2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ആര്‍.എസ്.എസിന്റെ അടുത്തേക്ക് പോകുന്നവര്‍ കഴുത്തിനു താഴെ കത്തി വയ്ക്കുന്നു : പിണറായി

കുട്ടനാട്: സംവരണം നിഷേധിക്കുന്ന ആര്‍.എസ്.എസിന്റെ അടുത്തേക്ക് പോകുന്നവര്‍ കഴുത്തിനു താഴെ കത്തി വയ്ക്കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. എസ്.എന്‍.ഡി.പി പ്രവര്‍ത്തകരേ ബി.ഡി.ജെ.എസിന്റെ ഭാഗമാക്കി ആര്‍.എസ്.എസിനെ തടിപ്പിക്കാന്‍ നോക്കിയാല്‍ അത് കേരളത്തില്‍ നടക്കില്ലെന്നും പിണറായി പറഞ്ഞു.

കുട്ടനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാണ്ടിയുടെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം മങ്കൊമ്പില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണീയ ധര്‍മം ഉള്‍ക്കൊള്ളുന്നവര്‍ക്ക് ആര്‍.എസ്.എസിന്റെ ഒപ്പം നില്‍ക്കാന്‍ കഴിയില്ല. അതിന്റെ തത്വശാസ്ത്രം തന്നെ വേറെയാണ്. വെള്ളാപ്പള്ളി നടേശനെ കണ്ടല്ല എസ്.എന്‍.ഡി.പിയില്‍ ആരും ചേര്‍ന്നത്. ആര്‍.എസ്.എസ് സ്വയം ശക്തിപ്പെടാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ട്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വെള്ളാപ്പള്ളിയുമായുള്ള കൂട്ട്. കേരളത്തിന്റെ സംസ്‌കാരം ആര്‍.എസ്.എസിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല.
ബി.ജെ.പി. കേരളത്തില്‍ അക്കൗണ്ട് തുറന്നാല്‍ മതനിരപേക്ഷതയ്ക്ക് പോറലേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനവിധിയില്‍ നിന്നും രക്ഷപ്പെടാന്‍ വളഞ്ഞവഴി നോക്കുകയാണ് ആര്‍.എസ്.എസും ഉമ്മന്‍ചാണ്ടിയും. കോടതിവിധി മാനിക്കാത്തയാളാണ് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് ഒരു പാര്‍ട്ടി അല്ലാതായി മാറിയതു കൊണ്ടാണ് ഉമ്മന്‍ചാണ്ടിയെ മാറ്റാതിരുന്നത്. ആര്‍.എസ്.എസും യു.ഡി.എഫും പല മണ്ഡലങ്ങളിലും ധാരണയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നീക്കം നടത്തുന്നുണ്ട്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്ത സര്‍ക്കാരാണ് ഉമ്മന്‍ ചാണ്ടിയുടേത്.
കുടിവെള്ള പ്രശ്‌നത്തിനും കര്‍ഷകരുടെ വിഷയങ്ങള്‍ക്കും എല്‍.ഡി.എഫ്് മുന്തിയ പരിഗണന നല്‍കും.
ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെ എല്‍.ഡി.എഫ് പറയൂവെന്നും പിണറായി പറഞ്ഞു. മങ്കൊമ്പില്‍ നടന്ന യോഗത്തില്‍ ഡി ലക്ഷ്മണന്‍ അധ്യക്ഷനായി. സുല്‍ഫിക്കര്‍ മയ്യൂരി, കെ.കെ അശോകന്‍, കെ.ആര്‍ ഭഗീരഥന്‍, ജി ഉണ്ണിക്കൃഷ്ണന്‍, ജോസ് കെ. നെല്ലുവേലി, ജോസ് കാവനാട് എന്നിവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.