2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇംപീച്ച്‌മെന്റ് അന്വേഷണവുമായി സഹകരിക്കില്ലെന്ന് ട്രംപ്

 

വാഷിങ്ടണ്‍: ഡെമോക്രാറ്റുകള്‍ മുന്നോട്ടുവയ്ക്കുന്ന ‘നിയമവിരുദ്ധമായ’ ഇംപീച്ച്‌മെന്റ് അന്വേഷണത്തോട് സഹകരിക്കില്ലെന്ന് ട്രംപ് യു.എസ് ജനപ്രതിനിധിസഭയെ അറിയിച്ചു.
‘നിങ്ങളുടെ അന്വേഷണത്തിന് നിയമാനുസൃതമായ ഭരണഘടനാ അടിത്തറയില്ല, ന്യായത്തിന്റെ കണികപോലുമില്ല, പ്രാഥമികമായ നടപടികള്‍ പാലിച്ചിട്ടില്ല. അതുകൊണ്ട് ഈ അന്വേഷണത്തോട് സഹകരിക്കാന്‍ കഴിയില്ല’ എന്നാണ് ജനപ്രതിനിധിസഭയിലെ ഡെമോക്രാറ്റിക് നേതാക്കള്‍ക്ക് അയച്ച കത്തില്‍ ട്രംപിന്റെ അഭിഭാഷകന്‍ പാറ്റ് സിപോളോണ്‍ വ്യക്തമാക്കിയത്. അതേസമയം, പുതിയ നീക്കത്തോടെ അമേരിക്ക മറ്റൊരു ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ ഇംപീച്ച്‌മെന്റ് അന്വേഷണത്തിന്റെ ഭാഗമായി കോണ്‍ഗ്രസുമായി സംസാരിക്കുന്നതില്‍ നിന്ന് മുതിര്‍ന്ന നയതന്ത്രജ്ഞനെ വൈറ്റ്ഹൗസ് വിലക്കി. യൂറോപ്യന്‍ യൂനിയനിലെ യു.എസ് അംബാസഡറായ ഗോര്‍ദന്‍ സോന്‍ഡ്‌ലാന്റിനെയാണ് തടഞ്ഞത്. ഇദ്ദേഹം നേരത്തെ അന്വേഷണസംഘത്തോടു സഹകരിക്കാമെന്നു പറഞ്ഞിരുന്നു.
ഉക്രൈന്‍ ആരോപണവുമായി ബന്ധപ്പെട്ട പ്രധാന സാക്ഷിയായ ഗോര്‍ദനെ കോണ്‍ഗ്രസിന്റെ ഇംപീച്ച്‌മെന്റ് അന്വേഷണത്തിന് മുന്നില്‍ ഹാജരാക്കുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടം പെട്ടെന്ന് തടഞ്ഞതിന് ശേഷമാണ് എട്ടു പേജുള്ള കത്തുമായി സിപോളോണ്‍ എത്തുന്നത്. അത് വരുംദിവസങ്ങളില്‍ കടുത്ത നിയമപോരാട്ടങ്ങള്‍ക്ക് വഴിതുറന്നേക്കും. നിയമപരമായ വാദത്തിനു പകരം രാഷ്ട്രീയപരമായ ശാസനകളാണ് കത്തിലുടനീളം മുഴച്ചുനില്‍ക്കുന്നത്.
ട്രംപ് ഭരണകൂടം ഇംപീച്ച്‌മെന്റ് അന്വേഷണത്തോട് വേണ്ട രീതിയില്‍ പ്രതികരിക്കുന്നില്ലെന്ന് സഖ്യകക്ഷികളുടെ ഇടയില്‍നിന്നുതന്നെ വിമര്‍ശമുയര്‍ന്നിരുന്നു. യു.എസ് മുന്‍ വൈസ് പ്രസിഡന്റും ഡൊമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ജോ ബൈഡനും മകനുമെതിരേ അന്വേഷണത്തിന് ഉത്തരവിടാന്‍ ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സിക്ക് മേല്‍ ട്രംപ് സമ്മര്‍ദം ചെലുത്തി എന്നാണ് ആരോപണം. ട്രംപിന്റേത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്ന് മുതിര്‍ന്ന ഡൊമോക്രാറ്റിക്ക് നേതാവും ഹൗസ് സ്പീക്കറുമായ നാന്‍സി പെലോസി പറഞ്ഞിരുന്നു. ഉക്രൈന്‍ പ്രസിഡന്റിനെ ട്രംപ് പലതവണ ഫോണില്‍ വിളിച്ചെന്ന് ഒരു വിസില്‍ ബ്ലോവറാണ് വെളിപ്പെടുത്തിയത്. പിന്നീട് ട്രംപിനെതിരേ യു.എസ് രഹസ്യാന്വേഷണ വിഭാഗത്തില്‍ പരാതിയും നല്‍കിയിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുന്നതിനുള്ള നിയമാനുസൃതമായ സമയപരിധി പാലിക്കാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തയാറായില്ല. അതോടെയാണ് ട്രംപ് നടത്തിയ നീക്കങ്ങളെക്കുറിച്ചുള്ള രേഖകള്‍ നല്‍കാന്‍ ഡെമോക്രാറ്റുകള്‍ നിയമപരമായ അധികാരത്തോടെ വൈറ്റ്ഹൗസിനോട് ആവശ്യപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.