2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ആസ്‌ത്രേലിയ മികച്ച നിലയില്‍

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ ആസ്‌ത്രേലിയ മികച്ച സ്‌കോറിലേക്ക്. കിവീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 370ന് മറുപടി പറയാനിറങ്ങിയ ഓസീസ് രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് എന്ന നിലയിലാണ്. കിവീസ് സ്‌കോറിനൊപ്പത്തൊന്‍ സന്ദര്‍ശകര്‍ക്ക് വെറും ഏഴു റണ്‍സ് മാത്രം മതി. കളി അവസാനിക്കുമ്പോള്‍ രണ്ടു റണ്‍സുമായി വോഗ്‌സും നാലു റണ്‍സുമായി ലിയോണുമാണ് ക്രീസില്‍.
നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെയും ഓപണര്‍ ജോ ബേണ്‍സിന്റെയും സെഞ്ച്വറികളാണ് ഓസീസ് ഇന്നിങ്‌സിനു കരുത്തായത്. ബേണ്‍സ് 170ഉം സ്മിത്ത് 138ഉം റണ്‍സ് നേടി.
ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് എന്ന നിലയിലായിരുന്നു ആസ്‌ത്രേലിയ. രണ്ടാം ദിനം തുടക്കത്തില്‍ തന്നെ 24 റണ്‍സെടുത്ത ഖവാജയെ ഓസീസിനു നഷ്ടമായി. തുടര്‍ന്ന് ഒത്തു ചേര്‍ന്ന സ്മിത്തും ബേണ്‍സും ചേര്‍ന്ന് 289 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. സ്മിത്തിന്റെ കരിയറിലെ 14ാം സെഞ്ച്വറിയാണു ക്രൈസ്റ്റ്ചര്‍ച്ചില്‍ പിറന്നത്. കിവീസിനായി ടെന്റ് ബോള്‍ട്ടും വാഗ്നറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനിറങ്ങിയ കിവീസ് വിരമിക്കല്‍ ടെസ്റ്റിനിറങ്ങിയ നായകന്‍ ബ്രണ്ടന്‍ മെക്കല്ലത്തിന്റെ വെടിക്കെട്ടിന്റെ ബലത്തിലാണു ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. 54 പന്തില്‍ നിന്നു സെഞ്ച്വറി നേടിയ മെക്കല്ലം ടെസ്റ്റിലെ അതിവേഗ സെഞ്ച്വറിയുടെ റെക്കോര്‍ഡ് സ്വന്തംപേരിലാക്കി ആദ്യ ദിനം അവിസ്മരണീയമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.