2019 February 21 Thursday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ആദ്യ മത്സരം മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലൈസസ്റ്റര്‍ സിറ്റിയും തമ്മില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് രാത്രി 12ന് തുടക്കമാകും. മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലൈസസ്റ്റര്‍ സിറ്റിയും തമ്മിലാണ് ആദ്യ മത്സരം. ഉദ്ഘാടന ദിവസം ഏഴ് മത്സരങ്ങളാണ് നടക്കുന്നത്. പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കാനായി ക്ലബുകള്‍ ഒരുക്കം തുടങ്ങി. കഴിഞ്ഞ സീസണിലെ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആഴ്‌സനലുമായിട്ടാണ് ആദ്യ മത്സരം. അള്‍ജീരിയന്‍ ഫുട്‌ബോള്‍ താരം റിയാദ് മെഹ്‌റസാണ് സിറ്റിയിലെത്തിയ പ്രധാനപ്പെട്ട താരം. 60 മില്യന്‍ യൂറോക്കാണ് മെഹ്‌റസിനെ ലൈസസ്റ്റര്‍ സിറ്റിയില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിച്ചത്.
ആസ്‌ത്രേലിയന്‍ ലോകകപ്പ് താരം അര്‍സാനിയേയും സിറ്റി ടീമിലെത്തിച്ചിട്ടുണ്ട്. സിറ്റിയില്‍ കളിച്ചിരുന്ന താരമായ ബാര്‍ക്കറെ മറ്റൊരു ക്ലബിന് വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്. പുതിയ സീസണിന് വേണ്ടി കാര്യമായി പുതിയ താരങ്ങളെയൊന്നും ടീമിലെത്തിക്കേണ്ടതില്ല എന്നതായിരുന്നു പെപ് ഗാര്‍ഡിയോളയുടെ നിലപാട്. നിലവിലുള്ള താരങ്ങളെ വച്ച് മികച്ച റിസല്‍ട്ടുണ്ടാക്കാന്‍ സാധിക്കുമെന്ന നിലപാടിലായിരുന്നു ഗാര്‍ഡിയോള. സിറ്റിയില്‍ മിഡ്ഫീല്‍ഡറായിരുന്ന റോബര്‍ട്ടിന് വേണ്ടി ഹഡര്‍സ്ഫീല്‍ഡ് താല്‍പര്യം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഡച്ച് ഫുട്‌ബോള്‍ താരം ഫിലിപ്പ് സാന്ദ്രെ, പി. എസ്. ജി താരമായ ക്ലോഡിയോ ഗോമസ് എന്നിവരാണ് പുതുയതായി സിറ്റിയിലെത്തിയിട്ടുള്ളത്.
റെക്കോര്‍ഡ് നേട്ടത്തോടെയായിരുന്നു സിറ്റി കഴിഞ്ഞ വര്‍ഷത്തെ കിരീടം ചൂടിയത്. 100 പോയിന്റ് സ്വന്തമാക്കി കിരീടം നേടുക എന്ന അപൂര്‍വ നേട്ടമായിരുന്നു സിറ്റി നേടിയത്. രണ്ടാം മത്സരത്തില്‍ നാളെ വൈകിട്ട് ആറിന് സതാംപ്ടണും ബേണ്‍ലി എഫ്. സിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. മോശം പ്രകടനത്തെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ നിന്ന് സ്വാന്‍സി സിറ്റി, സ്റ്റോക് സിറ്റി, വെസ്റ്റ് ബ്രോം എന്നീ ടീമുകളെ തരം താഴ്ത്തിയിട്ടുണ്ട്. പുതുതായി കാര്‍ഡിഫ് സിറ്റി, ഫുള്‍ ഹാം, വോള്‍വ്‌സ് എന്നീ ക്ലബുകളാണ് പ്രീമിയര്‍ ലീഗിലേക്കെത്തിയിട്ടുള്ളത്. രണ്ടാം ഡിവിഷനിലെ മികച്ച പ്രകടനം കാരണമാണ് ഈ ടീമുകളെ പ്രീമിയര്‍ ലീഗിലേക്ക് ഉയര്‍ത്തിയത്.
