2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ആവേശപ്പോരില്‍ ആരൊക്കെ?

 

ഒരു മാസത്തിലേറെ നീണ്ട പ്രചാരണ കോലാഹലങ്ങള്‍ക്കു ശേഷം കേരളം നാളെ വിധിയെഴുതും. പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമായതോടെ മുന്നണി പ്രവര്‍ത്തകരെല്ലാം വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ മിക്കയിടത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണ നടന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെ സംസ്ഥാനത്തെ പോര് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടി. ദേശീയ രാഷ്ട്രീയത്തോടൊപ്പം സംസ്ഥാന വിഷയങ്ങളും സജീവ ചര്‍ച്ചയായി. പരസ്യപ്രചാരണം അവസാനിച്ചതോടെ മണ്ഡലങ്ങളുടെ അവസാന ചിത്രം വിലയിരുത്തുകയാണിവിടെ.

തിരുവനന്തപുരം
സംസ്ഥാനത്ത് ത്രികോണ പോരാട്ടത്തിന്റെ എല്ലാ മാസ്മരികതയും തുളുമ്പുന്നത് തിരുവനന്തപുരം മണ്ഡലത്തിലാണ്. മൂന്നു മുന്നണികളും കണക്കുകളെ കൂട്ടുപിടിച്ച് വിജയപ്രതീക്ഷ പുലര്‍ത്തുന്ന ഇവിടെ വോട്ടര്‍മാര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് പ്രവചനാതീതമാണ്. എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി.ജെ.പി. പക്ഷേ ന്യൂനപക്ഷ കേന്ദ്രീകരണവും പരമ്പരാഗത വോട്ടുകള്‍ക്കുമൊപ്പം ഇടതു മുന്നണിയില്‍നിന്നു ചോരുന്ന വോട്ടുകളും ചേര്‍ത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച് ഹാട്രിക് ജയം സ്വന്തമാക്കാനാകുമെന്ന ഉറച്ച വിശ്വാസം ശശി തരൂരിനും കോണ്‍ഗ്രസിനുമുണ്ട്.

ആറ്റിങ്ങല്‍
നിലവിലെ എം.പിയായ സമ്പത്തിനോട് അടൂര്‍ പ്രകാശ് ഏറ്റുമുട്ടാനെത്തിയതോടെ പോരാട്ടത്തിന് കൂടുതല്‍ വീറും വാശിയും കൈവരുകയായിരുന്നു. എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്‍ എത്തിയത് പോരാട്ടം കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്. എല്ലാ അഭിപ്രായ സര്‍വേകളിലും ഇടതു മുന്നണിക്കുതന്നെയാണ് വിജയം പ്രവചിച്ചിരിക്കുന്നത്. പക്ഷേ, ശബരിമല വിഷയത്തിലും മണ്ഡലത്തിലെ ഈഴവ വോട്ടര്‍മാരുടെ മനസിലും പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന യു.ഡി.എഫിനും വിജയപ്രതീക്ഷയാണുള്ളത്.

കൊല്ലം

എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കൊല്ലത്ത്. രാഷ്ട്രീയ ആരോപണങ്ങള്‍ ഒന്നൊന്നായി ഉയര്‍ന്ന മണ്ഡലത്തില്‍ സാമുദായിക പരമായ അടിയൊഴുക്കുകള്‍ വിധി നിര്‍ണയിക്കും. സി.പി.എമ്മിന്റെ സംഘടനാ സംവിധാനവും പ്രേമചന്ദ്രന്റെ സ്വീകാര്യതയുമാണ് മണ്ഡലത്തില്‍ മാറ്റുരയ്ക്കുന്നത്. ഇടതു ശക്തി കേന്ദ്രങ്ങളില്‍ പോലും വിള്ളലുണ്ടാക്കാന്‍ പ്രേമചന്ദ്രന്റെ ഒറ്റയാള്‍ പോരാട്ടത്തിന് സാധിക്കുമെന്നുള്ള വിലയിരുത്തലാണ് പൊതുവെയുള്ളത്. എന്നാല്‍, കോണ്‍ഗ്രസ് പാളയത്തില്‍ വിള്ളലുണ്ടാക്കി വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനും ഇടതു ബുദ്ധി കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്.

