2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ആര്‍ത്തലച്ച് മഴ; മരവിച്ച് വയനാട്

എടവക പാണ്ടിക്കടവ് അഗ്രഹാരത്ത് ആളുകളെ സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ ബോട്ട് സര്‍വിസ് ആരംഭിച്ചപ്പോള്‍

കല്‍പ്പറ്റ/മാനന്തവാടി/സുല്‍ത്താന്‍ ബത്തേരി: ദിവസങ്ങളായി തിമിര്‍ത്തു പെയ്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശം.കനത്ത മഴയില്‍ ഇന്നലെ മൂന്ന് താലൂക്കിലുമായി ഒന്‍പത് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വാളാടും വെള്ളമുണ്ടയിലുമാണ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. 11 ദുരിതാശ്വാസ ക്യാംപുകളിലായി 469 പേരെയാണ് ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. മാനന്തവാടി താലൂക്കിലാണ് നാശനഷ്ടങ്ങള്‍ കൂടുതലുണ്ടായത്. വൈത്തിരി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പേരെ മാറ്റി പാര്‍പ്പിച്ചത്. കാവുമന്ദം, കോട്ടത്തറ, വെങ്ങപ്പള്ളി, കല്‍പ്പറ്റ, കണിയാമ്പറ്റ വില്ലേജുകളിലായി എട്ടു ക്യാംപുകളാണ് തുറന്നത്. ജി.എല്‍.പി.എസ് കാപ്പുവയല്‍, ജി.എച്ച്.എസ് കരിങ്കുറ്റി, ജി.എച്ച്.എസ് കോട്ടത്തറ, കോട്ടത്തറ ഇ.കെ നായനാര്‍ സാംസ്‌കാരിക നിലയം, തെക്കുംതറ അമ്മസഹായം യു.പി സ്‌കൂള്‍, ജി.എച്ച്.എസ്.എസ് മുണ്ടേരി, ജി.യു.പി.എസ് കണിയാമ്പറ്റ എന്നീ സ്‌കൂളുകളിലാണ് കുടുംബങ്ങളെ മാറ്റിയിരിക്കുന്നത്. പുല്‍പ്പള്ളി വില്ലേജില്‍ നാലു കുടംബങ്ങളെ സമീപത്തെ വീടുകളിലേക്ക് മാറ്റി. മാനന്തവാടി താലൂക്കില്‍ ജി.എച്ച്.എസ്.എസ് പനമരം, തിരുനെല്ലി വില്ലേജില്‍ പനവല്ലി ഊരുകൂട്ടം ഭവന്‍ എന്നിവിടങ്ങളിലായി 34 പേരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ശക്തമായ മഴയില്‍ ഇതിനകം നിരവധി വീടുകളിലാണ് വെള്ളം കയറിയത്. ജില്ലയിലെ വിവിധയിടങ്ങളിലായി ഹെക്ടര്‍ കണക്കിന് കൃഷിയിടവും വെള്ളത്തിനടിയിലാണ്. പൊലിസും ഫയര്‍ ഫോഴ്‌സും മറ്റ് രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് പലയിടത്ത് നിന്നും വെള്ളം കയറിയതിനെത്തുടര്‍ന്ന് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. തോടുകളിലും പുഴകളിലും വെള്ളം നിറഞ്ഞതോടെ ജില്ലയിലെ നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. നെല്‍വയലുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളംകയറിയതോടെ തോണിയിലും മറ്റുമാണ് ഒറ്റപ്പെട്ട് കഴിയുന്നവരെ പുറത്തെത്തിച്ചത്. കബനി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ വെള്ളം കയറി വള്ളിയൂര്‍ക്കാവ് താഴെ അമ്പലം മുങ്ങി.
മാനന്തവാടി പാണ്ടിക്കടവ് അഗ്രഹാരം റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട കുടുംബങ്ങളെ ഫൈബര്‍ ബോട്ടില്‍ രക്ഷപ്പെടുത്തുകയായിരുന്നു. പനമരം – നടവയല്‍ റോഡില്‍ പഴയ പള്ളിക്കു സമീപമുള്ള സി.എച്ച് അന്ത്രു ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം കനത്ത മഴയില്‍ ഇടിഞ്ഞു വീണു. അടിയന്തര സാഹചര്യം നേരിടാന്‍ മൂന്ന് താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്.
പനമരം കമ്പനി പുഴ കരകവിഞ്ഞു വെള്ളത്തിനടിയിലായ മാത്തൂര്‍ കോളനിയില്‍ നിന്ന് 60 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ മഴ തുടര്‍ന്നാല്‍ കീഞ്ഞുകടവ് പ്രദേശത്തുള്ളവരേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റേണ്ടി വരും. അതിനിടെ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ തൊണ്ടര്‍നാട് എം.ടി.ഡി.എം.എച്ച്.എസ് സ്‌കൂള്‍ ശുചിമുറിയിലെ ടൈല്‍ പൊട്ടിത്തെറിച്ചു. ഇടിയുടെ ശക്തിയില്‍ അടുത്തുള്ള വീടുകളിലെ ഇലക്ട്രോണിക് സാമഗ്രികള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരുമടക്കം എഴുന്നൂറോളം പേര്‍ സ്‌കൂളിലുണ്ടായിരുന്ന സമയത്താണ് ഇടിമിന്നലുണ്ടായത്. ഭാഗ്യവശാല്‍ ശുചി മുറിയുടെ സമീപമായതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.

