2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ആരോഗ്യത്തിന് കുളി

ഡോ. സ്‌നേഹാ ജയിംസ് (ഹെല്‍ത്ത് സ്‌പെഷലിസ്റ്റ്)

മലയാളികളോടു പ്രത്യേകിച്ച് പറയേണ്ടകാര്യമല്ല കുളി. എപ്പോഴാണ് കുളിക്കുന്നത് എന്ന ചോദ്യത്തിന് രാവിലെ എന്ന ഉത്തരം കൊച്ചുകുട്ടികള്‍ പോലും നല്‍കും. രാവിലെയും വൈകുന്നേരങ്ങളിലും കുളിക്കുന്നവര്‍ നിരവധിയുണ്ട്.

എന്നാല്‍ രാവിലെ കുളി ഒഴിവാക്കി രാത്രി കുളിക്കുന്നവരും നിരവധിയാണ്. ഏതു സമയത്തെ കുളിയാണ് ആരോഗ്യകരം. സൂര്യോദയത്തിനു മുന്‍പുള്ള കുളി ആരോഗ്യകരമാണെന്നാണ് പഴമൊഴി. എന്നാല്‍ ഇന്ന് നമ്മുടെ ചുറ്റുപാടുകളില്‍ നിരവധി മാറ്റങ്ങള്‍ വന്നിരിക്കുന്നു.
അനാരോഗ്യകരമായ ചുറ്റുപാടില്‍ നിന്ന് തളര്‍ച്ചയുണ്ടാവുകയും അത് ആരോഗ്യകരമായ കുളിയിലൂടെ അകറ്റുകയും ചെയ്യാമെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. രാത്രി കുളിക്കുന്നത് എന്തുകൊണ്ടും അഭികാമ്യമാണെന്നാണ് വൈദ്യപക്ഷം.

രാത്രി കുളിക്കുന്നത് ഉറക്കം ലഭിക്കുന്നതിനും ചര്‍മത്തിന്റെ ഗുണത്തിനും ഉത്തമമാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. ചര്‍മത്തില്‍ പലവിധ അണുക്കളും രാസപദാര്‍ഥങ്ങളും വിയര്‍പ്പും അടിഞ്ഞുകൂടാന്‍ ഇടയുള്ളതുകൊണ്ട് രാത്രി കുളിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പകല്‍ കുളിക്കുന്നവരും രാത്രിയിലും ഒരു കുളി പാസാക്കാന്‍ ശ്രദ്ധിക്കണമെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്.

പകല്‍ കുളി

രാവിലെ കുളിക്കുന്നത് പ്രസന്നമായ ഒരു ദിവസത്തിന്റെ ആരംഭവും ഊര്‍ജസ്വലമായ കാല്‍വയ്പുകള്‍ക്ക് ഉത്തമമവുമാണ്. എല്ലാ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധയും ഉത്തരവാദിത്തബോധവും രാവിലത്തെ കുളിയിലൂടെ കൈവരുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. പഞ്ചേന്ദ്രിയങ്ങളെ ഊര്‍ജസ്വലമാക്കാനും രാത്രിയിലെ ക്ഷീണത്തില്‍ നിന്ന് പുതിയ ദിനത്തിലേക്ക് കാര്യക്ഷമതയോടെ പ്രവേശിക്കാനും പകല്‍ കുളി ഉപകരിക്കും. ശരീരോഷ്മാവ് കൂട്ടാനും പകല്‍ കുളി നല്ലതാണ്. വ്യായാമവും മറ്റും ചെയ്യുന്നവരാണെങ്കില്‍ ശരീരോഷ്മാവ് സാധാരണ നിലയില്‍ എത്തിയതിനു ശേഷം മാത്രമേ കുളിക്കാന്‍ പാടുള്ളൂ. രാവിലെ കുളിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ആരോഗ്യകരമാണ്. അത് തുടരുകതന്നെവേണം. എന്നാല്‍ ഒപ്പം രാത്രി കുളി കൂടി ശീലമാക്കിയാല്‍ അസുഖമില്ലാതെ ശരീരത്തെ സംരക്ഷിക്കാന്‍ കഴിയും.

ആരോഗ്യകരം

രാവിലത്തെ കുളിയാണോ രാത്രിയിലത്തെ കുളിയാണോ കൂടുതല്‍ ആരോഗ്യമുണ്ടാക്കുന്നത് എന്ന് സംശയമുണ്ടെങ്കില്‍ രാത്രി കുളിയെന്നാണ് ഉത്തരം. രാത്രി കിടക്കുന്നതിനു മുന്‍പ് ശരീരം ശുദ്ധമായിരിക്കണം. ചര്‍മ സംബന്ധമായ അസുഖങ്ങളെ ഒരു പരിധിവരെ അകറ്റി നിര്‍ത്താന്‍ രാത്രി കുളിയിലൂടെ സാധിക്കും. നല്ല ഉറക്കം ലഭിക്കുന്നതിനും അത് സഹായിക്കും. മാത്രമല്ല, പുതിയ പുലരിയിലേക്ക് ആരോഗ്യകരമായ മനസും ശരീരവുമായി ഉണര്‍ന്നെണീക്കാന്‍ രാത്രി കൂളി സഹായിക്കും. കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ തുല്യമാക്കി ചര്‍മത്തിനുണ്ടായേക്കാവുന്ന ക്ലേശങ്ങളില്‍ നിന്ന് രാത്രി കുളി സംരക്ഷണം നല്‍കും.

ഉറക്കം തടയുമോ

രാത്രി കുളിക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജമുണ്ടാവുമ്പോള്‍ ഫലത്തില്‍ ഉറക്കം തടസപ്പെടുകില്ലേ എന്ന് സംശയിക്കുന്നവരുണ്ട്. രാവിലെ കുളിക്കുമ്പോള്‍ ഊര്‍ജസ്വലമാകുന്നു എന്ന അനുഭവം വച്ചാണ് ഈ സംശയമുണ്ടാകുന്നത്.
രാത്രി കുളിക്കുമ്പോള്‍ ഉറക്കത്തിന്റെ താളത്തിലേക്ക് വേഗത്തില്‍ ശരീരത്തെ പാകപ്പെടുത്തി എടുക്കുകയാണ്. പകല്‍ അസ്തമിക്കുന്നതോടെ ശരീരോഷ്മാവ് താഴാന്‍ തുടങ്ങും. ഉറക്കത്തില്‍ വളരെ താഴ്ന്ന നിലയിലുള്ള ശരീരോഷ്മാവ് ആയിരിക്കും.
രാത്രി കുളിച്ചാല്‍ ചര്‍മത്തെ അത് ചൂടുള്ളതാക്കി നിര്‍ത്തുന്നു. ശരീരത്തിലെ വെള്ളം തുടച്ചു കളയുമ്പോള്‍ ശരീരം തണുക്കാന്‍ തുടങ്ങും. ചര്‍മത്തിലെ നനവ് ആവിയാവുമ്പോഴാണ് ഈ തണുപ്പ് അനുഭവപ്പെടുന്നത്. തണുപ്പ് ലഭ്യമാവുന്നതോടെ ശരീരം ക്രമേണ വിശ്രമത്തിലേക്ക് കടക്കും.
അത് ഉറക്കത്തിലേക്ക് നയിക്കും. രാത്രി കുളി അണുബാധകളില്‍ നിന്നും ഒരു പരിധിവരെ നിങ്ങളെയും വീട്ടുകാരെയും സംരക്ഷിക്കുകയും ചെയ്യും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.