2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

Editorial

ആര്‍.എസ്.എസിന്റെ ആശയം അജിത് ഡോവലിന്റെ ആവിഷ്‌കാരം


കശ്മിര്‍ പ്രശ്‌നം എന്ന ഒരു വിഷയം നിലവിലില്ല എന്നു പറഞ്ഞ് വിവാദം സൃഷ്ടിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മറ്റൊരു വിവാദ പ്രസ്താവത്തിന് കൂടി തിരികൊളുത്തിയിരിക്കുന്നു. ആര്‍.എസ്.എസ് ആശയങ്ങള്‍ക്ക് ഊടുംപാവും നല്‍കുക എന്നതായിരിക്കുന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ദൗത്യം. ഇത്തരം വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തോടൊപ്പം ഉണ്ട്.

രാജ്യത്തിന്റെ പരമാധികാരത്തില്‍നിന്നുള്ള വ്യതിചലനമാണ് കശ്മിരിന്റെ പ്രത്യേക ഭരണഘടനാ പദവിയെന്നാണ് കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ സര്‍ദാര്‍ വല്ലഭ് ഭായ്പട്ടേലിനെക്കുറിച്ചുള്ള പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ടദ്ദേഹം പറഞ്ഞത്. ചരിത്രബോധമില്ലാത്തതാണ് അദ്ദേഹത്തിന്റെ ഈ വാക്കുകളെങ്കിലും സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ അത് മതിയാകും. കശ്മിരിനെ സംബന്ധിച്ചിടത്തോളം മുറിഞ്ഞ ഭരണഘടനയാണ് ഉള്ളതെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം ശുദ്ധ അസംബന്ധമാണ്.
കശ്മിരിന് പ്രത്യേക പദവി നല്‍കുന്ന 370ാം ഭരണഘടനയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ ജുഡിഷ്യറിയെ സ്വാധീനിക്കുവാന്‍ കൂടിയാകണം അജിത് ഡോവലിന്റെ ബോധപൂര്‍വമായ പരാമര്‍ശങ്ങള്‍. എന്നാല്‍, 2019 ജനുവരി വരെ ഈ കേസില്‍ സുപ്രിം കോടതി വാദം കേള്‍ക്കുന്നില്ല.
ഭരണഘടനയുടെ 370ാം അനുഛേദപ്രകാരം ഇന്ത്യയില്‍ പ്രത്യേക പരിഗണനയുള്ള സംസ്ഥാനമാണ് ജമ്മുകശ്മിര്‍. ജമ്മുകാശ്മിരിലുള്ള ഇന്ത്യയുടെ പരമാധികാരത്തെ വര്‍ഷങ്ങളായി പാകിസ്താനും ചൈനയും എതിര്‍ത്ത് പോരുകയാണ്. വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങള്‍ (പാക് അധീന കശ്മിര്‍) പാകിസ്താന്റെ നിയന്ത്രണത്തിലും കിഴക്ക് ഭാഗത്തുള്ള അക്‌സായിചിന്‍ പ്രദേശം ചൈനയുടെ നിയന്ത്രണത്തിലുമാണുള്ളത്. പുറമെ സ്വതന്ത്ര കശ്മിരിനായി പോരാടുന്ന തീവ്രവാദ സംഘടനകളും സജീവമാണ്. അപ്പോള്‍ എങ്ങനെയാണ് പറയാനാവുക കശ്മിര്‍ പ്രശ്‌നം എന്ന ഒന്നില്ല എന്ന്.
ബ്രിട്ടിഷ്‌കാരില്‍ നിന്നു സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം കശ്മിര്‍ രാജാവായിരുന്ന ഹരിസിങ് കശ്മിരിനെ സ്വതന്ത്ര രാജ്യമായി നിലനിര്‍ത്താനാണ് തീരുമാനിച്ചത്. അവസരം പാഴാക്കാതെ പാകിസ്താന്‍ ഗോത്രവര്‍ഗക്കാരെ കൂട്ടുപിടിച്ച് കശ്മിരിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ അസാധാരണമായ രാഷ്ട്രീയ ചുറ്റുപാടില്‍ ഇന്ത്യന്‍ യൂനിയനോടൊപ്പം ചേരാനാണ് ഹരിസിങ് തീരുമാനിച്ചത്. ഈ ലയന ഉടമ്പടിയില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും രാജാവ് ഹരിസിങും ഒപ്പുവയ്ക്കുകയും ചെയ്തു. ഈ ഉടമ്പടിയില്‍പെട്ടതാണ് കശ്മിരിന് പ്രത്യേക പദവി നല്‍കുക എന്നത്. