2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ആ തെരുവില്‍ ബാബുഭായ് വീണ്ടും…

കോഴിക്കോട്: ഡോലകില്‍ താളംപിടിച്ച് ബാബു ശങ്കരന്‍ പാടുമ്പോള്‍ പാട്ടിന്റെ ലയതാളത്തില്‍ ഭാര്യ ലത ഹാര്‍മോണിയം വായിക്കും. സ്‌കൂള്‍വിട്ട് വീട്ടിലേക്കു പോവാതെ അച്ഛനും അമ്മക്കുമൊപ്പം കൈകൊണ്ട് താളമിട്ട് മകനും മകളും ഒപ്പംകൂടും. ആ കോഴിക്കോടന്‍ സായാഹ്നത്തിന്റെ സൗകുമാര്യതയില്‍ പിന്നീട് നഗരം പതിയെ ലയിച്ചുചേരും.
ഇങ്ങനെ ഒരു സുന്ദരമായ സായാഹ്നത്തിലാണ് അധികാരത്തിന്റെ അഹങ്കാര ശബ്ദം പാട്ടിന്റെ ഈണത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയത്. എന്നാല്‍ ബാബുക്ക പാടിനടന്ന തെരുവിലെ ഗാനശബ്ദവീചികളെ പൊതിയുന്ന പൊലിസ് ധാര്‍ഷ്ട്യത്തിനെതിരേ വന്‍ ജനപ്രതിഷേധമാണ് ഇന്നലെ മിഠായിത്തെരുവില്‍ നടന്നത്. ബാബുക്ക പാടിയ പാട്ടും കവിതകളുമായി ഇന്നലത്തെ സായാഹ്നം പ്രതിഷേധം കൊണ്ട് സുന്ദരമാവുകയായിരുന്നു.
തെരുവുഗായകന്‍ ബാബു ശങ്കറിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സഫ്ദര്‍ ഹശ്മി നാട്യസംഘം സംഘടിപ്പിച്ച പ്രതിഷേധത്തെരുവ് പാട്ടിന്റെ ഈണം കൊണ്ട് ശ്രദ്ധേയമാവുകയായിരുന്നു.
കഴിഞ്ഞ ദിവസം മിഠായിത്തെരു കിഡ്‌സണ്‍ കോര്‍ണറില്‍ തെരുവുഗായകന്‍ ബാബു ശങ്കരനോടും കുടുംബത്തോടും പൊലിസുകാരന്‍ പാട്ടു നിര്‍ത്താനാവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 35 വര്‍ഷമായി പാട്ടുപാടിയാണ് ബാബു ശങ്കറും ഭാര്യയും മക്കളുമടങ്ങുന്ന നാലംഗ കുടുംബം ജീവിക്കുന്നത്. ഇന്നലെ വീണ്ടും തെരുവില്‍ ബാബു പാടിയപ്പോള്‍ പ്രതിഷേധത്തിനായി കൂടി നിന്നവര്‍ ആഹ്ലാദനൃത്തം ചവിട്ടി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.