മാവേലിക്കര

മാവേലിക്കരയിലെ മത്സരം ജി. സുകുമാരന്‍നായരും ആര്‍. ബാലകൃഷ്ണപിള്ളയും തമ്മിലാണ്. തമാശയായി മണ്ഡലത്തില്‍ പറഞ്ഞു കേള്‍ക്കുന്നതാണിത്. ഒരു പരിധിവരെ ഇതു ശരിയുമാണ്. എന്‍.എസ്.എസ് നിലപാടിനെ തള്ളി ബാലകൃഷ്ണപിള്ള ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫിനും സി.പി.എമ്മിനും ഒപ്പം നിന്നു. കൊട്ടാരക്കര ഉള്‍പ്പെടുന്ന മാവേലിക്കരയില്‍ പിള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന് വേണ്ടി രംഗത്തുണ്ട്. പിള്ളയുടെ ഈ നിലപാട് ഗുണം ചെയ്തത് യു.ഡി.എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിനാണ്. വികസനവും വിശ്വാസവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംവരണ മണ്ഡലമാണ് മാവേലിക്കര.

പത്തനംതിട്ട
ജനകീയ വിഷയങ്ങളെ നിഷ്പ്രഭമാക്കി ശബരിമലയെ അച്ചുതണ്ടാക്കിയുള്ള പ്രചാരണം കൊട്ടിക്കയറിയപ്പോള്‍ പത്തനംതിട്ട മണ്ഡലത്തില്‍ ത്രികോണപോരാട്ടം ശക്തമായി. യു.ഡി.എഫിനായി സിറ്റിങ് എം.പി ആന്റോ ആന്റണി, എല്‍.ഡി.എഫിനായി ആറന്മുള എം.എല്‍.എ വീണ ജോര്‍ജ്, എന്‍.ഡി.എയ്ക്കായി ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവരാണ് ജനവിധി തേടുന്നത്. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീ വോട്ടുകള്‍ നഷ്ടപ്പെട്ടേക്കാമെന്ന ആശങ്കയിലാണ് എല്‍.ഡി.എഫ്. ശബരിമല വിഷയം കത്തിക്കാന്‍ അമിത്ഷാ വരെ വന്നിട്ടും ബി.ജെ.പിക്കുള്ളിലെ വിഭാഗീയതയാണ് മണ്ഡലത്തില്‍ എന്‍.ഡി.എ നേരിടുന്ന പ്രധാന വെല്ലുവിളി.

കോട്ടയം

പ്രതികൂല ഘടകങ്ങളുമായാണ് ചാഴികാടന്‍ കളത്തിലിറങ്ങിയതെങ്കിലും വ്യക്തിപരമായുള്ള മികച്ച പ്രതിഛായ അദ്ദേഹത്തിന് മണ്ഡലത്തില്‍ നല്ല സ്വീകാര്യത നേടിക്കൊടുത്തു. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എന്‍ വാസവന്‍ പ്രചാരണത്തില്‍ വ്യക്തമായ മുന്‍തൂക്കം നേടിയിരുന്നു. എന്നാല്‍ വോട്ടര്‍മാരുടെ മനം കവരാനും അനുകൂല തരംഗമുയര്‍ത്താനും വാസവന് കഴിഞ്ഞിട്ടില്ല.
വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാതെയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി പി.സി തോമസ് കളത്തിലിറങ്ങിയതെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.