കൂടുതല്‍ പേര്‍ കൂടുമാറിയ ചെല്‍സിക്ക് ആദ്യ മത്സരം ഹഡ്ഡേഴ്‌സ് ഫീല്‍ഡുമായിട്ടാണ്. പുതുതായി എത്തിയ കാര്‍ഡിഫ് സിറ്റിക്ക് ബേണ്‍മൗത്താണ് എതിരാളികള്‍. കെപ അറിസബലാഗയുടെ കീഴില്‍ ചെല്‍സിയുടെ ആദ്യമത്സരമായിരിക്കും നാളെ നടക്കുക. ഞായറാഴ്ചത്തെ മത്സരം കഴിഞ്ഞാല്‍ ആറു ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ മത്സരങ്ങളുള്ളു. പ്രീമിയര്‍ ലീഗിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടഞ്ഞതിനാല്‍ പ്രീമിയര്‍ ലീഗിലെ താരങ്ങളുടെ വിപണനവും അവസാനിച്ചിരിക്കുകയാണ്.
ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മത്സരം ഏറെ ശ്രദ്ധ നേടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം പുതിയ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് പരിശീലകന്‍ മൗറീഞ്ഞോയുടെ വാക്കുകളില്‍ ടീമിലെ അസ്വാരസ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പുതിയ താരങ്ങളെ ടീമിലെത്തിച്ചില്ലെങ്കില്‍ ഒന്നും ചെയ്യാനാകില്ലെന്നായിരുന്ന മൗറീഞ്ഞോയുടെ പ്രതികരണം. മൂന്ന് താരങ്ങളെയെങ്കിലും വേണമെന്ന ആവശ്യവും മൗറീഞ്ഞോ മുന്നോട്ടുവച്ചു. എന്നാല്‍ ഒറ്റ മുന്‍നിര താരം പോലും മാഞ്ചസ്റ്ററിലെത്തിയിട്ടില്ല.
പോള്‍ പോഗ്ബയെ വില്‍ക്കണമെന്ന കാര്യത്തിലും മൗറീഞ്ഞോയും മാനേജ്‌മെന്റും തമ്മില്‍ സംസാരങ്ങള്‍ നടന്നിരുന്നു. എന്നാല്‍ പോഗ്ബയെ ആര്‍ക്കും നല്‍കില്ലെന്ന ഉറപ്പിലായിരുന്നു യുവന്റസില്‍ നിന്ന് റെക്കോര്‍ഡ് തുകക്ക് താരത്തെ മാഞ്ചസ്റ്ററിലെത്തിച്ചത്. മൗറീഞ്ഞോയുമായി സ്വരച്ചേര്‍ച്ചയില്ലാത്തതിനെ തുടര്‍ന്നായിരുന്നു പോള്‍ പോഗ്ബയെ വില്‍ക്കണമെന്ന ആവശ്യം മൗറീഞ്ഞോ മുന്നോട്ട് വച്ചത്. പോഗ്ബ തന്നെ നേരിട്ടെത്തി താന്‍ എവിടേക്കും പോകുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് പോയപ്പോള്‍ പോഗ്ബയെ തിരിച്ചു കൊണ്ട് വന്ന് ടീം ഒന്ന് കൂടി മെച്ചപ്പെടുത്തണമെന്ന തീരുമാനം യുവന്റസിനുണ്ടായിരുന്നെങ്കിലും നടപ്പായില്ല.
ചെല്‍സിയില്‍ നിന്നാണ് കൂടുതല്‍ താരങ്ങള്‍ പോയതും തിരിച്ചെത്തിയതും. റയല്‍ മാഡ്രിഡ് താരമായിരുന്ന ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡറും ചെല്‍സിയിലേക്കെത്തിയ മുന്‍നിര താരങ്ങളില്‍ പെടും. ക്ലോപ്പിന്റെ കീഴില്‍ മത്സരത്തിനെത്തുന്ന ലിവര്‍പൂളിനും പുതിയ സീസണില്‍ കിരീട സാധ്യതകള്‍ കല്‍പ്പിക്കുന്നുണ്ട്. കാരണം, മാനെ, സലാഹ്, കൂട്ടുകെട്ടിലേക്ക് സ്വിറ്റ്‌സര്‍ലന്റ് താരം ശാക്കിരികൂടി എത്തിയതോടെ ലിവര്‍പൂള്‍ ആക്രമണ നിരക്ക് കരുത്ത് കൂടി എന്നാണ് വിശ്വസിക്കുന്നത്. ലോകകപ്പിലെ ടോപ്‌സ്‌കോറര്‍ കളിക്കുന്ന ടോട്ടനവും മികച്ച പ്രകടനം നടത്തുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടും.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.