2018 September 21 Friday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ആല്‍വാര്‍ ആള്‍ക്കൂട്ടക്കൊല: കേസ് രാജസ്ഥാന് പുറത്തേക്ക് മാറ്റാമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആല്‍വാറില്‍ പശു മോഷ്ടാവെന്നാരോപിച്ച് 38 കാരനായ റക്ബര്‍ ഖാനെ സംഘ്പരിവാര്‍ അക്രമിസംഘം തല്ലിക്കൊന്ന കേസ് സംസ്ഥാനത്തിനു പുറത്തേക്കു മാറ്റാന്‍ സുപ്രിംകോടതി അനുമതി. കോടതിയുടെ മേല്‍നോട്ടത്തില്‍ രാജസ്ഥാനു പുറത്തേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് റക്ബര്‍ ഖാന്റെ പിതാവ് സുലൈമാന്‍ ഖാന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നടപടി. കേസ് കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം(എസ്.ഐ.ടി) അന്വേഷിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അടുത്തയാഴ്ച കോടതി പരിഗണിക്കും. രാജസ്ഥാനിലെ ബി.ജെ.പി നേതാക്കള്‍ പ്രതികളെ സഹായിക്കുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ടെന്നും അതിനാല്‍ കേസ് സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്നുമായിരുന്നു ഹരജിക്കാരന്റെ പ്രധാന ആവശ്യം. കേസിലെ പ്രധാനസാക്ഷികളിലൊരാളുമാണ് സുലൈമാന്‍. കൊലപാതകവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ കേസും സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
കേസില്‍ വ്യാഴാഴ്ചയാണ് രാജസ്ഥാന്‍ പൊലിസ് ആല്‍വാര്‍ ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ അറസ്റ്റിലായ ധര്‍മേന്ദര്‍ യാദവ്, പരംജീത് സിങ്, നരേഷ് എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തിലുള്ളത്. ഇവര്‍ക്കെതിരേ ഐ.പി.സി 302(കൊലപാതകം), 341 (തടസംസൃഷ്ടിക്കല്‍), 323(മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ഹരിയാന-രാജസ്ഥാന്‍ അതിര്‍ത്തിയിലെ ലാല്‍വണ്ടിയില്‍ ജൂലൈ 20ന് രാത്രിയാണ് സംഭവം.
ലാല്‍വണ്ടിയില്‍നിന്ന് 10 കിലോമീറ്ററോളം അകലെയുള്ള ഹരിയാനയിലെ കൊല്‍ഗാവിലേക്കു പശുക്കളെയുമായി പോവുന്നതിനിടെയാണ് റക്ബറിനെ അക്രമികള്‍ വളഞ്ഞിട്ടു മര്‍ദിച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.