ആലപ്പുഴ
ഇരുമുന്നണികള്‍ക്കും പോരാട്ടം അഭിമാനത്തിന്റേതാണ്. പ്രചാരണത്തിന്റെ ആദ്യലാപ്പില്‍ തുഴയെറിഞ്ഞു മുന്നേറിയത് ഇടതുമുന്നണി സ്ഥാനാര്‍ഥി എ.എം ആരിഫ്. എന്നാല്‍, പ്രചാരണത്തിന്റെ അവസാനലാപ്പും കടന്ന് വോട്ടിങ് യന്ത്രത്തിന്റെ ബട്ടണിലേക്ക് ചൂണ്ടു വിരല്‍ നീളാന്‍ മണിക്കൂറുകള്‍ ശേഷിക്കേ യു.ഡി.എഫ് ഷാനിമോള്‍ ഉസ്മാനിലൂടെ ഒരു തുഴ അകലത്തില്‍ മുന്നേറി. വോട്ട് വിഹിതം വര്‍ധനക്ക് അപ്പുറം വിജയം മോഹിച്ച് എന്‍.ഡി.എ ഡോ. കെ.എസ് രാധാകൃഷ്ണനിലൂടെ അവസാനനിമിഷം സജീവമായി.
ദേശീയ രാഷ്ട്രീയം മുന്‍നിര്‍ത്തിയുള്ള ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യു.ഡി.എഫിന് അനുകൂലമാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ മേധാവിത്വം തന്നെയാണ് വിജയം ഉറപ്പെന്ന എല്‍.ഡി.എഫ് വാദത്തിന്റെ കാതല്‍.

ഇടുക്കി
സിറ്റിങ് എം.പി എല്‍.ഡി.എഫിലെ ജോയ്‌സ് ജോര്‍ജിന് അത്ര എളുപ്പമല്ല കാര്യങ്ങള്‍ എന്ന് സി.പി.എം നേതാക്കള്‍ പോലും സമ്മതിക്കുന്നു. യു.ഡി.എഫില്‍ ഒരുകാലത്തും ഉണ്ടാകാത്ത ഐക്യവും കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫിന്റെ നേതൃത്വവും കൂടുതല്‍ വോട്ട് പെട്ടിയിലാക്കാന്‍ സഹായകരമാകും.
ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ രാഷ്ട്രീയേതര വോട്ടര്‍മാര്‍ കണ്‍ഫ്യൂഷനിലാണ്. ഏത് ചിഹനത്തില്‍ വിരലമര്‍ത്തണം. എന്‍.ഡി.എ യ്ക്കു വേണ്ടി ബി.ഡി.ജെ.എസിന്റെ ബിജു കൃഷ്ണന്‍ രംഗത്തുണ്ടെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കുന്നില്ല.

എറണാകുളം

സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തന്നെ ശ്രദ്ധേയമായ മണ്ഡലത്തില്‍ എറണാകുളം എം.എല്‍.എയും യുവനേതാവുമായ ഹൈബി ഈഡനും മുന്‍ രാജ്യസഭാംഗമായ സി.പി.എം നേതാവ് പി. രാജീവും തമ്മിലാണ് പ്രധാന മത്സരം. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ രംഗത്തിറക്കി ബി.ജെ.പിയും മത്സര രംഗത്തുണ്ടെങ്കിലും ശക്തി തെളിയിക്കുക എന്നതിനപ്പുറം എന്‍.ഡി.എയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. യു.ഡി.എഫ് സ്വാധീനമുള്ള മണ്ഡലത്തില്‍ സ്വതന്ത്രരെ ഇറക്കി നേട്ടം കൊയ്തിട്ടുള്ള എല്‍.ഡി.എഫ് സ്വന്തം ചിഹ്നത്തില്‍ ഇത്തവണ രാജീവിനെ സ്ഥാനാര്‍ഥിയാക്കിയത് രാജ്യസഭ എം.പി എന്ന നിലയിലെ പ്രവര്‍ത്തനം ചൂണ്ടി കാട്ടിയാണ്. എന്നാല്‍ എം.എല്‍.എ എന്ന നിലയില്‍ നടത്തുന്ന പ്രവര്‍ത്തനം എന്നതിനപ്പുറം പിതാവ് മുന്‍ എം.പി ജോര്‍ജ് ഈഡന്റെ പിന്‍ഗാമി എന്നത് കൂടുതല്‍ സ്വീകാര്യത നല്‍കുകയാണ്.