 

ഒറ്റപ്പെട്ട് എടത്തറക്കടവ് നിവാസികള്‍

പിണങ്ങോട് എടത്തറക്കടവ് റോഡും കുടിവെള്ള പദ്ധതി പമ്പ് ഹൗസും വെള്ളത്തിനടിയിലായപ്പോള്‍

പിണങ്ങോട്: ഒരാഴ്ചയോളമായി ജില്ലയില്‍ പെയ്യുന്ന മഴയില്‍ ഇത്തവണയും കെടുതിയില്‍ ഒറ്റപ്പെട്ട് എടത്തറക്കടവ് നിവാസികള്‍.
മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും എടത്തറക്കടവ്, പന്നിയോറ കോളനിക്കാര്‍ ഓറ്റപ്പെട്ട സ്ഥിതിയിലാണ്. പിണങ്ങോട് പാലമുക്കിലെ റോഡില്‍ നിന്നും ഇവിടങ്ങളിലേക്കുള്ള റോഡില്‍ വെള്ളം കയറിയതിനാല്‍ എടത്തറക്കടവ് കോളനി വാസികള്‍ക്ക് യാത്ര ദുഷ്‌കരമായിരിക്കുകയാണ്.
എടത്തറക്കടവ്- പന്നിയോറ- ഇടിയംവയല്‍, ആറാംമൈല്‍ എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്ന ഈ റോഡ് ഇത്തവണയും വെള്ളത്താല്‍ മൂടപ്പെട്ടിരിക്കുകയാണ്. റോഡ് പൂര്‍ണമായും വള്ളത്തില്‍ മൂടപ്പെട്ടതിനാല്‍ ഇവിടങ്ങളിലുള്ളവര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിന് പോലും ടൗണുകളിലേക്ക് വരുന്നതിന് അസാധ്യമായിരിക്കുകയാണ്.
റോഡ് ഉയര്‍ത്തി വരും വര്‍ഷങ്ങളിലെങ്കിലും ഇതിന് ശാശ്വത പരിഹാരം കാണണമെന്നതാണ് പ്രദേശത്തുകാരുടെ ആവശ്യം.

മഴയില്‍ റെക്കോര്‍ഡ്

കല്‍പ്പറ്റ: റെക്കോര്‍ഡ് മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത് 113.33 മില്ലീമീറ്റര്‍ മഴയാണ്. വൈത്തിരി താലൂക്കില്‍ 176.8, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 83.2, മാനന്തവാടിയില്‍ 80 മില്ലീ മീറ്റര്‍ മഴയുമാണ് ലഭിച്ചത്. ഇതോടെ ജില്ലയില്‍ കാലവര്‍ഷത്തില്‍ 1275.07 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. ബാണാസുര സാഗര്‍ അണക്കെട്ടില്‍ ജല നിരപ്പ് 771.5 എം.എസ്.എല്‍ അടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം അണക്കെട്ടിലെ ജല നിരപ്പ് 761.8 അയിരുന്നു. കാരാപ്പുഴ അണക്കെട്ടില്‍ ജല നിരപ്പ് 758.2 എം.എസ്.എല്‍ ആയി നില നിര്‍ത്തിയിരിക്കുകയാണ്.

