2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

ആസൂത്രണത്തിലെ പിഴവ് വ്യക്തം; ഇടുക്കിയില്‍ അസാധാരണ സാഹചര്യം; പകച്ച് കെ.എസ്.ഇ.ബി

ബാസിത് ഹസന്‍

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ നിന്നു ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും ജലനിരപ്പ് താഴ്ത്താന്‍ കഴിയാത്ത അസാധാരണ സാഹചര്യത്തില്‍ കെ.എസ്.ഇ.ബി പകച്ചുനില്‍ക്കുന്നു. ജലനിരപ്പ് താഴുന്നില്ലെന്ന് മാത്രമല്ല ഉയരുന്ന സാഹചര്യവുമുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ ആസൂത്രണത്തിലെ പിഴവാണ് ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുന്നത്.
2401.70 അടിയാണ് ഇന്നലെ വൈകിട്ട് ആറിന് അണക്കെട്ടിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 2,403 അടിയിലേക്ക് എത്താന്‍ ഇനി കേവലം 1.3 അടി മാത്രം ശേഷിക്കെയാണ് വിഷയത്തിന്റെ ഗൗരവം വ്യക്തമാകുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.32 ന് ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ട്രയല്‍ റണ്‍ എന്ന പേരില്‍ ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ 50 സെ.മീ. ഉയര്‍ത്തിയത്.

എന്നാല്‍ അണക്കെട്ടിലേക്കുണ്ടായ ക്രമാതീതമായ നീരൊഴുക്ക് മൂലം ട്രയല്‍ റണ്‍ ഫുള്‍ റണ്‍ ആക്കുകയായിരുന്നു. വെള്ളമൊഴുക്കിയിട്ടും ഓരോ മണിക്കൂറിലും ജലനിരപ്പ് ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഇന്നലെ രാവിലെ ഒരു ഷട്ടര്‍ കൂടി തുറന്നത്. എന്നാല്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമായതോടെ ഉച്ചയ്ക്ക് 1.45 ഓടെ പടിപടിയായി അഞ്ച് ഷട്ടറുകളും തുറന്ന് വെള്ളം കുത്തിയൊഴുക്കുകയായിരുന്നു.

അഞ്ച് ഷട്ടറുകളും തുറന്ന ശേഷവും വെള്ളം ഉയരുന്ന സ്ഥിതിയാണ് നിലവില്‍. ജലനിരപ്പ് 2403 അടിയിലെത്താതെ അണക്കെട്ട് തുറക്കേണ്ടതില്ലെന്നും വെള്ളം പാഴാക്കിയാല്‍ ബോര്‍ഡിനു കനത്ത നഷ്ടമുണ്ടാകുമെന്നുമായിരുന്നു കെ.എസ്.ഇ.ബി ജനറേഷന്‍ – ഫിനാന്‍സ് വിഭാഗങ്ങളുടെ ആദ്യം മുതലേയുള്ള നിലപാട്.
എന്നാല്‍, അണക്കെട്ടിന്റെയും ജനങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തി, ജലനിരപ്പ് 2397 അടിയിലെത്തുമ്പോള്‍ ഷട്ടര്‍ ഉയര്‍ത്തണമെന്നായിരുന്നു ഡാം സുരക്ഷാ വിഭാഗത്തിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും നിര്‍ദേശം.

ഇതിനിടെ ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ അണക്കെട്ട് സന്ദര്‍ശിച്ച് 2,400 അടിയിലെത്താതെ തുറക്കേണ്ടതില്ലെന്ന് നിര്‍ദേശിച്ചു. അണക്കെട്ട് തുറക്കുന്ന വിഷയത്തില്‍ വൈദ്യുതി ബോര്‍ഡിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഏകോപനമില്ലായ്മയാണ് ഇപ്പോഴത്തെ ഗുരുതര സ്ഥിതി സംജാതമാക്കിയത്.
2408.5 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയെന്നും സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് സംഭരണ പരിധി 2403 അടിയായി നിജപ്പെടുത്തിയിരിക്കുന്നതെന്നുമാണ് ജനറേഷന്‍ വിഭാഗത്തിന്റെ വാദം.

ഫുള്‍ റിസര്‍വോയര്‍ ലെവല്‍ (എഫ്.ആര്‍.എല്‍) താല്‍ക്കാലികമായി 2,400 അടിയില്‍ നിജപ്പെടുത്തുന്നതായി വൈദ്യുതി മന്ത്രി എം.എം. മണി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഷട്ടര്‍ ഉയര്‍ത്തണമെന്ന ശക്തമായ നിലപാടാണ് മന്ത്രി സ്വീകരിച്ചത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.