2018 June 22 Friday
സ്‌നേഹിക്കുവാന്‍ ത്യജിക്കുക തന്നെ വേണം. ഇത് ലോകത്തിന്റെ മൗലിക സത്യമാണ്
രവീന്ദ്രനാഥ് ടാഗോര്‍

ആശങ്കകള്‍ക്കൊടുവില്‍ മോചനം

സന്‍ആ: ഏറെനാളായി മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരുന്ന അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും അന്ത്യമിട്ടാണ് ഫാദര്‍ ടോം ഉഴുന്നാലില്‍ ഭീകരരുടെ തടവറയില്‍നിന്നു പുറത്തെത്തിയിരിക്കുന്നത്. മാസങ്ങളായി പലതലങ്ങളിലുള്ള നയതന്ത്ര ഇടപെടലുകളുടെ ഫലമാണ് ഒടുവില്‍ വിജയം കണ്ടിരിക്കുന്നത്.
കഴിഞ്ഞ 18 മാസത്തോളമായി പലതരം പ്രചാരണങ്ങളാണു മാധ്യമങ്ങളിലൂടെ ഉഴുന്നാലിനെ കുറിച്ചു പുറത്തുവന്നിരുന്നത്. അദ്ദേഹത്തെ ഭീകരര്‍ വധിച്ചതായും ഇടക്കാലത്ത് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, അത്തരം പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് ടോം നേരിട്ടുതന്നെ വിഡിയോയിലൂടെ രംഗത്തെത്തുകയും ചെയ്തു. തന്റെ മോചനത്തിനായി ക്രിസ്ത്യന്‍സഭയും കേന്ദ്ര സര്‍ക്കാരും ഇടപെടുന്നില്ലെന്ന ആക്ഷേപവുമായി ഒരു ക്രിസ്മസ് ദിനത്തിലാണ് ടോമിന്റെ വിഡിയോ പുറത്തുവന്നത്. ഇതിനുശേഷം ഒരു വിഡിയോ കൂടി അദ്ദേഹത്തിന്റേതായി യൂട്യൂബില്‍ വന്നിരുന്നു.
2016 മാര്‍ച്ച് നാലിന് രാവിലെ എട്ടരയോടെ 80 പേര്‍ താമസിക്കുന്ന ഏദനിലെ മിഷനറിസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ച തോക്കുധാരികളായ ഭീകരര്‍ ആദ്യം അവിടെയുണ്ടായിരുന്ന നാലു കന്യാസ്ത്രീകളെ കൊലപ്പെടുത്തി. അവര്‍ക്കുപുറമെ മറ്റു 12 പേരെയും സംഘം വധിച്ചു. തുടര്‍ന്നാണ് ഭീകരര്‍ ഫാ. ടോമുമായി കടന്നുകളഞ്ഞത്. നാലു കന്യാസ്ത്രീകള്‍, ആറ് എത്യോപ്യക്കാര്‍, യമന്‍കാരായ പാചകക്കാരനും അഞ്ചു കാവല്‍ക്കാരും അടങ്ങുന്നവരെ കൈവിലങ്ങണിയിച്ചശേഷം തലയ്ക്കുനേരെ വെടിയുതിര്‍ത്താണ് ഭീകരര്‍ വകവരുത്തിയത്. ഒരു കന്യാസ്ത്രീ സ്റ്റോര്‍ മുറിയിലെ കതകിനു മറവില്‍ ഒളിച്ചിരുന്നതിനാല്‍ രക്ഷപ്പെട്ടു. ഇവരെ പിന്നീട് സൈന്യം രക്ഷപ്പെടുത്തി.
സംഭവം രാജ്യത്തടക്കം വന്‍ ഞെട്ടലാണു സൃഷ്ടിച്ചത്. തുടര്‍ന്ന് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ മോചനശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. യമനില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനമില്ലാത്തതും പ്രദേശത്തെ നിയന്ത്രണം 10 രാജ്യങ്ങളിലെ സൈന്യത്തിന്റെ കൈകളിലായിരുന്നതും ടോമിന്റെ മോചനം നീളാനിടയാക്കി. ഫാ.ടോം ഉള്‍പ്പെടുന്ന സഭാംഗങ്ങളും സീറോ മലബാര്‍ സഭാ പ്രതിനിധികളും മോചനം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. അതിനിടെ, വത്തിക്കാനും പ്രശ്‌നത്തില്‍ ഇടപെട്ടു.
സലേഷ്യന്‍ സഭാംഗമായ ഫാ. ടോം ഉഴുന്നാലിന് ഏദനിലെ അഗതിമന്ദിരത്തിന്റെ ചുമതലയായിരുന്നു ഉണ്ടായിരുന്നത്. വടുതല ഡോണ്‍ ബോസ്‌കോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സീനിയര്‍ ഡയറക്ടറായി പ്രവര്‍ത്തിച്ച അദ്ദേഹം കര്‍ണാടകയിലെ കോലാറിലും ബംഗളൂരുവിലും സഭയ്ക്കു കീഴില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.