2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ആല്‍ത്തറ-വടക്കേകാട് ആക്രമണ പരമ്പര; പൊലിസ് അന്വേഷണം ഇഴയുന്നതായി ആക്ഷേപം

പുന്നയൂര്‍ക്കുളം: വടക്കേക്കാട് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ ആക്രമണ സംഭവങ്ങളിലെ അന്വേഷണം ഇഴയുന്നതായി ആക്ഷേപം. കേസുകളിലെ പ്രതികളെ പിടികൂടാതെ പൊലിസ് ഒത്തു കളിക്കുന്നതായും ആരോപണം.
വിവരാവകാശ പ്രവര്‍ത്തകന്‍ തൃപ്പറ്റ് ശ്രീജിത്തിനെ ആക്രമിച്ച് രണ്ട് ആഴ്ച കഴിഞ്ഞിട്ടും മൊഴിയെടുക്കാന്‍ പോലും പൊലിസ് തയ്യാറായിട്ടില്ല. ഭരണ കക്ഷിയുമായി ബന്ധപ്പെട്ടവരാണ് സംഭവത്തിനു പുറകില്‍. ഇക്കാര്യം ആരോപിച്ച് ശ്രീജിത്ത് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലിസ് പറഞ്ഞിരുന്നെങ്കിലും നടന്നില്ല.
ശ്രീജിത്ത് ഓടിച്ച ബൈക്ക് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും ആക്രമികള്‍ ഇടിച്ചെന്ന് ആരോപിക്കപ്പെടുന്ന കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ആല്‍ത്തറ, വടക്കേകാട് എന്നിവിടങ്ങളില്‍ കഴിഞ്ഞമാസം രണ്ടിനു രാത്രി നാലംഗ സംഘം നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ വടക്കേപുന്നയൂര്‍, നാലാംകല്ല് കടാമ്പുളളി സ്വദേശികള്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ ഒരാള്‍ക്ക് തലക്ക് സാരമായി വെട്ടേറ്റിരുന്നു. പോക്‌സോ കേസ് പ്രതി ഉള്‍പ്പെടെയുള്ളവരാണ് ഈ കേസിലുള്ളത്. ഈ പ്രതികള്‍ നാട്ടില്‍ വിലസുമ്പോഴും പൊലിസ് ഇവരെ പിടിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഈ സംഭവത്തിനു നാല് മാസം മുന്‍പ് ആറ്റുപുറം പരൂരില്‍ ഉല്‍സവത്തിനിടെ പൊലിസിനെ അക്രമിച്ച കേസിലെ പ്രതിയും ഒളിവിലാണ്. ഈ പ്രതിക്കെതിരേ സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിട്ടുള്ളതെങ്കിലും പ്രതിയെ സ്റ്റേഷനില്‍ എത്തിക്കാന്‍ ഇന്നുവരെ വടക്കേക്കാട് പൊലിസിനു കഴിഞ്ഞിട്ടില്ല.
സംഭവത്തിലെ യഥാര്‍ഥ പ്രതികളെ ഇനിയും വ്യക്തമാകാതെ കണ്ടാലറിയാവുന്നവര്‍ എന്ന പേരില്‍ പൊലിസ് ഇരുട്ടില്‍ തപ്പുകയാണ്. പല വീടുകളിലും കയറിയുള്ള പൊലിസ് അന്വേഷണം പൊറുതി മുട്ടിക്കുന്നുവെന്ന് കരുതി വീട്ടമ്മമ്മാര്‍ പൊലിസിനെതിരേ വനിതാ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികളെന്ന് ആരോപിക്കുന്നവര്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തിലാണ്. വടക്കേകാട് തിരുവളയന്നൂര്‍ ഉല്‍സവത്തിനിടെ പൊലിസിനെ അക്രമിച്ച കേസിലെ പ്രതികളും ഒളിവിലാണ്.
കഞ്ചാവ് മയക്കുമരുന്നു മാഫിയകള്‍ക്കെതിരേ പൊലിസ് ശക്തമായ നിലാപാടെടുത്തപ്പോള്‍ സംഭവത്തിനു പുറകില്‍ വടക്കേകാട് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐയാണെന്ന കാരണം വെച്ച് അദ്ദേഹത്തിന്ററെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കത്തി നശിച്ച കേസില്‍ രണ്ട് വര്‍ഷമായിട്ടും അന്വേഷണം എവിടെയും എത്തിയില്ല. ഇപ്പോള്‍ കുന്നംകുളത്തേക്ക് മാറിയ സി.ഐക്കായിരുന്നു അന്വേഷണ ചുമതല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News