2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ആള്‍ദൈവങ്ങള്‍ക്കും സ്വന്തം നാട്

അത്ഭുത സി.ഡികള്‍ കാട്ടിയും കൂടോത്രം പ്രയോഗിച്ചും ജനങ്ങളെ കബളിപ്പിക്കുന്ന രീതി പലപ്പോഴായി നമുക്കു കേട്ടറിവുള്ളതാണ്. ദൈവത്തിന്റെ പ്രതിപുരുഷന്‍ എന്നോ അവതാര രൂപം എന്നൊക്കെയുള്ള അവകാശവാദങ്ങളില്‍ വളരെയേറെ പാവപ്പെട്ടവരാണ് വീണുപോകുന്നത്. രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്‍ബലം കൂടി ഇവര്‍ക്കു ലഭിക്കുന്നതോടെ ഇത്തരക്കാര്‍ ലക്ഷപ്രഭുക്കളും കോടീശ്വരന്മാരുമായി വളരുകയും ചെയ്യുന്നു. സര്‍ക്കാരുകളെ പോലും കബളിപ്പിച്ച് അനധികൃതമായി ഭൂമി കൈയേറി അവര്‍ മഠങ്ങളും ആശ്രമങ്ങളും സ്ഥാപിക്കുന്നു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ രാം യാദവ് എന്ന ഒരു കക്ഷി ആശുപത്രി സ്ഥാപിക്കാനെന്ന പേരില്‍ 260 ഏക്കറാണത്രെ കൈയിലാക്കിയത്.

 

എന്‍. അബു

 

ലൈംഗിക കുറ്റത്തിനു സ്വാമി അസാറാം ബാപ്പുവിനു ജോധ്പൂര്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇതോടെ ആള്‍ദൈവങ്ങളെന്നു സ്വയം പ്രഖ്യാപിച്ചു നടക്കുന്ന വ്യാജ സിദ്ധന്മാരുടെ നീണ്ട പട്ടിക തന്നെ സന്യാസി സഭയായ അഖില ഭാരതീയ അഖാഢ പരിഷത്ത് പുറത്തിറക്കി. ഇതുകൊണ്ട് തീരുമോ ആത്മീയരംഗം മറയാക്കിയുള്ള ലൈംഗിക അരാജകത്വം?
സ്വാമി അസാറാം ബാപ്പു, മകന്‍ നാരായണന്‍ സായി, ഗുരു സച്ചിദാനന്ദ ഗിരി, ആചാര്യ ഗുര്‍മിത് റാം റഹിം സിങ്, സ്വാമി നിര്‍മല്‍ ബാബ, ഗുരുഹരി ഭീമാനന്ദ്, സ്വാമി അസീമാനന്ദ രാപാല്‍, ആചാര്യ കുഷ്മുനി, ബ്രഹ്മസ്പതി ഗിരി, ആചാര്യ മല്‍ഖന്‍ സിങ്, ഗുരു വീരേന്ദ്ര ദീക്ഷിത്, സച്ചിദാനന്ദ സരസ്വതി, സ്വയംഭൂ മഹാമണ്ഡലേശ്വരി, ആചാര്യ ഫലഹരിബാബ.
സന്യാസിമാരുടെ ആധികാരിക സംഘടനയായ അഖില ഭാരതീയ അഖാഢ പരിഷത്ത് പുറത്തിറക്കിയ പട്ടികയിലാണ് ഈ പേരുകളൊക്കെ പറയുന്നത്. ഔദ്യോഗികമായി തന്നെ സന്യാസിസഭ പ്രഖ്യാപിച്ച ആ പ്രസ്താവനയില്‍ പറയുന്നത് മുകളില്‍ പറഞ്ഞവരാരും തന്നെ സന്യാസിമാരോ സാധുക്കളോ അല്ലെന്നാണ്. അവര്‍ സ്വയം പ്രഖ്യാപിതരായ ആത്മീയ നേതാക്കളായ ചൂഷകരാണ്. സാമ്പ്രദായികമായി ആവരാരും തന്നെ സന്യാസ ദീക്ഷ സ്വീകരിച്ചവരുമല്ല.
