2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

ഇടക്കിടെ സിവില്‍കോഡ് ഉയര്‍ത്തി ഭയപ്പെടുത്തരുത്


ബി.ജെ.പി സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമായി ഏക സിവില്‍കോഡ് ഉയര്‍ത്തിപ്പിടിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇതുവഴി മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ പേടിപ്പിച്ച് ഇരുത്താമെന്ന് കരുതുന്നുണ്ടാവണം. ശബാനു കേസ് നടന്നുകൊണ്ടിരിക്കെ മുസ്‌ലിം ശരീഅത്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെ നിശബ്ദമാക്കാന്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് കഴിഞ്ഞുവെങ്കില്‍ യു.പി തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ രാഷ്ട്രീയക്കളി ആരും തിരിച്ചറിയുന്നില്ലെന്ന് കരുതരുത്. ഭരണഘടനയുടെ 44ാം അനുഛേദം പൊക്കിപ്പിടിച്ചാണ് ഏക സിവില്‍കോഡ് നിയമം നടപ്പാക്കാനുള്ള പ്രാരംഭ നടപടികള്‍ക്ക് കേന്ദ്രനിയമ കമ്മിഷനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. സാമൂഹ്യ അസമത്വം ഇല്ലാതാക്കാനെന്ന വ്യാജേനെ കുറേ ചോദ്യങ്ങള്‍ നിയമകമ്മിഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ ജനങ്ങളില്‍നിന്നും വിശദാംശങ്ങള്‍ ആരാഞ്ഞതിന് ശേഷം കൂടുതല്‍ വിശദമായ നടപടികളിലേക്ക് കടക്കാനാണ് നിയമകമ്മിഷന്‍ ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. അപ്പോഴേക്കും യു.പി തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയരുമെന്നും ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാമെന്നും അതുവഴി യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നും ബി.ജെ.പി സ്വപ്നം കാണുന്നു. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള തീര്‍ത്തും ദുര്‍ബലമായ ഭരണകൂടം ഈ സ്വപ്നത്തിന് ഊടുംപാവും നല്‍കുന്നുണ്ട്. യു. പി ഭരണം പോലെത്തന്നെ മുലായംസിങിന്റെ കുടുംബത്തിലും അന്ത:ഛിദ്രമാണ്. പരാജയത്തിന്റെ പടുകുഴിയില്‍നിന്ന് ഇപ്പോഴും കരകയറാന്‍ കഴിയാത്ത കോണ്‍ഗ്രസാകട്ടെ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് ഒരു പ്രതീക്ഷയും നല്‍കുന്നുമില്ല. ഈ അവസരം ഉപയോഗപ്പെടുത്തി ഏക സിവില്‍കോഡ് ആവശ്യത്തിലൂടെ അധികാരത്തിലെത്താമെന്നാണ് സംഘ്പരിവാര്‍ ബുദ്ധികേന്ദ്രങ്ങള്‍ കരുതുന്നത്. ഈയൊരു ഘട്ടത്തില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ ബി.ജെ.പിയുടെ ഗൂഢ നീക്കങ്ങള്‍ക്കെതിരേ എല്ലാ അഭിപ്രായ വിത്യാസങ്ങളും മാറ്റിവച്ച് ഒന്നിക്കേണ്ടിയിരിക്കുന്നു. പതിനാറ് വ്യത്യസ്ഥ വിഷയങ്ങളിലാണ് നിയമകമ്മിഷന്‍ ചോദ്യാവലി പുറത്തിറക്കിയതെങ്കിലും പ്രധാനമായും ഉന്നംവയ്ക്കുന്നത് ഏക സിവില്‍കോഡ് നടപ്പിലാക്കാന്‍ വേണ്ടിയുള്ള അവസരമൊരുക്കാനാണ്. മുസ്‌ലിംകള്‍ക്കിടയിലെ മുത്വലാഖ്, ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ് മൂലത്തില്‍ പിടിച്ചാണ് ഏക സിവില്‍കോഡ് നടപ്പിലാക്കാന്‍ അഭിപ്രായസര്‍വേ എന്ന ലേബലില്‍ തന്ത്രം പയറ്റുന്നത്.