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവ ഒഴികെയുള്ള വിഷയങ്ങളില്‍ കശ്മിരിന് പ്രത്യേക അധികാര അവകാശങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ കശ്മിരില്‍ ബാധകമാണെങ്കില്‍ കശ്മിര്‍ നിയമസഭയുടെ അംഗീകാരം വേണം. ഇതാണ് പ്രത്യേക പദവികൊണ്ട് ഉദ്ദേശിക്കുന്നത്. കശ്മിരിന് സ്വതന്ത്രമായി ഒരു നിയമനിര്‍മാണസഭ ഉണ്ടാക്കുമെന്നും അത് സംസ്ഥാനത്തിന്റെ ആന്തരിക ഭരണഘടന നിശ്ചയിക്കുമെന്നും ജവഹര്‍ലാല്‍ നെഹ്‌റു കശ്മിരി ജനതക്ക് നല്‍കിയ വാഗ്ദാനമാണ്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370ല്‍ സ്വന്തമായ പതാകയും ഭരണഘടനയും ഉള്ള ഒരു ഇന്ത്യന്‍ സംസ്ഥാനമാണ് കശ്മിര്‍ എന്ന് പറയുമ്പോള്‍ അത് എടുത്തുകളയണമെന്ന ആര്‍.എസ്.എസ് ആവശ്യം അയോധ്യയില്‍ ക്ഷേത്രം പണിയണമെന്ന ആവശ്യത്തോട് സമാനത പുലര്‍ത്തുന്നതാണ്. ഭരണഘടനയുടെ 370 പ്രകാരം കശ്മിരിന് ഇന്ത്യയില്‍ നിന്ന് വേറിട്ട് പോകാനും കഴിയില്ല. വിവേചനാധികാരമുള്ള സംസ്ഥാനമാണ് കശ്മിര്‍ എന്നത് തന്നെയാണ് ആര്‍.എസ്.എസിനെയും അജിത് ഡോവലിനെയും അലട്ടുന്നത്. എന്നാല്‍, ഇതുപോലെ പ്രത്യേക അധികാരങ്ങളും അവകാശങ്ങളുമുള്ള സംസ്ഥാനങ്ങളാണ് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, നാഗാലന്‍ഡ്, മിസോറാം പോലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും. എന്നാല്‍, അവിടെയൊന്നും ആര്‍.എസ്.എസ് ഈ പ്രത്യേക പദവി എടുത്തുകളയണമെന്നാവശ്യപ്പെടുന്നില്ല. കശ്മിരിലെ സ്ഥിരവാസികള്‍ക്ക് പ്രത്യേക അധികാരങ്ങളുണ്ട്. ആരാണ് സ്ഥിരവാസി എന്ന് നിര്‍വചിക്കാനുള്ള അധികാരം കശ്മിര്‍ സംസ്ഥാനത്തിനുമാണ്. സമാനമായ അധികാരം നാഗാലന്‍ഡിനും മിസോറാമിനും ഉണ്ട്. എന്തുകൊണ്ട് ഇവിടെ ആ ആവശ്യം ആര്‍.എസ്.എസ് ഉന്നയിക്കുന്നില്ല.
ഇന്ത്യാ മഹാരാജ്യത്തിന്റെ വിശാലതയും സാംസ്‌കാരിക വൈവിധ്യവും കണക്കിലെടുത്താണ് ചില ജനവിഭാഗങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി ചില പ്രത്യേക അധികാരം നല്‍കിയത്. അതില്‍ കശ്മിരിന്റെ മാത്രം പ്രത്യേക പദവി എടുത്തുകളയണമെന്ന ആര്‍.എസ്.എസിന്റെയും അജിത് ഡോവലിനെപ്പോലുള്ള ദേശീയ ഉപദേഷ്ടാക്കളുടെയും ആഗ്രഹങ്ങള്‍ നടക്കാന്‍ പോകുന്നില്ല. പ്രത്യേക പദവി എടുത്തുകളയാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരാനുള്ള ഭൂരിപക്ഷം ബി.ജെ.പിക്ക് കിട്ടിയാല്‍പോലും അത് നടക്കാന്‍ പോകുന്നില്ല. 1973ലെ കേശവാനന്ദ ഭാരതി-കേരള സ്‌റ്റേറ്റ് കേസില്‍ ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റാന്‍ പാര്‍ലമെന്റിന് അധികാരമില്ല എന്ന സുപ്രധാന വിധി സുപ്രിം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഭേദഗതി കൊണ്ടുവരികയാണെങ്കില്‍ സുപ്രിംകോടതി അത് തള്ളുവാനുള്ള സാധ്യതയും ഏറെയാണ്. ഭരണഘടനാ അനുഛേദം 370 റദ്ദാക്കണമെങ്കില്‍ കശ്മിര്‍ അസംബ്ലി കൂടി അത് പാസാക്കണം. ഇതെല്ലാമാണ് വസ്തുതകളെന്നിരിക്കെ കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കുമെന്ന ആര്‍.എസ്.എസ് വാദം വെറും വീരവാദമായി മാത്രം കണക്കാക്കിയാല്‍ മതി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.