2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ആറു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പനയ്ക്കായി കൊണ്ടുവന്ന ആറു കിലോയിലധികം കഞ്ചാവുമായി രണ്ടു യുവാക്കള്‍ പൊലിസ് പിടിയില്‍. നരിക്കുനി എരവന്നൂര്‍ സ്വദേശി തുവ്വാട്ടുവീട്ടില്‍ മുഹമ്മദ് റബി (21), നരിക്കുനി പുന്നശ്ശേരി സ്വദേശി കായലാട്ടുമ്മല്‍ മുഹമ്മദ് ആഷിക് (20) എന്നിവരെയാണ് കുന്ദമംഗലം ചൂലാംവയല്‍ ബസ് സ്റ്റോപ്പിനു സമീപത്തുവച്ച് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നോര്‍ത്ത് അസി. കമ്മിഷണര്‍ പൃഥ്വിരാജന്റെ നേതൃത്വത്തില്‍ കുന്ദമംഗലം പൊലിസും ജില്ലാ ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും (ഡന്‍സാഫ്) ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്.
ജില്ലയിലെ നരിക്കുനി, പാറന്നൂര്‍, ചേളന്നൂര്‍, കാരക്കുന്നത്ത്, തടമ്പാട്ടുതാഴം തുടങ്ങിയ ഭാഗങ്ങളില്‍ കഞ്ചാവു വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായവര്‍. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് ഇവിടെ എത്തിച്ച് 500 രൂപയുടെ ചെറു പാക്കറ്റുകളാക്കി ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുകയാണ് ഇവരുടെ രീതി. പിടിക്കപ്പെട്ട പ്രതികളില്‍ മുഹമ്മദ് റബിയാണു തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നേരിട്ടുപോയി വലിയ അളവിലുള്ള കഞ്ചാവ് നാട്ടില്‍ എത്തിക്കുന്നത്.
പിന്നീട് രഹസ്യസങ്കേതത്തില്‍വച്ച് ചെറു പാക്കറ്റുകള്‍ ആക്കിയ ശേഷം കൂട്ടാളിയായ മുഹമ്മദ് ആഷിക്കും സുഹൃത്തുക്കളായ മറ്റു ചിലരും ചേര്‍ന്നാണ് ആവശ്യക്കാരായ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍പന നടത്തുന്നത്.
കുന്ദമംഗലം എസ്.ഐ എസ്.ബി കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ വേണുഗോപാല്‍, ഡ്രൈവര്‍ സി.പി.ഒ സുബീഷ്, ജില്ലാ ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അബ്ദുല്‍ മുനീര്‍, കെ. രാജീവന്‍, എം. മുഹമ്മദ് ഷാഫി, എം. സജി, കെ. അഖിലേഷ്, കെ.എ ജോമോന്‍, എന്‍. നവീന്‍, കെ. പ്രപിന്‍, ജിനേഷ് ചൂലൂര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

അന്വേഷണം ഊര്‍ജിതമാക്കി ഡന്‍സാഫ്

കോഴിക്കോട്: ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ജില്ലാ ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡന്‍സാഫ്). സൗത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു ലഹരിമാഫിയയെ കുരുക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്.
ഡന്‍സാഫിന്റെ അന്വേഷണത്തില്‍ ഈ മാസം ഇതുവരെയായി 23 കിലോ കഞ്ചാവും കൂടാതെ നിരോധിത ന്യൂജന്‍ ലഹരിമരുന്നുകളായ എം.ഡി.എം.എ എക്സ്റ്റസി പില്‍സ് 50 എണ്ണം, സ്റ്റാമ്പ് രൂപത്തിലുള്ള എല്‍.എസ്.ഡി 25 എണ്ണം, ഹാഷിഷ് 50 ഗ്രാം എന്നിവ കോഴിക്കോട്ടുനിന്ന് പിടികൂടിയിട്ടുണ്ട്. അതേസമയം കഞ്ചാവ്, ലഹരിമരുന്നുകള്‍ എന്നിവ ഏറ്റവും കൂടുതല്‍ കോഴിക്കോട്ടേക്കെത്തുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നാണെന്നു പൊലിസ് പറയുന്നു. സമീപകാലത്ത് കോഴിക്കോട് ജില്ലയില്‍ പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നത്.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത് തടയിടാനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഡന്‍സാഫിന്റെ ചുമതലയുള്ള സൗത്ത് അസിസ്റ്റന്റ കമ്മീഷണര്‍ പൃഥ്വിരാജ് അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.