2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ആരോപിതര്‍ പൗരന്മാരെന്ന് റഷ്യ

മോസ്‌കോ: മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രീപാലിനും മകള്‍ക്കുമെതിരേ രാസായുധാക്രമണം നടത്തിയവരെന്ന് യു.കെ ആരോപിക്കുന്നവരെ പിന്തുണച്ച് റഷ്യ. അലക്‌സാണ്ടര്‍ പെട്രോവ്, റസ്‌ലാന്‍ ബഷറോവ് എന്നിവരെ ന്യായീകരിച്ചാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിന്‍ രംഗത്തെത്തിയത്. രണ്ടുപേരും കുറ്റവാളികളല്ലെന്നും തങ്ങളുടെ പൗരന്മാരാണെന്നും പുടിന്‍ പറഞ്ഞു. 

റഷ്യയിലെ വ്‌ളാപിവോസ്റ്റോക്കില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെ, ചൈനീസ് പ്രസിഡന്റ് ജിന്‍പിങ് എന്നിവര്‍ക്കൊപ്പം നടന്ന സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുവരെയും അറിയാം, അവരെ കണ്ടെത്തിയിട്ടുണ്ട്, എന്താണ് സംഭവിച്ചതെന്ന് അവര്‍ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, കുറ്റകൃത്യമായിട്ടോ പ്രത്യേകിച്ചോ ഒന്നുമില്ലെന്നും പുടിന്‍ പറഞ്ഞു.
സ്‌ക്രീപാലിനും മകള്‍ക്കുമെതിരേ സലിസ്ബറിയില്‍ മാര്‍ച്ചിലായിരുന്നു രാസായുധ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ റഷ്യന്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരായ അലക്‌സാണ്ടര്‍ പെട്രോവ്, റസ്‌ലാന്‍ ബഷറോവ് എന്നിവരാണെന്ന് യു.കെ ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇരുവരെയും തങ്ങള്‍ക്ക് അറിയില്ലെന്നാണ് റഷ്യ നേരത്ത വാദിച്ചത്. ഇരുവര്‍ക്കുമെതിരേ ബ്രിട്ടിഷ് അധികൃതര്‍ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു.
കുറ്റാരോപിതര്‍ക്കെതിരേ കൃത്യമായ തെളിവുകളുണ്ടെന്ന് സ്‌കോട്‌ലന്‍ഡ് യാഡും ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വിസും പറഞ്ഞിരുന്നു. റഷ്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് മാര്‍ച്ച് രണ്ടിനാണ് ഇരുവരും മോസ്‌കോയില്‍ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്തത്. രണ്ട് ദിവസത്തിന് ശേഷം സലിസ്ബറിയില്‍ എത്തി സ്‌ക്രീപാലിനും മകള്‍ക്കുമെതിരേ രാസായുധ പ്രയോഗം നടത്തുകയായിരുന്നു. ആ ദിവസം തന്നെ ഇരുവരും റഷ്യയിലേക്ക് മടങ്ങിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. അമിസ്ബറിയില്‍ ജൂണ്‍ 30ന് നടന്ന ഡോണ്‍ സ്റ്റര്‍ജസ്, ചാര്‍ലി റോലി എന്നിവര്‍ക്കെതിരേയുണ്ടായ ആക്രമണത്തിന് ഇരുവര്‍ക്കും ബന്ധമുണ്ടെന്നാണ് യു.കെ പൊലിസ് പറയുന്നത്. ആക്രമണത്തെ തുടര്‍ന്ന് ജൂലൈ എട്ടിന് സ്റ്റര്‍ജസ് മരിച്ചിരുന്നു.
മുന്‍ ചാരനെ ആക്രമിച്ചത് വന്‍വിവാദമുണ്ടാക്കിയിരുന്നു. റഷ്യയാണ് ആക്രമണത്തിന് പിന്നിലെന്ന് യു.കെ ആരോപിച്ചു. ഇതിനെ തുടര്‍ന്ന് യു.കെയെ പിന്തുണച്ച് യു.എസ് ഉള്‍പ്പെടെയുള്ള 20 രാജ്യങ്ങള്‍ റഷ്യന്‍ പ്രതിനിധികളെ പുറത്താക്കിയിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.