2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആശ്വസിക്കാറായിട്ടില്ല

 

വാഷിങ്ടണ്‍: കൊവിഡ് വ്യാപനം കാരണം ലോകത്ത് വിവിധ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ തുടങ്ങിയെങ്കിലും, ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നു തെളിയിച്ച് കണക്കുകള്‍. കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇത്രയേറെ പ്രതിരോധ സംവിധാനങ്ങളൊരുക്കിയിട്ടും ഇതില്‍ കാര്യമായ കുറവുണ്ടാകുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം മാത്രം ഒരു ലക്ഷത്തിലേറെ പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. കൊവിഡ് വ്യാപനം ആരംഭിച്ചതു മുതല്‍ ഒരു ദിവസം മാത്രം ഒരു ലക്ഷത്തിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക കണക്കനുസരിച്ചാണ് ഇത്.
അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അന്‍പത് ലക്ഷം പിന്നിട്ടു. 51 ലക്ഷത്തിലേറെ പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ 15.93 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍, റഷ്യയില്‍ രോഗികളുടെ എണ്ണം 3.2 ലക്ഷത്തിലേക്ക് അടുത്തു. ബ്രസീലിലും സ്‌പെയിനിലും ബ്രിട്ടനിലും ഇറ്റലിയിലും രണ്ടു ലക്ഷം പിന്നിട്ടു. ഫ്രാന്‍സിലും ജര്‍മനിയിലും രണ്ടു ലക്ഷത്തോട് അടുത്തിട്ടുണ്ട്. തുര്‍ക്കിയില്‍ ഒന്നര ലക്ഷം കവിഞ്ഞപ്പോള്‍, ഇറാന്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ പെറുവിലും ഇന്നലെ രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു.
അതേസമയം, കൊവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 3,30,338 ആയി ഉയര്‍ന്നു. അമേരിക്കയില്‍ മാത്രം മരണസംഖ്യ 95,000 ആയിട്ടുണ്ട്. ബ്രിട്ടനിലും ഇറ്റലിയിലും മുപ്പതിനായിരം പിന്നിട്ടപ്പോള്‍ ഫ്രാന്‍സിലും സ്‌പെയിനിലും മുപ്പതിനായിരത്തിലേക്ക് അടുത്തിട്ടുണ്ട്. ബ്രസീലില്‍ പത്തൊന്‍പതിനായിരത്തോളം പേരാണ് മരിച്ചത്. നിലവില്‍ ബ്രസീലിലാണ് മരണസംഖ്യ വലിയതോതില്‍ വര്‍ധിക്കുന്നത്. മെക്‌സിക്കോയിലും മരണം വര്‍ധിക്കുകയാണ്. ഇന്നലെ മാത്രം 424 പേര്‍ മരിച്ചതോടെ ഇവിടെ മരണസംഖ്യ 6,090 ആയി ഉയര്‍ന്നു.
എന്നാല്‍, ലോകാരോഗ്യ സംഘടന നല്‍കുന്ന ഔദ്യോഗിക കണക്കനുസരിച്ച് 3,21,818 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 48,64,881 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതായും ഔദ്യോഗിക കണക്കില്‍ വ്യക്തമാക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.