2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ആലപ്പുഴ നഗരത്തിന് ശാപമായി പക്ഷികാഷ്ഠം; ദുരിതംപേറി നാട്ടുകാര്‍

 

ആലപ്പുഴ: പക്ഷി കാഷ്ഠം നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതം വിതയ്ക്കുന്നു.പട്ടണത്തിലെ വഴിയോരങ്ങളിലെ വന്‍ വൃക്ഷങ്ങളില്‍ ചേക്കേറിയിട്ടുളള പക്ഷി കൂട്ടമാണ് പട്ടണത്തിന് ശാപമാകുന്നത്. പരിസ്ഥിതി മലിനീകരണമുണ്ടായിട്ടും ബന്ധപ്പെട്ട വകുപ്പുകളൊന്നും പരിഹാരത്തിനു ഇനിയും മുതിര്‍ന്നിട്ടില്ല. മരങ്ങള്‍ക്കു കീഴില്‍ റോഡുവക്കില്‍ പാചകം ചെയ്തു വില്പ്പന നടത്തുന്ന തട്ടുകടകളിലെ ഭക്ഷണപദാര്‍ഥങ്ങളില്‍പോലും കാഷ്ഠം വീഴുന്നത് പതിവാണ്. പട്ടണത്തിലെ പ്രധാന റോഡുകളുടെ അരികില്‍ നില്‍ക്കുന്ന മരങ്ങളിലെല്ലാം പക്ഷികള്‍ ചേക്കേറി കഴിഞ്ഞു.
നൂറുകണക്കിനു പക്ഷികളില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്ന കാഷ്ഠം എപ്പോഴും വീണുകൊണ്ടിരിക്കുന്നതിനാല്‍ ആര്‍ക്കും റോഡിലൂടെ സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്.
വാഹനങ്ങളില്‍ കാഷ്ഠം വീണ് വൃത്തികേടാകും. അപ്രതീക്ഷിതമായി വിന്‍ഡ്‌സ്‌ക്രീനില്‍ കാഷ്ഠം വന്നു പതിക്കുമ്പോള്‍ ഡ്രൈവറുടെ ശ്രദ്ധ പെട്ടെന്നു തിരിഞ്ഞു അപകട കാരണമാകാറുമുണ്ട്.
ശരീരത്തും വസ്ത്രങ്ങളിലും കാഷ്ഠം വീണാല്‍ രോഗങ്ങളുണ്ടാകും. പ്രത്യേകിച്ചു കണ്ണില്‍ വീണാല്‍ കാഴ്ച നഷ്ടപ്പെടാന്‍ വരെ സാധ്യതയുണ്ട്. റോഡില്‍ മെത്തപോലെ പരന്നു കിടക്കുന്ന കാഷ്ഠം മഴക്കാലത്തു വെള്ളത്തില്‍ കലര്‍ന്നു കുഴമ്പുപോലെ പരന്നൊഴുകുകയും വേനല്‍ക്കാലത്ത് ഉണങ്ങി പൊടിയായി പറക്കുകയും ചെയ്യും. ഇതു രണ്ടും സമീപവാസികളില്‍ വിവിധതരത്തിലുള്ള രോഗങ്ങള്‍ പടരാന്‍ കാരണമാകുന്നുണ്ട്.
തൊലിപ്പുറമേയുള്ളതും ശ്വാസകോശസംബന്ധവുമായ രോഗങ്ങളാണ് പ്രധാനം. വസ്ത്രമായാലും വാഹനമായാലും കാഷ്ഠം വീഴുന്ന ഭാഗം ദ്രവിക്കും.ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ആവശ്യവുമായി ചെല്ലണമെങ്കിലും തലയില്‍ മുണ്ട് ഇട്ടുവേണം കയറാന്‍. സ്റ്റേഷന് മുന്നില്‍ നില്‍ക്കുന്ന വന്‍മരത്തില്‍ വവ്വാലുകള്‍ ചേക്കേറിയിട്ടും വര്‍ഷങ്ങളായി.
പ്രധാന കവാടത്തിനരുകില്‍ വാഹനം നിര്‍ത്തിയിട്ട് തിരികെയെത്തുമ്പോള്‍ വാഹനം ഏതുനിറത്തിലുളളതാണെങ്കിലും വെളളനിറമായി മാറും. സ്‌റ്റേഷനില്‍ എത്തുന്നവര്‍ വാഹനം നിര്‍ത്തി കാഷ്ഠം ഭയന്ന് ഓടിയാണ് അകത്തേക്ക് പ്രവേശിക്കുന്നത്.
പക്ഷികാഷ്ഠ ശല്യം ഒഴിവാക്കാന്‍ റോഡിലേക്കു പടര്‍ന്നു നില്ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിനീക്കുകയേ നിര്‍വാഹമുള്ളു. മരങ്ങള്‍ മിക്കവയും അപകടരമായാണ് നില്ക്കുന്നത്.
എല്ലാ വൃക്ഷങ്ങളും വൈദ്യുതി ലൈനുകളുടെ മുകളില്‍ തൊട്ടുരുമിയാണ്. ശിഖരങ്ങള്‍ കമ്പിയില്‍ മുട്ടി വൈദ്യുതി മുടങ്ങുന്നതും പതിവാണ്. കഴിഞ്ഞ മഴക്കാലത്ത് പട്ടണത്തിലെ അനേകം വൃക്ഷങ്ങള്‍ കടപുഴകി അപകടങ്ങളുണ്ടായി.
റോഡുകളും കനാല്‍ കരകളും തകര്‍ത്താണ് മരങ്ങള്‍ നിലംപറ്റിയിട്ടുള്ളത്.പക്ഷികാഷ്ഠ ശല്യം ഒഴിവാക്കാന്‍ റോഡിനു മുകളിലേക്കുള്ള വൃക്ഷശിഖരങ്ങള്‍ വെട്ടിനീക്കണമെന്നു ആവശ്യപ്പെടുമ്പോള്‍ ചില പരിസ്ഥിതിവാദികള്‍ എതിര്‍പ്പോടെ രംഗപ്രവേശനം ചെയ്യാറുണ്ട്. വൃക്ഷം വെട്ടരുതെന്നും പക്ഷികളെ ഓടിക്കരുതെന്നുമാണ് അക്കൂട്ടരുടെ ആവശ്യം. എന്നാല്‍ അവരൊന്നും തന്നെ ഈ വൃക്ഷങ്ങളുടെ കീഴിലൂടെ സഞ്ചരിക്കുന്നവരല്ല എന്നതാണ് വസ്തുത.
ഇത്തരക്കാരും കാറുകളില്‍ മാത്രം സഞ്ചരിക്കുന്ന കലക്ടര്‍ ഉള്‍പ്പടെയുള്ള ഭരണാധികാരികളും ഒരു പത്തു മിനിട്ട് ഇത്തരം വൃക്ഷങ്ങളുടെ കീഴില്‍ മുകളിലോട്ടു നോക്കി നിന്ന ശേഷം പ്രശ്‌നമൊന്നുമില്ലെന്നു രേഖാമൂലം എഴുതി നല്കിയാല്‍ ഇനി ഈ ആവശ്യം ഉന്നയിക്കുകയില്ലെന്നും ടി.ആര്‍.എ വ്യക്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.