2018 May 15 Tuesday

ആര് ഭരിക്കണമെന്ന് വാജുഭായ് വാല തീരുമാനിക്കും

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കര്‍ണാടകയില്‍ നാടകീയനീക്കങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ സംസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രി മോദിയുടെ പഴയസഹപ്രവര്‍ത്തകന്‍.
ആര്‍.എസ്.എസ് നേതാവും ഗുജറാത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായിരുന്ന കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുടെ തീരുമാനമാണ് ഇനി കന്നഡ രാഷ്ട്രീയത്തിലെ ചിത്രം തീരുമാനിക്കുക.
രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന വാജുഭായ് മുന്‍ ജനസംഘം നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ കേശുഭായ് പട്ടേലിന്റെ അടുത്ത അനുയായിയുമായിരുന്നു. 1975ല്‍ രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ജയിച്ച അദ്ദേഹം 80കളിലും 90കളിലും കോര്‍പ്പറേഷന്‍ മേയറായിരുന്നു.
അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ച അദ്ദേഹം 2001ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മത്സരിക്കാന്‍ വേണ്ടി രാജ്‌കോട്ട് രണ്ട് മണ്ഡലത്തിലെ സിറ്റിങ്‌സീറ്റ് വിട്ടുനല്‍കുകയായിരുന്നു. പിന്നീട് 2002ല്‍ ഈ മണ്ഡലത്തില്‍ തിരിച്ചെത്തിയ അദ്ദേഹം മോദി സര്‍ക്കാരിനുകീഴില്‍ ധനമന്ത്രിയായി. ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ പദവിയും അദ്ദേഹം വഹിച്ചു. 2014ലാണ് കര്‍ണാടക ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.