അഖാഢ പരിഷത്തിന്റെ ഈ പ്രസ്താവന സ്വാഗതാര്‍ഹമാണ്. എന്നാല്‍ രാജസ്ഥാനില്‍ ജോധ്പൂരിലെ തന്റെ ആശ്രമത്തില്‍ ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ തുടര്‍ച്ചയായി മാനഭംഗപ്പെടുത്തി എന്ന കേസില്‍ സ്വാമി അസാറാം ബാപ്പുവിനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച ശേഷം മാത്രമാണ് സന്യാസി സഭയുടെ ഈ കൈകഴുകല്‍ പ്രസ്താവന എന്നത് ഖേദകരമത്രെ. വലിയ ഭീഷണികള്‍ക്കിടയിലും ഇത്തരമൊരു വിധി പ്രഖ്യാപിച്ച സ്‌പെഷ്യല്‍ കോടതി ജഡ്ജി മധുസൂദന്‍ ശര്‍മയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ജീവപര്യന്തം തടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയും കോടതി പ്രഖ്യാപിച്ചു.
ഇപ്പോള്‍ തന്നെ ഇത്തരത്തില്‍ മറ്റൊരു കേസില്‍ നാലു വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന അസാറാമിനെതിരെ ഈ കേസിന്റെ വിധി ഉണ്ടായത് ജയിലിനകത്തും പുറത്തും വമ്പിച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു. പതിനാറു വയസായ പെണ്‍ുകുട്ടി ആരോപണത്തില്‍ ഉറച്ചു നിന്നതാണ് കേസിന്റെ വിജയത്തിനാസ്പദമായ ഘടകം. കേസന്വേഷിച്ച ഡപ്യൂട്ടി പൊലിസ് കമ്മിഷണര്‍ അജയ്പാല്‍ ലംബക്ക് രണ്ടായിരം ഭീഷണിക്കത്തുകളാണത്രെ ലഭിച്ചത്. നൂറുകണക്കിനു ഫോണ്‍ കോളുകള്‍ കൂടി വന്നതോടെ, താന്‍ ഭാര്യയെ പുറത്തേക്കയക്കുന്നതും മകളെ സ്‌കൂളിലേക്കയക്കുന്നതും തന്നെ നിര്‍ത്തി എന്നാണദ്ദേഹം പറഞ്ഞത്.
ഗുജറാത്തില്‍ സബര്‍മതി തീരത്ത് ഒരു ചെറിയ കുടീരവുമായി തുടങ്ങിയ ആളാണ് അസാറാം. നാലു പതിറ്റാണ്ടുകൊണ്ട് പതിനായിരം കോടി രൂപയുടെ ഒരു സാമ്രാജ്യവും 425 ആശ്രമങ്ങളും രണ്ടുകോടി അനുയായികളെ സൃഷ്ടിക്കാനും ഈ 77കാരനു സാധിച്ചു. മണിനഗറില്‍ നാലാം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് മോക്ഷമാര്‍ഗത്തിലിറങ്ങിയ അസാറാം പക്ഷെ ബ്രഹ്മജ്ഞാനി ആണെന്നതിനാല്‍ ലൈംഗികം ഒരു കുറ്റമല്ലെന്ന് പറയുന്ന ഒരു ആരാധകനേയും ആയിടക്കു കിട്ടി. സെപ്തംബര്‍ ഒന്നിനു നേരത്തെ അസാറാമിനെ അറസ്റ്റ് ചെയ്തപ്പോള്‍ ലൈംഗിക ശേഷിയില്ല എന്ന വാദവുമായി രക്ഷപ്പെടാനാണ് ആദ്യ ശ്രമമുണ്ടായത്. എന്നാല്‍ വൈദ്യപരിശോധനയില്‍ ഇത് തെറ്റാണെന്നു തെളിഞ്ഞു.
