2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ആരോഗ്യം വിരലുകളില്‍

ഇ.ടി മുഹമ്മദ് ബാഖവി

പ്രപഞ്ചം മഹാവിസ്മയമാണെന്നും മനുഷ്യന്‍ പ്രപഞ്ചത്തിന്റെ പതിന്മടങ്ങ് അത്ഭുതാവഹമാണെന്നും ശാസ്ത്രലോകം സമ്മതിക്കുന്നു. സൃഷ്ടികളിലെ ഏറ്റവും അത്ഭുതമായ മനുഷ്യന്റെ ശരീരം, മനസ്, ആത്മാവ് എന്നിവയെ അറിയുന്നതിന്റെ തോതനുസരിച്ചാണു സൃഷ്ടാവിനെ അറിയാന്‍ സാധിക്കുക.
ആറ്റം മുതല്‍ ഗ്യാലക്‌സി വരെയും തൊട്ടാവാടി മുതല്‍ വന്മരങ്ങള്‍ വരെയും മനുഷ്യനിര്‍മിതിക്കുവേണ്ടിയാണു സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നു വേദഗ്രന്ഥങ്ങള്‍ ബോധ്യപ്പെടുത്തുന്നു. സൂറതുത്തീനില്‍ സുപ്രധാന ഔഷധങ്ങളായ അത്തിയും ഒലീവും പരാമര്‍ശിച്ച ശേഷമാണ് ‘മനുഷ്യനെ ഏറ്റവും മികച്ച ആസൂത്രണത്തോടെയാണു സൃഷ്ടിച്ചതെന്ന് അല്ലാഹു ഉണര്‍ത്തിയത്.
അല്ലാഹുവിന്റെ സൃഷ്ടികളില്‍ സമ്പൂര്‍ണമാണ് മനുഷ്യനെന്നു സാരം. ഫുള്‍ഓപ്ഷന്‍ വാഹനത്തിലെ സ്വിച്ചുകളെല്ലാം ഡ്രൈവറുടെ മുന്‍പില്‍ സെറ്റുചെയ്തപോലെ മനുഷ്യ ശരീരത്തിലെ ഒരു ലക്ഷം മൈല്‍ വരുന്ന രക്തവാഹിനിക്കുഴലുകളുടെയും 45000 മൈല്‍ വരുന്ന നാഡികളുടെയും ആന്തരികാവയവങ്ങളുടെയും സന്ധികളുടെയും മര്‍മങ്ങള്‍ കൈപ്പത്തി, പാദം, വിരലുകള്‍ എന്നിവിടങ്ങളിലായി സെറ്റ് ചെയ്തിരിക്കുകയാണ്.
വിരലുകളുടെ തലപ്പത്താണ് അവയുടെ പ്രധാന സ്ഥാനം. സൂറതുല്‍ ഖിയാമയില്‍ അല്ലാഹു അവന്റെ കഴിവ് വിവരിച്ചുകൊണ്ടു ‘മനുഷ്യന്റെ വിരല്‍തുമ്പുകള്‍ ശരിപ്പെടുത്താന്‍ നമുക്കു കഴിയു’മെന്നു പറഞ്ഞതു ശ്രദ്ധിക്കുക.
ചൈന, റഷ്യ, കൊറിയ, ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞ സുജോക്ക്, അക്യൂപ്രഷര്‍, പ്രണിക്ഹീലിങ്, റെയ്കി, മുദ്രചികിത്സ എന്നിവയെല്ലാം പ്രധാനമായും വിരലുകളെ കേന്ദ്രീകരിച്ച ചികിത്സാ രീതിയാണ്. മരുന്നില്ലാതെ രോഗശമനവും ആരോഗ്യസംരക്ഷണവുമെന്നതാണ് ഇവയുടെ ലക്ഷ്യം. പഠിച്ചാല്‍ സ്വയം ചെയ്യാന്‍ കഴിയുന്നതും പാര്‍ശ്വഫലങ്ങളില്ലാത്തതുമാണിത്.

ഓരോന്നും ചെറുതായി പരിചയപ്പെടാം

 

സുജോക്ക്

തലയുടെ എല്ലാ ഭാഗത്തേക്കുമുള്ള മര്‍മം കൈയുടെയും കാലിന്റെയും തള്ളവിരലിന്റെ വിവിധവശങ്ങളിലാണ്. കൈകാലുകളുടെ മര്‍മം മറ്റു വിരലുകളിലും നെഞ്ചിലെയും വയറിലെയും അവയവങ്ങളുടെ മര്‍മം കൈപ്പത്തിയിലും പാദത്തിലുമാകുന്നു. മര്‍മത്തില്‍ രക്തസഞ്ചാരം തടയുംവിധം അഴുക്കു കെട്ടിക്കിടക്കുമ്പോഴാണ് അതുമായി ബന്ധപ്പെട്ട അവയവത്തിനു രോഗമുണ്ടാകുന്നത്. മര്‍മത്തില്‍ പ്രത്യേക രീതിയില്‍ തടവുകയോ ഉലുവ, ചെറുപയര്‍ മുതലായ വിത്തുകള്‍ ഒട്ടിക്കുകയോ ചെയ്താല്‍ അതിവേഗം രോഗശമനമുണ്ടാകും.