ചാലക്കുടി
ചാലക്കുടിയില്‍ പ്രചാരണം അവസാനിച്ചപ്പോള്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. ആദ്യം പിന്നില്‍ നിന്നിരുന്നെങ്കിലും യു.ഡി.എഫ് പ്രചാരണ രംഗത്ത് എല്‍.ഡി.എഫിന് ഒപ്പമെത്തിയിരുന്നു അവസാന ലാപ്പില്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രചാരണത്തിനിടക്ക് അസുഖ ബാധിതനായത് പിന്നോട്ടടിക്കുമെന്ന് കരുതിയെങ്കിലും പ്രചാരണം മികച്ചതായി. ഇന്നസെന്റിന്റെ സ്ഥാനാര്‍ഥിത്വം തുടക്കത്തില്‍ സി.പി.എമ്മില്‍ കല്ലുകടിയുണ്ടാക്കിയെങ്കിലും പ്രചാരണരംഗത്ത് അത് പ്രകടമാക്കാതിരിക്കാന്‍ സാധിച്ചത് നേട്ടമായി.

തൃശൂര്‍
സാംസ്‌കാരിക തലസ്ഥാനത്ത് ഇത്തവണ ജയം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് മണ്ഡല ചിത്രം വ്യക്തമാക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി എത്തിയതോടെ ഏതാണ്ട് ത്രികോണ മത്സരത്തിന്റെ പ്രതീതി തന്നെ സൃഷ്ടിച്ചിരുന്നു.
മുന്നാക്ക വിഭാഗത്തിന്റെ വോട്ടുകള്‍ സുരേഷ് ഗോപി പിടിച്ചാല്‍ ടി.എന്‍ പ്രതാപന് തിരിച്ചടി നേരിടുമെന്നായിരുന്നു ഇടത് മുന്നണിയുടെ പ്രതീക്ഷ. എന്നാല്‍, തീവ്ര നിലപാടുകളുമായി സുരേഷ് ഗോപി പ്രചാരണം ആരംഭിച്ചതോടെ ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണ കൂടുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് അനുകൂലമാകുന്നതാണ് കണ്ടത്.

പാലക്കാട്
അവസാനനിമിഷത്തെ ചില അടിയൊഴുക്കുകളില്‍ മുന്നണികളും സ്ഥാനാര്‍ഥികളും പ്രതീക്ഷയിലും ആശങ്കയിലുമാണുള്ളത്. ഏറെക്കാലം ഇടത്തോട്ട് ചാഞ്ഞുനിന്ന മണ്ഡലത്തില്‍ ഇത്തവണ മാറ്റം വരുമെന്ന തരത്തിലാണ് അവസാന നിമിഷങ്ങളിലെ അടിയൊഴുക്കുകള്‍. വിജയസാധ്യതയുളള മണ്ഡലമെന്ന് ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം വിലയിരുത്തിയ മണ്ഡലമാണ് പാലക്കാട്. മുസ്‌ലിം വോട്ടുകള്‍ പരമാവധി യു.ഡി.എഫ് പെട്ടിയിലാക്കുമെന്നാണ് കരുതുന്നത്.