മാറ്റിപ്പാര്‍പ്പിച്ചു


പിണങ്ങോട്: കാലവര്‍ഷം കനത്തതോടെ പിണങ്ങോട് പീസ് വില്ലേജിലെ അന്തേവാസികളെ മാറ്റിപാര്‍പ്പിച്ചു. കഴിഞ്ഞ ദിവസം പീസ് വില്ലേജില്‍ വെള്ളം കയറിയിരുന്നു.
ഇന്നലെ വീണ്ടും വെള്ളം ഉയരുന്നത് ആശങ്കക്കിടയാക്കിയതിനാലാണ് മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക് ഇവിടെയുള്ളവരെ മാറ്റി പാര്‍പ്പിക്കുന്നത്. രണ്ടാഴ്ച മുമ്പ് സംസ്ഥാനത്തുടനീളം തിമര്‍ത്തു പെയ്ത മഴയിലും പീസ് വില്ലേജ് വെള്ളത്തിനടിയിലായിരുന്നു.
പ്രദേശത്തുകാരുടെയും സന്നദ്ധ സേവകരുടെയും സഹായത്തോടെ മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

 

കെ.എസ്.ഇ.ബി സബ് സ്‌റ്റേഷനില്‍ വെള്ളം കയറി; മൂന്ന് ജീവനക്കാരെ രക്ഷപ്പെടുത്തി

മണിയങ്കോട്: മണിയങ്കോട് 33 കെ.വി സബ്‌സ്‌റ്റേഷന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് വെള്ളം കയറിയത്. വെള്ളം കയറിയതിനെ തുടര്‍ന്ന് സബ്‌സ്‌റ്റേഷനിലെ മൂന്ന് ജീവനക്കാര്‍ പുറത്തിറങ്ങാന്‍ കഴിയാതെ അകപ്പെട്ടു.
ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറിയതിനാല്‍ കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് കെ.എസ്.ഇ.ബി ജീവനക്കാരായ ജോബിന്‍, റിയാസ്, ആനന്ദ് എന്നിവരെ രക്ഷപ്പെടുത്തിയത്. ആഴക്കൂടുതലുള്ള ഒരു കിലോമീറ്റര്‍ ദൂരത്തോളം റബര്‍ഡിങ്കി(ബോട്ട്) ഉപയോഗിച്ചാണ് ഫയര്‍ഫോഴ്‌സ് കെ.എസ്.ഇ.ബി ജീവനക്കാരെ പുറത്തെത്തിച്ചത്.
സബ്‌സ്റ്റേഷനില്‍ വെള്ളം കയറിയതോടെ ഇവിടെ നിന്നുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെച്ചു. കൂട്ടമുണ്ട, പടിഞ്ഞാറത്തറ സബ്‌സ്റ്റേഷനുകളിലെ വൈദ്യുതിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

 

കിണര്‍ ഇടിഞ്ഞുതാഴ്ന്നു

മാനന്തവാടി: അറുപത്തി അഞ്ച് വര്‍ഷം മുമ്പ് നിര്‍മിച്ച കിണര്‍ ഇടിഞ്ഞു താഴ്ന്നു.
മാനന്തവാടി മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള അമ്പുകുത്തിയിലെ പൊതുകിണറാണ് താഴ്ന്നത്. ഇന്നലെ വൈകുന്നേരം 4.15നാണ് സംഭവം. ഒന്നര മിനിറ്റിനുള്ളില്‍ കിണര്‍ പൂര്‍ണമായും ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോവുകയായിരുന്നു. കിണറില്‍ സ്ഥാപിച്ച മൂന്ന് മോട്ടറുകളും പൈപ്പും പൂര്‍ണമായും ഭൂമിക്കടിയിലായി.

 

ചെമ്പ്രാപീക്ക് റോഡ് ഇടിഞ്ഞുതാഴ്ന്നു


മേപ്പാടി: കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ മേപ്പാടി-ചെമ്പ്ര പീക്ക് റോഡ് ഇടിഞ്ഞ് താഴ്ന്നു.
ചെമ്പ്ര എസ്‌റ്റേറ്റ് ഹോസ്പിറ്റലിന് സമീപമാണ് റോഡ് പൂര്‍ണമായും തകര്‍ന്നത്. കഴിഞ്ഞ മാസം പെയ്ത മഴയില്‍ ഈ ഭാഗത്ത് തകരാര്‍ സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇതുവഴി ഗതാഗതവും നിലച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയോടെ നാല് അടിയോളം റോഡ് താഴ്ന്നിരിക്കുകയാണ്. പത്ത് മീറ്റര്‍ ദൂരത്തിലാണ് റോഡ് ഇല്ലാതായിരിക്കുന്നത്.

