2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ആവേശപ്പോരില്‍ കൊല്‍ക്കത്ത സെമിയില്‍

കൊല്‍ക്കത്ത: നിര്‍ണായക ഐ.പി.എല്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 22 റണ്‍സിന് പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫില്‍ കടന്നു. കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
സ്‌കോര്‍ പിന്തുടര്‍ന്ന ഹൈദരാബാദിന് മികച്ച തുടക്കമല്ല ലഭിച്ചത്. ടോപ് സ്‌കോറര്‍ ഡേവിഡ് വാര്‍ണര്‍(18) പെട്ടെന്ന് പുറത്തായത് ടീമിന് തിരിച്ചടിയായി. ശിഖര്‍ ധവാന്‍(51) മാത്രമാണ് ഹൈദരാബാദ് നിരയില്‍ മികച്ചു നിന്നത്. 30 പന്ത് നേരിട്ട ധവാന്‍ നാലു ബൗണ്ടറിയും മൂന്നു സിക്‌സറും പറത്തി. നമാന്‍ ഓജ(15) ധവാന് പിന്തുണ നല്‍കിയെങ്കിലും കുല്‍ദീപ് യാദവിന്റെ പന്തില്‍ ധവാന്‍ പുറത്തായി.

പിന്നീടെത്തിയവരെല്ലാം നിരാശപ്പെടുത്തി. യുവരാജ് സിങ്(19) കെയ്ന്‍ വില്യംസന്‍(7) ദീപക് ഹൂഡ(7) ഹെന്റിക്‌സ്(11) എന്നിവര്‍ക്ക് മുന്നേറാനായില്ല. നാലോവറില്‍ 26 റണ്‍സിന് മൂന്നു വിക്കറ്റെടുത്ത സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തനിരയില്‍ മികച്ച പ്രകടനം നടത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത യൂസഫ് പഠാന്‍(52*) മനീഷ് പാണ്ഡെ(48) എന്നിവരുടെ മികവിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. യൂസഫ് 34 പന്തില്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സറുമടിച്ചു.

പാണ്ഡെയുടെ ഇന്നിങ്‌സില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറിയുമടിച്ചു. റോബിന്‍ ഉത്തപ്പ(25) ഗൗതം ഗംഭീര്‍(16) എന്നിവര്‍ക്ക് കാര്യമായി മുന്നേറാനായില്ല. മൂന്നിന് 57 എന്ന നിലയില്‍ തകര്‍ന്ന കൊല്‍ക്കത്തയെ 87 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് യൂസഫ്-പാണ്ഡെ സഖ്യം മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. യൂസഫാണ് മത്സരത്തിലെ താരം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.