2013 മുതല്‍ മാനഭംഗക്കേസില്‍ ജയിലില്‍ കഴിയവേയാണ് അസാറാം ബാപ്പുവിനെതിരെ വീണ്ടും കേസ് വരുന്നത്. കേസ് വിചാരണക്കിടയില്‍ മൂന്നു സാക്ഷികള്‍ ദുരൂഹമായി മരണപ്പെടുകയും ചെയ്തു. അസാറാമിന്റെ ആയുര്‍വേദ ആശുപത്രി ഡോക്ടറായ അമൃത് പ്രജാപതി ആശുപത്രിയില്‍ മരിച്ചപ്പോള്‍ ആശ്രമത്തിലെ വിശ്വസ്ത ശിഷ്യനായിരുന്ന അഖില്‍ ഗുപ്ത, എല്‍.ഐ.സി ഏജന്റായിരുന്ന കൃപാല്‍സിങ് എന്നിവര്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. തന്നില്‍ വിശ്വാസമര്‍പ്പിച്ചവരെയെല്ലാം ആഴത്തില്‍ മുറിവേല്‍പിച്ച അസാറാം സന്യാസിവര്യന്മാര്‍ക്കൊക്കെയും അപമാനമുണ്ടാക്കിയെന്നു വിധിന്യായത്തില്‍ ജഡ്ജി മധുസൂദന്‍ ശര്‍മ പറഞ്ഞു.
അസാറാമിനു ഇത്ര കടുത്ത ശിക്ഷ വിധിക്കപ്പെടുമെന്നു പ്രതീക്ഷിക്കാതിരുന്ന രാജ്സ്ഥാന്‍ ഭരണകൂടത്തെക്കൂടി ഞെട്ടിച്ചുകൊണ്ടായിരുന്നു ജോധ്പൂര്‍ സെഷന്‍സ് കോടതിയുടെ വിധി. അതു കഴിഞ്ഞ് ഒരാഴ്ചയായപ്പോള്‍ ജഡ്ജി മധുസൂദന്‍ ശര്‍മയെ രാജസ്ഥാന്‍ നിയമ മന്ത്രാലയത്തില്‍ ലോ സെക്രട്ടറിയായി സ്ഥലം മാറ്റുകയും ചെയ്തു. താന്‍ ഈ കേസില്‍ കുറ്റവിമുക്തനായി പുറത്തുവരുമെന്നു വിധിക്കു ശേഷം അസാറാം തന്നെ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ അയാള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വന്‍ ലോബി ഇപ്പോഴും സജീവമാണെന്നാണ് തെളിയുന്നത്.
നേരത്തെ അസാറാമിനു അനുകൂലമായ നിലപാടെടുത്ത് അദ്ദേഹത്തിനു വേണ്ടി കോടതിയില്‍ താന്‍ ഹാജരാവുമെന്നു പറഞ്ഞ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി അതില്‍ നിന്നു തഞ്ചത്തില്‍ പിന്മാറിയെങ്കിലും ഒരു മുന്‍ ഐ.പി.എസ് ഓഫീസറായ ഡി.ജി വന്‍സാര അസാറാമിനോട് ഒപ്പം ചേര്‍ന്നു നിന്നു. ജോധ്പൂര്‍ കോടതിയുടെ വിധി അന്തിമമല്ലെന്നും ബാപുജി ഹൈക്കോടതിയില്‍ നിന്നു കുറ്റവിമുക്തനായി വരുമെന്നും ആയിരുന്നു വന്‍സാരയുടെ പ്രതികരണം. ഇസ്‌റത്ത് ജഹാന്‍, പ്രാണേഷ്പിള്ള വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിയാണ് വന്‍സാര എന്നറിയുമ്പോള്‍ ഇതില്‍ അത്ഭുതമില്ല.