ആലത്തൂര്‍
വിവാദങ്ങളിലൂടെ ശ്രദ്ധേയമായ മണ്ഡലമാണ് ആലത്തൂര്‍. ആലത്തൂരിലെ വോട്ടര്‍മാരില്‍ നല്ലൊരു വിഭാഗം ഇത്തവണ മാറ്റത്തിനുള്ള വോട്ടിനെക്കുറിച്ചാണ് ചിന്തിക്കുന്നത്്.
തുടക്കം മുതല്‍ അടിത്തട്ടില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ള എല്‍.ഡി.എഫിന് ബിജു ഹാട്രിക് വിജയമുറപ്പിക്കുമെന്ന വിശ്വാസവുമുണ്ട്. വളരെ വൈകിയെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് അവസാന ദിവസങ്ങളില്‍ തകര്‍ത്ത പ്രചാരണമാണ് കാഴ്ചവച്ചത്.

പൊന്നാനി
ഇരുമുന്നണികളും ശക്തമായ പ്രചാരണം കാഴ്ചവച്ചെങ്കിലും ലീഗിന്റെ പൊന്നാനിക്കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ ഇടതുപക്ഷത്തിനാവില്ലെന്ന് എല്‍.ഡി.എഫ് അനുഭാവികള്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. എക്കാലവും ലീഗിനെ തുണച്ച പാരമ്പര്യമുള്ള മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിനെതിരേ പി.വി അന്‍വറിനെയാണ് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയിട്ടുള്ളത്. സ്ഥാനാര്‍ഥിക്കെതിരേയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാന്‍ എല്‍.ഡി.എഫിന് പാടുപെടേണ്ടി വന്നു.

മലപ്പുറം
എക്‌സിറ്റ്‌പോളുകളില്‍ പോലും എതിരഭിപ്രായമില്ലാത്ത മലപ്പുറത്ത് ഇത്തവണയും മാറ്റമൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നാണ് അവസാനഘട്ട വിലയിരുത്തല്‍. മണ്ഡല പുനര്‍ നിര്‍ണയത്തിനു ശേഷം ഒരിക്കല്‍ പോലും യു.ഡി.എഫിന് കാലിടറാത്ത മണ്ഡലത്തില്‍ ഇത്തവണയും പച്ചക്കൊടി പാറും. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം മാത്രം ചര്‍ച്ചയാവുന്ന മണ്ഡലത്തില്‍ ശക്തമായ പോരാട്ടത്തിലൂടെ ലീഗ് മേല്‍ക്കോയ്മക്ക് മൂക്കുകയറിടാനാണ് തുടക്കം മുതല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശ്രമിച്ചത്. എന്നാല്‍ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലും യു.ഡി.എഫിന് വ്യക്തമായ മേല്‍ക്കൈ നേടാനായി.

വയനാട്
പ്രതീക്ഷയുടെ തുരുത്തായി മാറിയിരിക്കുകയാണ് വയനാട് മണ്ഡലമിപ്പോള്‍. അത് യു.ഡി.എഫിന് വിജയമാണെങ്കില്‍ എല്‍.ഡി.എഫിന് അവരുടെ വിജയത്തിന്റെ തിളക്കം കുറക്കലാണ്. ചുരത്തിന് മുകളിലേക്ക് മാലോകര്‍ കണ്ണുനട്ടിരിക്കുന്നത് ഭൂരിപക്ഷം റെക്കോര്‍ഡിലെത്തുമോ എന്ന് നോക്കിയാണ്. കോണ്‍ഗ്രസിനായി ഏറ്റവും ശക്തനായ സ്ഥാനാര്‍ഥി തന്നെ കളത്തിലിറങ്ങിയതോടെ നാട്ടിന്‍പുറങ്ങളില്‍ പോലും ചര്‍ച്ച ഭൂരിപക്ഷം എത്രയെന്ന് മാത്രമായി ചുരുങ്ങിയിട്ടുണ്ട്.

