട. എന്നും രാഷ്ട്രീയധാരകളുടെ മുമ്പേ നടക്കുന്നവരാണ് ഈ ജനത.
ഫ്രഞ്ച് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍തന്നെ അവിടത്തെ മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറത്താകേണ്ടിവന്നതു വലിയ തിരിച്ചടിയായിട്ടാണു രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇപ്പോള്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും സോഷ്യലിസ്റ്റ് – കമ്മ്യൂണിസ്റ്റ് – റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ പരാജയം സമ്മതിച്ചിരിക്കുകയാണ്. ഇതില്‍നിന്നു വിലപ്പെട്ട പാഠങ്ങള്‍ പഠിക്കാനും രാജ്യത്തെയും പാര്‍ട്ടികളെയും മുന്നോട്ടുനയിക്കാനും അവര്‍ക്കു കഴിയേണ്ടതുണ്ട്.
ഇന്നത്തെ സങ്കീര്‍ണമായ ലോകരാഷ്ട്രീയത്തില്‍ ഫ്രാന്‍സിനു വളരെവലിയ പങ്കാണു വഹിക്കാനുള്ളത്. എല്ലാനിലയിലും അഭിമാനകരമായ പാരമ്പര്യമുള്ള ഈ രാഷ്ട്രത്തിന് അതിന്റെ ആഗ്രഹാഭിലാഷങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തിലുള്ള ശക്തവും മാതൃകാപരവുമായ പാര്‍ലമെന്റ് ഉണ്ടായിക്കാണാനാണു ലോകം ആഗ്രഹിക്കുന്നത്.

 

(ലേഖകന്‍ സി.എം.പി.പോളിറ്റ് ബ്യൂറോ
അംഗമാണ്)

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.