2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

ആരോപണവിധേയന് അന്വേഷണച്ചുമതല: തിരൂര്‍ ഡിവൈ.എസ്.പിക്ക് മനുഷ്യാവകാശ കമ്മിഷന്റെ വിമര്‍ശനം

 

മലപ്പുറം: ആരോപണവിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണത്തിനു നിയോഗിച്ച തിരൂര്‍ ഡിവൈ.എസ്.പിക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. വൃദ്ധ മാതാവിനെ മര്‍ദിച്ചവര്‍ക്കെതിരേ പരാതി നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന തിരൂര്‍ സൗത്ത് അന്നാര സ്വദേശിനി ഷീബയുടെ പരാതി ജില്ലാ പൊലിസ് മേധാവി ഉചിതമായ വിലയിരുത്തലിനു വിധേയമാക്കണമെന്നു കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
2018 മാര്‍ച്ച് ആറിനായിരുന്നു സംഭവം. മര്‍ദനത്തെ തുടര്‍ന്ന് അസ്വസ്ഥതകള്‍ കാണിച്ച വൃദ്ധയെ തിരൂര്‍ ആശുപത്രിയിലും തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇതിനെതിരേ മാര്‍ച്ച് 12നു തിരൂര്‍ സി.ഐക്കു പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. തുടര്‍ന്നാണ് ഷീബ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. കമ്മിഷന്‍ തിരൂര്‍ ഡിവൈ.എസ്.പിയില്‍നിന്ന് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും റിപ്പോര്‍ട്ട് നല്‍കിയത് ആരോപണവിധേയനായ സി.ഐയാണ്.
പരാതിക്കാരിയുടെ അമ്മയുടെ മരണം മര്‍ദനം കാരണമാണോയെന്നറിയാന്‍ ചികിത്സാരേഖകള്‍ പരിശോധിക്കണമെന്നാണ് സി.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മരിച്ചയാളുടെ മൃതദേഹം ദഹിപ്പിക്കാന്‍ ധൃതികാണിച്ചെന്ന ആരോപണം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പരാതിയില്‍ ആരോപിക്കപ്പെട്ട സംഭവങ്ങളിലൊന്നിലും ക്രൈം കേസ് രജിസ്റ്റര്‍ ചെയ്തതായി കാണുന്നില്ലെന്നു കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
തിരൂര്‍ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ മരിച്ചയാളിനെ ചികിത്സിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. അയല്‍വാസികളുടെ മര്‍ദനം കാരണമാണ് മുറിവുകളുണ്ടായതെന്ന് സര്‍ട്ടിഫിക്കറ്റിലുണ്ട്. പരാതിക്കാരിക്ക് ആക്ഷേപമുള്ളപക്ഷം മൂന്നാഴ്ചയ്ക്കകം ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.