കോഴിക്കോട്
ലോക്‌സഭയിലേക്ക് യു.ഡി.എഫിനെ തുണയ്ക്കുന്ന കോഴിക്കോട് മണ്ഡലത്തില്‍ പ്രചാരണത്തില്‍ മേല്‍ക്കൈ നേടി യു.ഡി.എഫ്. സ്ഥാനാര്‍ഥി നിര്‍ണയ പ്രഖ്യാപനത്തിന് മുന്‍പു തന്നെ തുടര്‍ച്ചയായി രണ്ടുതവണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ പ്രചാരണം തുടങ്ങിയിരുന്നു. ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള പ്രദേശങ്ങളാണ് മണ്ഡലത്തിലുള്ളത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം യു.ഡി.എഫിനൊപ്പമാണ് നില്‍ക്കാറുള്ളത്. ഇത്തവണയും മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫ് ക്യാംപില്‍ നിന്നുള്ളത്.

വടകര

കെ.മുരളീധരനും പി.ജയരാജനും തമ്മിലുള്ള ഏറ്റുമുട്ടലിലൂടെ സംസ്ഥാനത്തെ ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നായി വടകര മാറിക്കഴിഞ്ഞു.യു.ഡി.എഫ് സ്ഥാനാര്‍ഥിയായി അപ്രതീക്ഷിതമായി എത്തിയ കെ. മുരളീധരന്‍ കൊലപാതക രാഷ്ട്രീയത്തിനെതിരേ നടത്തിയ ചാട്ടുളി പ്രചാരണത്തിലൂടെ എല്‍.ഡി.എഫിനെ പ്രതിരോധത്തിലാക്കി. കണക്കില്‍ യു.ഡി.എഫിന് ആശ്വാസത്തിന് വകയുണ്ട്. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി അഡ്വ. വി.കെ സജീവനും ശബരിമല സാന്നിധ്യമറിയിച്ച് മണ്ഡലത്തിലുണ്ട്.

കണ്ണൂര്‍
ശക്തമായ പോരാട്ടത്തിനു സാക്ഷിയായ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഇരുമുന്നണികളും വിജയപ്രതീക്ഷയില്‍. ഇക്കുറി അടിയൊഴുക്കുകള്‍ നിര്‍ണായകമായ മണ്ഡലം കൂടിയാണു കണ്ണൂര്‍. കോണ്‍ഗ്രസിലെ കെ. സുധാകരനും സി.പി.എമ്മിലെ പി.കെ ശ്രീമതിയും നേരിട്ടു പോരാട്ടം നയിക്കുന്ന കണ്ണൂരില്‍ പ്രാദേശിക തലത്തിലടക്കം ശക്തമായ പ്രചാരണങ്ങളാണു മുന്നണികള്‍ അഴിച്ചുവിട്ടത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ തന്നെയാണു യു.ഡി.എഫിന്റെ മുഖ്യപ്രചാരണം. പ്രചാരണം അവസാനിച്ചപ്പോള്‍ ഇതെല്ലാം സുധാകരനു മുന്‍തൂക്കം നല്‍കുന്നുണ്ട്.

കാസര്‍കോട്
സ്ഥാനാര്‍ഥികളുടെ വോട്ടോട്ടം അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിധി നിര്‍ണയിക്കുക ശക്തമായ അടിയൊഴുക്കുകള്‍. അതുകൊണ്ടു തന്നെ പ്രവചനാതീതമാണ് കാസര്‍കോട് മണ്ഡലത്തിലെ വിധി നിര്‍ണയം. യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നിലവില്‍ മണ്ഡലത്തില്‍ നടക്കുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനാര്‍ഥിയായെത്തിയത് യു.ഡി.എഫിന് വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ പരമാവധി ശേഖരിക്കുന്നതിനൊപ്പം തന്നെ ദുര്‍ബലനായ എന്‍.ഡി.എ സ്ഥാനാര്‍ഥിയ്ക്ക് മണ്ഡലത്തിന്റെ വടക്കന്‍ മേഖലയില്‍ നഷ്ടമാവുന്ന വോട്ടുകളുടെ അടിയൊഴുക്കുമാണ് യു.ഡി.എഫിന് പ്രതീക്ഷ നല്‍കുന്ന ഘടകം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News