2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ആഹാരം കഴിച്ച് കഷണ്ടിയെ ചെറുക്കാം

ഡോ. സ്‌നേഹാ ജയിംസ് ഹെല്‍ത്ത് സ്‌പെഷലിസ്റ്റ്

 

കഷണ്ടിക്ക് മരുന്നില്ലെന്ന് പഴഞ്ചൊല്ലുണ്ട്. എന്നാല്‍ ഭക്ഷണം കഴിച്ച് കഷണ്ടി തടയാമെന്നത് ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണ്. എല്ലാമല്ല, ചില പ്രത്യേകതരം ആഹാര സാധനങ്ങള്‍ കഷണ്ടിയെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്.
കഷണ്ടി മുതല്‍ക്കൂട്ടായി കാണുന്നവരുണ്ടിന്ന്. എന്നാല്‍ ഭൂരിപക്ഷത്തിനും കഷണ്ടി അസ്വസ്ഥത ഉണ്ടാക്കുന്ന ശാരീരിക പ്രശ്‌നമാണ്. കഷണ്ടി മൂലം മാനസികവ്യഥ അനുഭവിക്കുന്നവരും നമ്മുടെ ചുറ്റുമുണ്ട്.
അനിയന്ത്രിതമായി മുടി നഷ്ടപ്പെടുന്നതാണ് കഷണ്ടിയിലേക്ക് നയിക്കുന്നത്. മുടികൊഴിച്ചില്‍ തടയാനെന്ന പേരില്‍ പല പേരുകളിലുള്ള മരുന്നുകള്‍ വിപണികളില്‍ സുലഭമാണ്. പലരും വാങ്ങി പരീക്ഷണം നടത്തുകയും ചെയ്യുന്നു. എന്നിട്ടും ഫലം കാണാതെ വരുമ്പോഴാണ് മാനസികമായ പ്രയാസമുണ്ടാകുന്നത്. മുടി വച്ചുപിടിപ്പിക്കുന്ന ചികിത്സകളും ഇന്ന് വ്യാപകമായിരിക്കുന്നു. എന്നാല്‍ പ്രായം കൂടുംതോറും കഷണ്ടിക്കുള്ള സാധ്യത പേടിക്കുന്നുണ്ടെങ്കില്‍ ഇനി പറയുന്ന ആഹാര സാധനങ്ങള്‍ കഴിച്ച് അത് തടയാന്‍ ശ്രമിക്കുന്നത് ഉത്തമമാണ്.

 

മുട്ടയും പാലുല്‍പന്നങ്ങളും

മുടി വളരാന്‍ സഹായിക്കുന്ന ഘടകമാണ് വിറ്റാമിന്‍ ബി 7. ബയോട്ടിന്‍ എന്ന പേരിലറിയപ്പെടുന്ന ഈ വിറ്റാമിന്‍ മുട്ടയിലും പാല്‍ ഉല്‍പന്നങ്ങളിലും ധാരാളമായി അടങ്ങിയിരിക്കുന്നു. മുട്ടയിലും പാല്‍, തൈര്, വെണ്ണ, നെയ്യ് എന്നിവയിലും ബയോട്ടിന്‍ അടങ്ങിയിരിക്കുന്നു. മുടി വളരാന്‍ സഹായിക്കുന്ന മറ്റ് പോഷകങ്ങളും ഈ ഉല്‍പന്നങ്ങളില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, വിറ്റാമിന്‍ ബി 12, ഇരുമ്പ്, സിങ്ക്, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ എന്നിവ അവയില്‍ ചിലതാണ്.

 

ഓട്ട്മീല്‍ അത്ഭുതം

ഒരു ചെറുപാത്രത്തില്‍ ഓട്‌സ് കഴിക്കുമ്പോള്‍ നിങ്ങള്‍ അറിയേണ്ടത് കഷണ്ടിയെ ചെറുക്കാനുള്ള ഒരു മരുന്നുകൂടിയാണ് കഴിക്കുന്നതെന്നാണ്. നാരും സിങ്കും ഒമേഗ 6 ഫാറ്റി ആസിഡുകളും പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഓട്‌സില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. മുടി വളരാന്‍ സഹായിക്കുന്ന ബി വിറ്റാമിനുകളുടെ കലവറ കൂടിയാണ് ഓട്‌സ്. രോമകൂപങ്ങളെ ശക്തമാക്കി ബലപ്പെടുത്തുന്ന ബീറ്റ ഗ്ലൂകന്‍ എന്ന ഘടകവും ഓട്‌സില്‍ അടങ്ങിയിരിക്കുന്നു.

 

ബദാമിന്റെ രഹസ്യം

ബദാം പല അസുഖങ്ങള്‍ക്കുമുള്ള മരുന്നാണ്. മുടി വളരാന്‍ സഹായിക്കുന്ന ബയോട്ടിന്‍ ബദാമില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ മുടിയിഴകളുണ്ടാകാന്‍ സഹായിക്കുന്ന മഗ്നീഷ്യവും ബദാമില്‍ അടങ്ങിയിട്ടുണ്ട്. നിരന്തരം ബദാം ഉപയോഗിക്കുന്നതിലൂടെ മുടി തഴച്ചുവളരുന്നതിന് സഹായിക്കും. അതുപോലെ മുടി വളരെ വേഗവും ആരോഗ്യത്തോടെയും വളരുന്നതിനും ബദാം ഏറെ സഹാ.യിക്കും.

 

വാല്‍നട്ട് ഗുണം

വാല്‍നട്ട് ഇന്ന് മിക്ക കടകളിലും സുലഭമാണ്. നമ്മുടെ ആഹാരത്തില്‍ പെട്ടതല്ലെങ്കിലും ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഒമേഗ ഫാറ്റി ആസിഡുകള്‍ വാല്‍നട്ടില്‍ ധാരാളമുണ്ട്. ബയോട്ടിനും അടങ്ങിയിരിക്കുന്നു. മുടികൊഴിച്ചില്‍ തടയുന്നതിനും ഉള്ള മുടിയെ ബലപ്പെടുത്തി സംരക്ഷിക്കുന്നതിനും രോമകൂപങ്ങളെ ശക്തമാക്കുന്നതിനും മുടി വളര്‍ച്ചയെ സഹായിക്കുന്നതിനും വാല്‍നട്ടില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ഉപകാരപ്രദമാണ്. കഷണ്ടിയോടു മല്ലടിക്കുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന കായാണ് വാല്‍നട്ട്.

 

സ്‌ട്രോബറീ

സ്‌ട്രോബറി കഴിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്ന മറുപടിയാണ് പലര്‍ക്കും. ഇതിന്റെ ആരോഗ്യഗുണം അറിഞ്ഞ് കഴിച്ചിട്ടുള്ളവരും വിരളമായിരിക്കും. മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സിലികാ മിനറല്‍ ധാരാളമായി സ്‌ട്രോബറിയില്‍ അടങ്ങിയിരിക്കുന്നു. മുടികൊഴിച്ചിലും മുടി ദുര്‍ബലമായി പൊട്ടിപ്പോകുന്നതും തടയാനുള്ള ഘടകവും സ്‌ട്രോബറിയിലുണ്ട്. എല്ലാജിക് ആസിഡ് എന്ന ഘടകമാണ് മുടി സംരക്ഷിക്കാന്‍ സഹായിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.