2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ആരോഗ്യമേഖലയുടെ നഷ്ടം: 325 കോടിയുടെ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചു

ആലപ്പുഴ: കേരളത്തെ നടുക്കിയ പ്രളയക്കെടുതിയില്‍ ആരോഗ്യമേഖലയ്ക്ക് ഉണ്ടായ നഷ്ടം നികത്തുന്നതിന് 325.5 കോടി രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആലപ്പുഴയില്‍ പറഞ്ഞു.
പ്രളയ മേഖലയില്‍ ഉള്‍പ്പെടുന്ന ചമ്പക്കുളം സി.എച്ച്.സി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം കളക്ടറേറ്റിലെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രഫണ്ട് ലഭിക്കുമ്പോള്‍ നിലവിലുള്ള 40, 60 അനുവാദം കേരളത്തിന് ഇപ്പോള്‍ താങ്ങാനാവില്ലെന്നും ഒറ്റത്തവണ ഗ്രാന്‍ഡായി മുഴുവന്‍ തുകയും അനുവദിക്കണമെന്നുമാണ് അഭ്യര്‍ത്ഥിച്ചിട്ടുളളതെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ല ഏറ്റവും പ്രളയബാധിതമായ ജില്ലയാണ്. ഇവിടെ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. പ്രളയജലം ഒഴിഞ്ഞു തുടങ്ങുന്ന സമയത്ത് തന്നെ കണ്‍ട്രോള്‍ റൂം തുറന്നു. വെള്ളം കയറി പ്രവര്‍ത്തനരഹിതമായ ആശുപത്രികളെല്ലാം ഇപ്പോള്‍ പുനസ്ഥാപിച്ചിട്ടുണ്ട്. 38 താല്‍ക്കാലിക ആശുപത്രികള്‍ പ്രളയത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രവര്‍ത്തിപ്പിച്ചു. പുറത്തുനിന്നും വന്നവരെക്കൂടി സന്നദ്ധപ്രവര്‍ത്തകരാക്കി മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ നമുക്കായി. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു.
എലിപ്പനിക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ജില്ലയായിരുന്നു ആലപ്പുഴ. ഇത്തവണയും അത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും രണ്ട് എലിപ്പനി മരണങ്ങളാണ് സ്ഥിരീകരിച്ചത്. എലിപ്പനി മൂലം മരണപ്പെട്ടവരുടെ ചരിത്രം പരിശോധിച്ചാല്‍ അവര്‍ ഗുളിക കഴിക്കാത്തവരാണ് എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ആലപ്പുഴ ഇനിയും കരുതിയിരിക്കണം.
ഡെങ്കിക്കുള്ള സാധ്യതയും കാണുന്നുണ്ട്. കൊതുക്‌നശീകരണം വ്യാപകമാക്കണം. ഇക്കാര്യത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉറവിട നശീകരണം വളരെ കൃത്യമായി നടത്തേണ്ടതുണ്ട്. ക്ലോറിനേഷന്‍ നടക്കുന്നുണ്ട്. ജലജന്യരോഗങ്ങള്‍ ആയ കോളറ, മഞ്ഞപ്പിത്തം എന്നിവ തടയുന്നതിന് ശക്തമായ നടപടി സ്വീകരിച്ചുവരുന്നു. ചിക്കുന്‍ഗുനിയയുടെ സാധ്യതയും തള്ളിക്കളയുന്നില്ല. ചില ആളുകള്‍ വാക്‌സിനേഷനെതിരെ വ്യാജ പ്രചരണവുമായി വരുന്നത് ആരോഗ്യ പ്രവര്‍ത്തനത്തെ പിന്നോട്ടടിക്കുന്നു. വാക്‌സിനേഷന്‍ എടുക്കാത്ത ആളുകളാണ് ഡിഫ്തീരിയ വന്ന് മരിക്കുന്നത്. വാക്‌സിനേഷന്‍ 100 ശതമാനം ആക്കാന്‍ ആരോഗ്യവകുപ്പ് ശ്രമിക്കുമ്പോഴാണ് അതിനെതിരായി ചിലഭാഗങ്ങളില്‍ നീക്കം ഉണ്ടാകുന്നത്. ആളുകളുടെ ജീവന്‍ രക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഇത്തരത്തിലുള്ള കുപ്രചരണം നടത്തുന്നവരെ താക്കീത് ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കേസെടുത്തത്. പ്രളയത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ 268 താല്‍ക്കാലിക ആശുപത്രികളാണ് ആരോഗ്യവകുപ്പ് തുടങ്ങിയത.് എലിപ്പനി പ്രതിരോധിക്കാന്‍ കഴിഞ്ഞതുമൂലം വലിയൊരു മരണ നിരക്കാണ് കേരളത്തിന് കുറയ്ക്കാന്‍ ആയതെന്ന് മന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.