2020 June 03 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇടഞ്ഞ് സെന്‍കുമാര്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ക്രമസമാധാന ചുമതലയില്‍നിന്നു നീക്കം ചെയ്തതിനു പിന്നാലെ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ഡി.ജി.പി ടി.പി.സെന്‍കുമാര്‍. പദവികള്‍ക്കായി ആരെയും പ്രീതിപ്പെടുത്താന്‍ പോയിട്ടില്ലെന്നും പദവിക്കുവേണ്ടി ആര്‍ക്കുമുന്നിലും നട്ടെല്ലു വളച്ചിട്ടില്ലെന്നും സെന്‍കുമാര്‍ തുറന്നടിച്ചു. സുപ്രിംകോടതി വിധിയും പൊലിസ് ആക്ടും ലംഘിച്ചാണ് ക്രമസമാധാന പാലന ചുമതലയില്‍നിന്നു തന്നെ മാറ്റിയതെന്നാണു സെന്‍കുമാറിന്റെ വാദം. ഇന്നലെ രാവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തെ സന്ദര്‍ശിച്ചു തനിക്കെതിരായ നടപടിയില്‍ അദ്ദേഹം അതൃപ്തി അറിയിച്ചിരുന്നു.
സര്‍ക്കാര്‍ നടപടി ഏകപക്ഷീയമാണെന്നും സംസ്ഥാന പൊലിസ് സേനയുടെ മേധാവിയോട് കാണിക്കേണ്ട മര്യാദയും മാന്യതയും തന്നോടു കാണിച്ചില്ലെന്നുമാണു ഗവര്‍ണറോടു പരാതിപ്പെട്ടത്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയേക്കും. അതിനിടെ  സെന്‍കുമാര്‍ മൂന്നുദിവസത്തെ അവധിയില്‍ പ്രവേശിച്ചു. ഇന്റലിജന്‍സ് ഡി.ജി.പി എ.ഹേമചന്ദ്രനാണു താല്‍ക്കാലിക ചുമതല. പൊലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സി.എം.ഡിയായാണു സെന്‍കുമാറിനു പുതിയ നിയമനം. ക്രമസമാധാന ചുമതലയില്‍നിന്നു താരതമ്യേന അപ്രധാനമായ പദവിയിലേക്കുള്ള മാറ്റം സെന്‍കുമാറിനെ ചൊടിപ്പിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ചുമതല ഏല്‍ക്കാതെ അവധി ദീര്‍ഘിപ്പിക്കാനും കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പ്രവേശിക്കാനുമാണ് അദ്ദേഹം ശ്രമിക്കുന്നത്. ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ സംസ്ഥാന പൊലിസ് മേധാവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തന്റെ നിലപാട് വ്യക്തമാക്കാനും സെന്‍കുമാര്‍ മറന്നില്ല.

പൊലിസ് മേധാവിയെന്ന നിലയില്‍ അവസാന ഫേസ്ബുക്ക് പോസ്റ്റായിരിക്കും ഇതെന്ന ആമുഖത്തോടെ ആരംഭിക്കുന്ന പോസ്റ്റില്‍ ഒരുതരത്തിലുള്ള വിവേചനവും കാട്ടാതെയാണു പ്രവര്‍ത്തിച്ചതെന്നും അതുകൊണ്ടുതന്നെ പൂര്‍ണ തൃപ്തിയോടെയാണു പദവി ഒഴിയുന്നതെന്നും വ്യക്തമാക്കുന്നു. 1981ല്‍ ഐ.ഇ.എസ് ഉദ്യോഗസ്ഥനായാണു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സര്‍വിസില്‍ തുടര്‍ന്ന 35വര്‍ഷവും സത്യസന്ധതയോടെയും ആത്മാര്‍ഥതയോടെയും നീതിപൂര്‍വവുമായാണു പ്രവര്‍ത്തിച്ചത്. സഹപ്രവര്‍ത്തകരോട് നീതിക്കുനിരക്കാത്ത യാതൊന്നും ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഒരു പൊലിസ് ഓഫിസര്‍ എന്ന നിലയില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ സംതൃപ്തി ഇതാണെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതേസമയം പുതിയ ഡി.ജി.പിയായി നിയമതിനായ ലോക്‌നാഥ് ബെഹ്‌റക്കെതിരേയും സെന്‍കുമാര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. തനിക്ക് ഒരിക്കലും ലോക്‌നാഥ് ബഹ്‌റ ആകാന്‍ കഴിയില്ലെന്നും സര്‍ക്കാരിനൊപ്പം യോജിച്ചുപോകാന്‍ ബഹ്‌റയ്‌ക്കേ കഴിയൂവെന്നു തോന്നുന്നുവെങ്കില്‍ അദ്ദേഹത്തെ നിയമിക്കാമെന്നും സെന്‍കുമാര്‍ മാധ്യമങ്ങളോടു തുറന്നടിച്ചു.