മരം കടപുഴകി; അപകടം ഒഴിവായത് തലനാരിഴക്ക്

വീഴാന്‍ സാധ്യതയുള്ള മരത്തെ നോക്കി ഭീതിയോടെ ഒരു കുടുംബം

മുട്ടില്‍: താഴെ മുട്ടിലില്‍ ബസ് സ്‌റ്റോപ്പിന് സമീപം വന്‍മരം വീണ് ദുരന്തമൊഴിവായത് തലനാരിഴക്ക്.
ഇന്നലെ രാവിലെ എട്ട് മണിയോടെ ദേശീയ പാതയോരത്തെ അക്ക്വേഷ്യാ മരങ്ങളിലൊന്നാണ് റോഡിന് കുറുകെ വീണ് മണിക്കൂറുകളോളം ഗതാഗതം മുടങ്ങിയത്. സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ നില്‍ക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തായാണ് മരം കടപുഴകി വീണത്. യാത്രക്കാരെ കയറ്റി ബസ് സ്റ്റാന്റില്‍ നിന്നും പുറപ്പെട്ട് നിമിശങ്ങള്‍ക്കകമാണ് മരം വീണത്. മരം വീണതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി വൈദ്യുതി കമ്പികളും പൊട്ടി. മരം വീണ ദിശ മാറിയിരുന്നുവെങ്കില്‍ സമീപത്തെ പുത്തന്‍വീട്ടില്‍ സാബിറയുടെ വീടിനു മുകളിലേക്കാണ് വീഴുക.
വീടിനു മുകളിലേക്ക് തൂങ്ങി നില്‍ക്കുന്ന മൂന്ന് മരങ്ങളില്‍ ഒന്നാണ് ഇന്ന് വീണത്. അടിയുറപ്പില്ലാതെ ഏതു സമയവും വീഴാറായ മരങ്ങള്‍ക്കു താഴെ ഭീതിയോടെയാണ് ഈ കുടുംബം കഴിയുന്നത്. മുട്ടില്‍ മുതല്‍ വാര്യാട് വരെ റോഡിലേക്ക് തൂങ്ങി നില്ക്കുന്ന അക്ക്വേഷ്യാ മരങ്ങള്‍ യാത്രക്കാരില്‍ ഭീതി വിതക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇനിയൊരു ദുരന്തമുണ്ടാവുന്നതിന് മുമ്പെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

ദേശീയപാതയില്‍ മരം വീണ്

മണിക്കൂറുകളോളം ഗതാഗതം മുടങ്ങി

മീനങ്ങാടി: ദേശീയപാതില്‍ കുട്ടരായിന്‍ പാലത്തിനു സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു.
പുലര്‍ച്ചെ മൂന്നിനുമ നാലിനുമായി രണ്ട് മരങ്ങളാണ് റോഡിന് കുറുകെ വീണത്. കെ.എസ്.ഇ.ബി ജീവനക്കാരും, സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കല്‍പ്പറ്റയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൂന്ന് മണിക്കൂറോളം പ്രയത്‌നിച്ചാണ് മരങ്ങള്‍ മുറിച്ചു മാറ്റിയത്. വാഹനങ്ങള്‍ കുറഞ്ഞ സമയമായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. മഴ ശക്തമായതോടെ ഈ ഭാഗത്തെ മണ്ണിടിയുന്നതിനാല്‍ മരങ്ങള്‍ വീണ് വന്‍ദുരന്തത്തിനിടയാകുമെന്ന് സുപ്രഭാതം ജൂണ്‍ 18ന് വാര്‍ത്ത നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമീപത്തെ വീടിന് ഭീഷണിയായ ഒരു മരം മുറിച്ചു മാറ്റുകയും ചെയ്തു. എന്നാല്‍ മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ കൂടുതല്‍ മണ്ണിടിയുകയും ഇന്നലെ പുലര്‍ച്ചയോടെ അവശേഷിക്കുന്ന മരങ്ങളില്‍ രണ്ട് മരങ്ങള്‍ റോഡിലേക്ക് മറിയുകയും ചെയ്തു. മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ഇനിയും മരങ്ങള്‍ വീഴുമെന്ന ഭയത്തിലാണ് നാട്ടുകാര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.