അത്ഭുത സി.ഡികള്‍ കാട്ടിയും കൂടോത്രം പ്രയോഗിച്ചും ജനങ്ങളെ കബളിപ്പിക്കുന്ന രീതി പലപ്പോഴായി നമുക്കു കേട്ടറിവുള്ളതാണ്. ദൈവത്തിന്റെ പ്രതിപുരുഷന്‍ എന്നോ അവതാര രൂപം എന്നൊക്കെയുള്ള അവകാശവാദങ്ങളില്‍ വളരെയേറെ പാവപ്പെട്ടവരാണ് വീണുപോകുന്നത്. രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്‍ബലം കൂടി ഇവര്‍ക്കു ലഭിക്കുന്നതോടെ ഇത്തരക്കാര്‍ ലക്ഷപ്രഭുക്കളും കോടീശ്വരന്മാരുമായി വളരുകയും ചെയ്യുന്നു. സര്‍ക്കാരുകളെ പോലും കബളിപ്പിച്ച് അനധികൃതമായി ഭൂമി കൈയേറി അവര്‍ മഠങ്ങളും ആശ്രമങ്ങളും സ്ഥാപിക്കുന്നു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ രാം യാദവ് എന്ന ഒരു കക്ഷി ആശുപത്രി സ്ഥാപിക്കാനെന്ന പേരില്‍ 260 ഏക്കറാണത്രെ കൈയിലാക്കിയത്.
അമാനുഷിക ശക്തിയിലൂടെ എല്ലാ രോഗങ്ങളും മാറ്റിയെടുക്കാമെന്നു ഉറപ്പു നല്‍കി മഠങ്ങള്‍ സ്ഥാപിക്കുന്ന ഇത്തരം സിദ്ധന്മാരുടെ കൈകളിലേക്ക് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെപ്പോവും ഏല്‍പിക്കുന്ന രക്ഷിതാക്കള്‍ക്കും എണ്ണമില്ല. മായാജാലക്കാരായ ഈ വ്യാജ സിദ്ധന്മാരാണ് നിരപരാധികളായ പെണ്‍കുട്ടികളെ മാസങ്ങളോളം ഒപ്പം താമസിപ്പിച്ച് പീഡിപ്പിക്കുന്നത്. ആത്മീയ വ്യാപാരം നടത്തുന്ന ഈ ‘അഹം ബ്രഹ്മാസ്മി’കളെ (നീ തന്നെ ദൈവം) പിന്തുണക്കാന്‍ നാട്ടിലെ പ്രശസ്തരായ അഭിഭാഷകര്‍ക്കും ഒട്ടും മടിയില്ല. അവരാണ് ഏത് കേസിലും ഈ വ്യാജന്മാര്‍ക്കു വേണ്ടി ഹാജരാകുന്നതും വാദിക്കുന്നതും അവരെയൊക്കെ കുറ്റവിമുക്തരാക്കി ലക്ഷങ്ങള്‍ നേടിയെടുത്ത് പുറത്തുകൊണ്ടുവരുന്നതും. ഈ ആള്‍ദൈവങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന ട്രസ്റ്റുകളില്‍ ഇത്തരം അഭിഭാഷകര്‍ക്ക് അംഗത്വവും ലഭിക്കുന്നു.
അസാറാം ബാപ്പുവിന്റെ മകനും ആ ആത്മീയ സാമ്രാജ്യത്തിലെ രണ്ടാമനുമായ നാരായണ്‍ സായി (40) സൂറത്തില്‍ നിന്നുള്ള രണ്ടു സഹോദരന്മാര്‍ ഉന്നയിച്ച പീഡനക്കേസില്‍ വിചാരണ നേരിടുകയാണ്. ആത്മീയ പരിവേഷം മറയാക്കി ലൈംഗിക ചൂഷണം നടത്തുന്നവരുടെ വാര്‍ത്തകള്‍ പുറത്തു വരാത്ത ദിവസങ്ങളില്ല.
ബലാല്‍സംഗ കേസില്‍ 20 വര്‍ഷത്തെ തടവും 30 ലക്ഷം രൂപ പിഴയും ലഭിച്ച ആളാണ് ഇപ്പോള്‍ അഖാഢ പരിഷത്ത് തള്ളിപ്പറഞ്ഞ ഗുര്‍മിത് റാം റഹിം സിങ്. ദേരാ സച്ചാ സൂദ എന്ന പ്രസ്ഥാനം തുടങ്ങിയ അയാള്‍ക്കു 2017-ല്‍ ശിക്ഷ വിധിച്ചപ്പോള്‍ കോടതിക്കു പുറത്ത് സംഘട്ടനങ്ങള്‍ നടന്നു. മുപ്പതോളം പേര്‍ മരണപ്പെടുകയും 250 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മുംബൈ കോടതി ജീവപര്യന്തം തടവിനു വിധിച്ച മെഹന്തി കാസിം ഏഴു പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് പ്രതിയായത്.