തന്നെ ഇഷ്ടമില്ലെങ്കില്‍ സര്‍ക്കാരിനു മാന്യമായി പറയാമായിരുന്നു. സര്‍ക്കാരിന് ഇഷ്ടമില്ലാതെ ഒരു പദവിയില്‍ തുടരാനില്ലെന്നും, വാശിപിടിച്ച് ഒരുസ്ഥാനത്ത് ഇരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും കൂട്ടിച്ചേര്‍ത്ത അദ്ദേഹം തന്നെ പദവിയില്‍നിന്നു നീക്കുന്നതില്‍ സര്‍വിസ് ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായും ആരോപിച്ചു.
അതേസമയം സെന്‍കുമാറിനെ നീക്കം ചെയ്ത നടപടി കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്ന ആക്ഷേപവും ശക്തമാണ്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണു സാധാരണഗതിയില്‍ ക്രമസമാധാന ചുമതല നല്‍കുന്നത്. മാത്രമല്ല പൊലിസ് മേധാവിയായി നിയമിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷം കഴിയാതെ മാറ്റരുതെന്നു സുപ്രിംകോടതി വിധിയുമുണ്ട്. കൃത്യനിര്‍വഹണത്തില്‍ കാര്യക്ഷമത പുലര്‍ത്തിയില്ലെങ്കില്‍ മാത്രമേ നീക്കം ചെയ്യാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയും ലംഘിക്കപ്പെട്ടു. പൊലിസ് ആക്ട് പ്രകാരം ഡി.ജി.പിയെ തല്‍സ്ഥാനത്തുനിന്നു മാറ്റണമെങ്കില്‍ വ്യക്തമായ കാരണം ഉണ്ടാകണമെന്നിരിക്കേ കഴിഞ്ഞ വര്‍ഷം മെയ് 31നു നിയമിതനായ സെന്‍കുമാറിനെ മാറ്റിയതിനു കൃത്യമായ കാരണം സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ല. സെന്‍കുമാറിനു തൊട്ടുമുന്‍പ് ഡി.ജി.പിമാരായിരുന്ന കെ.എസ്.ബാലസുബ്രഹ്മണ്യം, ജേക്കബ് പുന്നൂസ്, രമണ്‍ ശ്രീവാസ്തവ എന്നിവര്‍ ക്രമസമാധാന ചുമതലയില്‍ തുടരുമ്പോഴാണ് സര്‍വിസില്‍ നിന്നു വിരമിക്കുന്നത്.
പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി ഒരാഴ്ച പിന്നിടുന്നതിനുമുന്‍പാണു സംസ്ഥാന പൊലിസ് മേധാവിയെ മാറ്റിയിരിക്കുന്നത്.   എന്നാല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മുന്‍ ഇടതുസര്‍ക്കാര്‍ ഡി.ജി.പിയായി നിയമിച്ച ജേക്കബ് പുന്നൂസിനെ മാറ്റിയിരുന്നില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.