
മുക്കം: ഇരുകൈകളുമില്ല. കാലിനു സ്വാധീനം നഷ്ടപ്പെട്ടിരിക്കുന്നു. എല്ലാത്തിനും പുറമെ സംസാരശേഷിയും കുറവ്. എന്നിട്ടും പഠിച്ചുമുന്നേറാന്‍ ഉറച്ചുതന്നെയായിരുന്നു അവന്. പഠനത്തിനു സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തു മുതല്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റുവരെ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ ഹൈക്കോടതിയില്‍ തന്നെ മുട്ടിനോക്കി. അതിനു ഫലവും കണ്ടു. എന്നാല്‍, ഭിന്നശേഷിക്കാരനായ ആ എട്ടാം ക്ലാസുകാരന്റെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ ചിറകരിഞ്ഞ് ഒടുവില്‍ സര്‍ക്കാര്‍ തന്നെ വില്ലന്വേഷമണിയുന്നു!
സംസ്ഥാനചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത വിദ്യാഭ്യാസ പോരാട്ടം നടത്തിയ ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിമെന്ന അപൂര്‍വ ഭിന്നശേഷിക്കാരന്റെ സ്വപ്നങ്ങള്‍ എറിഞ്ഞുടക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ തന്നെ നേരിട്ടിറങ്ങിയിരിക്കുകയാണ്. എട്ടാംക്ലാസ് പഠനം മുടങ്ങാതിരിക്കാന്‍ വെളിമണ്ണ മാപ്പിള ഗവണ്മെന്റ് യു.പി സ്കൂള്‍ അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആസിം നടത്തുന്ന നിയമപോരാട്ടത്തിനെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
സ്കൂള്‍ അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യവുമായി ആസിമും പിതാവും കയറിയിറങ്ങാത്ത ഓഫിസുകളില്ല. സമീപിക്കാത്ത ആളുകളില്ല. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വിദ്യാഭ്യാസ മന്ത്രി, ധനമന്ത്രി അടക്കമുള്ള ഭരണകര്‍ത്താക്കളെ ആവശ്യമുന്നയിച്ച് ആസിം സമീപിച്ചിരുന്നെങ്കിലും അനുകൂലമായ നടപടികള്‍ ഒരിടത്തുനിന്നുമുണ്ടായില്ല. തുടര്‍ന്ന് വെളിമണ്ണ യു.പി സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തണമെന്ന ആവശ്യവുമായി ആസിമും സ്കൂള്‍ അപ്ഗ്രഡേഷന് ആക്ഷന്‍ കമ്മിറ്റിയും ഹൈക്കോടതിയില്‍ ഹരജി നല്കി. അങ്ങനെയാണ് കഴിഞ്ഞ മാസം 12നു കോടതി ആസിമിന്റെ സ്വപ്നങ്ങള്‍ക്ക് അനുകൂലമായി വിധി പറഞ്ഞത്. സ്കൂള്‍ അപ്ഗ്രഡേഷനുമായി ബന്ധപ്പെട്ട് അന്ന് 133 ഹരജികള്‍ പരിഗണിച്ചതില്‍ 132ഉം തള്ളിയെങ്കിലും ആസിമിന്റെ ആവശ്യം മാത്രം കോടതി അംഗീകരിക്കുകയായിരുന്നു.
സ്വന്തമായി പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സാധിക്കാത്ത ആസിമിന്റെ ദയനീയാവസ്ഥ കണ്ടറിഞ്ഞായിരുന്നു ഒറ്റ വിദ്യാര്‍ഥിക്കുവേണ്ടി വെളിമണ്ണ സ്കൂള്‍ അപ്ഗ്രേഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഒരാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി അന്നു സര്‍ക്കാരിനു നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവ് വന്ന് ഒരു മാസമായിട്ടും കാര്യമായ നീക്കങ്ങളൊന്നും നടത്താത്ത സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആസിമിന്റെ മോഹങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി ഉത്തരവിനെതിരേ അപ്പീല്‍ സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണു സര്‍ക്കാര്‍ നടപടിയെന്നതില്‍ തന്നെ വലിയ ദുരൂഹതയുണ്ടെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
സര്‍ക്കാര്‍ നീക്കത്തിനെതിരേ ആസിമിന്റെ പിതാവ് സഈദ് യമാനി, വെളിമണ്ണ സ്കൂള്‍ പി.ടി.എ പ്രസിഡന്റ്, സ്കൂള്‍ അപ്ഗ്രഡേഷന് ആക്ഷന്‍ കമ്മിറ്റി വര്‍ക്കിങ് ചെയര്മാന് എന്നിവര്‍ കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. സ്വകാര്യ സ്കൂള്‍ ലോബികളെ സഹായിക്കാനാണു സര്‍ക്കാരിന്റെ നീക്കമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിക്കുന്നു. ആസിമിന്റെ തുടര്‍പഠനം സാധ്യമാകുന്നതുവരെ പ്രക്ഷോഭങ്ങളും സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് അവര്‍ പറഞ്ഞു.