ഇരട്ട ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട കൂടല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആറു വര്‍ഷം മുമ്പ് മരണപ്പെട്ട തിരുച്ചിറപ്പള്ളിയിലെ പ്രേമാനന്ദ പ്രായപൂര്‍ത്തിയാവാത്ത 13 പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി എന്നായിരുന്നു കേസ്.
സത്‌ലോക് ആശ്രമത്തിലെ സ്വാമി രാംപാല്‍, സ്വാമി ഭീമാനന്ദജി മഹാരാജ് എന്നിവരും സ്ത്രീപീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ്. മൂന്നു പേരെ കൊന്ന കേസില്‍ 14 വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടും പുറത്തുവന്ന ശേഷം വീണ്ടും ഒരു വിദേശി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ജ്ഞാന ചൈതന്യ വീണ്ടും അകത്തായത്.
കേരളത്തില്‍ തീവണ്ടിയില്‍ ഒരു യുവതിയെ പീഡിപ്പിച്ചു കൊന്ന ഗോവിന്ദച്ചാമിയും, കോവളത്ത് സന്ദര്‍ശനത്തിനു വന്ന വിദേശ യുവതിയെ കൂട്ട മാനഭംഗപ്പെടുത്തി കൊലചെയ്ത രണ്ടു പേരും സന്യാസികളൊന്നുമായിരുന്നില്ല എന്നത് നേര്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 2009-ല്‍ കേരള ഹൈക്കോടതി 16 വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ച ഒരു സന്തോഷ് മാധവന്‍ നമ്മുടെ കൂട്ടത്തില്‍പെട്ട ഒരാളായിരുന്നു. ബാലീകാ പീഡനത്തിനു ജീവപര്യന്തം തടവും തൂക്കുമരവും ഒക്കെ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യാ ഗവണ്‍മെന്റ് ഓര്‍ഡിനന്‍സ് ഇറക്കിയെങ്കിലും അതിന്റെ ചൂടാറും മുമ്പാണ് ബിഹാറില്‍ ജഹനാബാദില്‍ പതിനാലിനും പതിനെട്ടിനുമിടയില്‍ പ്രായക്കാരായ നാലു പേര്‍ ചേര്‍ന്നു ഒരു ബാലികയെ പീഡിപ്പിച്ചതും മൊബൈല്‍ഫോണിലൂടെ ചിത്രം പ്രചരിപ്പിച്ചതും. പന്ത്രണ്ടു വയസായ ഒരു അഞ്ചാം ക്ലാസുകാരിയെ കൂട്ടമായി മാനഭംഗപ്പെടുത്തിയ ശേഷം തീയിട്ട് കൊന്നുവെന്ന വാര്‍ത്ത മധ്യ ആസാമില്‍ നിന്നു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതും ഓര്‍ഡിനന്‍സ് വന്നതിനു പിന്നാലെ ആണ്.
മൃഗീയമെന്നു വിശേഷിപ്പിച്ചാല്‍ മൃഗങ്ങള്‍ പോലും പ്രതിഷേധിക്കുന്ന തരത്തിലുള്ള ഇത്തരം വൈകൃതങ്ങള്‍ സമൂഹത്തിലാകെ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നു. അതിനെതിരെയൊക്കെ ശക്തമായി പ്രതികരിക്കുകയും സാമൂഹ മനസാക്ഷി ഉണര്‍ത്താന്‍ തീവ്രമായി രംഗത്തിറങ്ങുകയും ചെയ്യേണ്ട ആത്മീയാചാര്യന്മാര്‍ തന്നെ ഇത്തരം രാക്ഷസീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ആള്‍ദൈവങ്ങള്‍ക്ക് ഇഷ്ടം പോലെ അഴിഞ്ഞാടാന്‍ അവസരം നല്‍കുന്ന ജനങ്ങള്‍ തന്നെയല്ലേ പ്രതിക്കൂട്ടിലാവേണ്ടത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.