    പൊതുജനാഭിപ്രായത്തിന്റെ ബലത്തില്‍ പുനഃപരിശോധിക്കേണ്ടതല്ല മുസ്‌ലിംകള്‍ക്ക് ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യം. ഏക സിവില്‍കോഡുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുകയാണ്. ഏക സിവില്‍കോഡിന് പരിശ്രമിക്കുവാന്‍ ഭരണകൂടങ്ങളോട് ആവശ്യപ്പെടുന്ന 44ാം വകുപ്പ് പൊക്കിപ്പിടിച്ചാണ് സംഘ്പരിവാര്‍ സംഘടനകള്‍ മുറവിളി കൂട്ടുന്നത്. ഇതു ഭരണഘടനയിലെ മാര്‍ഗനിര്‍ദേശക തത്ത്വങ്ങളിലാണുള്‍പ്പെടുന്നത്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തിനിയമങ്ങള്‍ക്ക് പകരം ഏകീകൃത സിവില്‍കോഡ് എന്നതാണ് 44ാം വകുപ്പിലെ മാര്‍ഗനിര്‍ദേശക തത്ത്വമെങ്കിലും ഇത് സ്റ്റേറ്റ് പോളിസിയിലെ നിര്‍ദേശക തത്ത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഏക സിവില്‍കോഡ് ഇന്ത്യയില്‍ നടപ്പിലാകാന്‍ പോകുന്നില്ലെന്ന് മറ്റാരേക്കാളും ബി.ജെ.പിക്ക് തന്നെ അറിയാവുന്നതാണ്. നാലുനാള്‍ മുന്‍പ് തന്നെ സന്ദര്‍ശിച്ച മുസ്‌ലിം സംഘടനാ നേതാക്കളോട് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജ്‌നാഥ്‌സിങ് തന്നെ ഇക്കാര്യം വ്യക്തമാക്കിയതുമാണ്. ഇന്ത്യയില്‍ ഒരിക്കലും ഏക സിവില്‍കോഡ് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് തന്നെ സന്ദര്‍ശിച്ച സംഘത്തോട് അദ്ദേഹം പറഞ്ഞത് മാധ്യമങ്ങളില്‍ വന്നതുമാണ്. നാനാജാതി മതസ്ഥരും വര്‍ഗങ്ങളും ഇടകലര്‍ന്ന് ജീവിക്കുന്ന, നാനാത്വത്തില്‍ വൈവിധ്യ ഭംഗി ആസ്വദിക്കുന്ന ഒരു ബഹുസ്വര സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുവാന്‍ പറ്റുന്നതല്ല ഏക സിവില്‍കോഡ്. ഭരണഘടന അത് അനുവദിക്കുന്നുമില്ല. അങ്ങനെ കഴിയില്ലെന്ന് ഭരണഘടനാ ശില്‍പ്പികള്‍ക്ക് ഭരണഘടനാ നിര്‍മാണ വേളയില്‍തന്നെ ബോധ്യംവന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്‌റ്റേറ്റ് പോളിസി മാര്‍ഗനിര്‍ദേശക തത്ത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം വ്യക്തിനിയമത്തിലെ മാറ്റമെന്ന് അനുശാസിച്ചത്.
    ഇന്ത്യയിലെ ഭരണഘടന നിലനില്‍ക്കുന്നിടത്തോളം ഏക സിവില്‍കോഡ് ഒരിക്കലും നടപ്പിലാകാന്‍ പോകുന്നില്ല. ഇടക്കിടെ ഈ ഉമ്മാക്കി കാണിച്ച് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ വിരട്ടിനിര്‍ത്താമെന്നത് സംഘ്പരിവാറിന്റെ വ്യാമോഹം മാത്രമാണ്. മുത്വലാഖില്‍ കയറിപ്പിടിച്ച് ഏക സിവില്‍കോഡ് കൊണ്ടുവരാമെന്നാണ് ബി.ജെ.പി സര്‍ക്കാര്‍ കരുതുന്നത്. മതേതര രാജ്യത്ത് മുത്വലാഖ് പാടില്ലെന്ന് ബി.ജെ.പി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറയുന്നു. മതേതര രാജ്യത്തിന്റെ നിയമത്തിലല്ല മുത്വലാഖ്. അത് മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ മതേതര രാജ്യത്ത് മുത്വലാഖിന് പ്രസക്തിയില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം നിലനില്‍ക്കുന്നതുമല്ല. 1937ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനയില്‍ മുസ്‌ലിംവ്യക്തിനിയമം നിലനില്‍ക്കുന്നുണ്ടെങ്കില്‍ മുത്വലാഖിന്റെ പേരില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ മേല്‍ ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാമെന്നത് ബി.ജെ.പിയുടെ പകല്‍ക്കിനാവ് മാത്രമായി അവശേഷിക്കും. മതേതരത്വമെന്നത് ഓരോരുത്തര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശമാണ്. ബി.ജെ.പിക്ക് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനും സത്യവാങ്ങ് മൂലത്തില്‍ ചേര്‍ക്കാനുമുള്ളതല്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 70 വര്‍ഷം കഴിഞ്ഞു. ഇന്ത്യയില്‍ ഇതുവരെ പുലര്‍ന്ന് പോന്ന മതേതരത്വം കൊണ്ട് ഇന്ത്യയുടെ അഖണ്ഡതക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ലെങ്കില്‍മേലിലും അത് തുടരും.
    ഏക സിവില്‍കോഡ് നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് 2015 ഡിസംബറില്‍ ബി.ജെ.പി നേതാവ് അഡ്വ.അശ്വിന്‍കുമാര്‍ ഉപാധ്യായ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനും എ.കെ സിക്രി, ആര്‍. ഭാനുമതി എന്നീ ജസ്റ്റിസുമാര്‍ അംഗങ്ങളുമായുള്ള മൂന്നംഗം ബെഞ്ച് തള്ളിക്കൊണ്ട് പറഞ്ഞത് മുസ്‌ലിംകളില്‍ നിന്നുള്ളവരുടെ പരാതിയില്ലാതെ ഇത്തരം കേസുകള്‍ പരിഗണിക്കാനാവില്ലെന്നാണ്. ഏക സിവില്‍കോഡ് ഉടനെ നടപ്പാക്കിക്കളയാമെന്ന് മോഹിക്കുന്നവര്‍ ആ വിധി പ്രസ്താവം ഒരാവര്‍ത്തി വായിക്കുന്നത് നന്ന്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.