 

അക്യൂപ്രഷര്‍

വിരലുകള്‍ മുഴുവന്‍ പരിശോധിക്കാതെ കൈപ്പത്തിയിലും വിരലുകളിലും പ്രത്യേക സ്ഥലങ്ങളിലുള്ള മുപ്പത്തിയെട്ടു മര്‍മങ്ങള്‍ മനസിലാക്കി രോഗബാധിത അവയവത്തെ പ്രതിനിധീകരിക്കുന്ന മര്‍മം അമര്‍ത്തി രോഗശമനം കണ്ടെത്തുന്ന തെറാപ്പിയാണിത്.

 

മുദ്രചികിത്സ

കാറ്റ്, മണ്ണ്, ജലം, തീ, ആകാശം എന്നീ പഞ്ചഭൂതങ്ങളാലാണു ശരീരം നിര്‍മിക്കപ്പെട്ടത്. പഞ്ചഭൂതത്തില്‍ ഓരോന്നിന്റെയും വാള്‍വുകളാണ് ഓരോ വിരലുകള്‍. വിരലുകള്‍ തമ്മില്‍ പ്രത്യേക രീതിയില്‍ തൊടുവിക്കുമ്പോള്‍ പഞ്ചഭൂതസന്തുലനം നടക്കുകയും രോഗത്തിനു കാരണമായ അസന്തുലനം പരിഹരിക്കപ്പെടുകയും ചെയ്യും. രോഗശാന്തിയും ആരോഗ്യസംരക്ഷണവും എളുപ്പമാകും.

 

പ്രാണിക് ഹീലിങ്

മനുഷ്യശരീരത്തിനു ചുറ്റും ഇന്നര്‍ ഓറ, ഔട്ടര്‍ ഓറ, ഹെല്‍ത്ത് ഓറ എന്നീ മൂന്ന് ഊര്‍ജപ്രകാശവലയങ്ങളുണ്ട്. കിര്‍ളിയന്‍ ഫോട്ടോഗ്രഫികൊണ്ട് ഇതു ചിത്രീകരിക്കാം. ആറാമിന്ദ്രിയം വഴി കാണാനും കഴിയും. സൂറത്തുനൂറില്‍ അല്ലാഹു മനുഷ്യനില്‍ അവന്റെ പ്രകാശം വെളിപ്പെടുത്തുന്നതിനെ ലൈറ്റ് ഹൗസ്, അതിനുള്ളിലെ ഗ്ലാസ്, അതിനുള്ളിലെ വിളക്ക് എന്നിങ്ങനെ ഉപമിച്ച കാര്യം പ്രാണിക് ഹീലിങ്ങിന്റെ ക്ലാസുകളില്‍ ചര്‍ച്ച ചെയ്യാറുണ്ട്.
ഭൂമിയുടെ ഓസോണ്‍ വലയംപോലെ മനുഷ്യശരീരത്തെ രോഗാണുക്കളില്‍നിന്നു സംരക്ഷിക്കുന്ന വലയമാണു ഹെല്‍ത്ത് ഓറ. ഇതിനു കേടു സംഭവിച്ചാലാണു രോഗമുണ്ടാവുന്നത്. ദൈവചിന്തയില്‍ ധ്യാനനിരതമായ മനസോടെ പ്രാര്‍ഥനാപൂര്‍വം ഏകാഗ്രത കൈവന്നാല്‍ മനുഷ്യന്റെ കൈപ്പത്തിയിലൂടെയും വിവിധ ചക്രകള്‍ വഴിയും ഡിവൈന്‍ എനര്‍ജി ഉള്ളില്‍ വന്നു നിറയും. ആ എനര്‍ജി കൈപ്പത്തിയിലൂടെയും കൈവിരലുകളിലൂടെയും പുറത്തുകൊണ്ടുവന്നു രോഗിയുടെ ഓറയെയും രോഗബാധിത സ്ഥലത്തെയും ശുദ്ധീകരിച്ച് ഊര്‍ജവല്‍ക്കരിച്ചു രോഗം സുഖപ്പെടുത്തുന്നു. അന്യഭൂഖണ്ഡങ്ങളിലുള്ളുവരെപ്പോലും വിദൂരഹീലിങിലൂടെ ചികിത്സിക്കാം.

 

റെയ്കി

പ്രാണിക് ഹീലിങ്ങിലെ തിയറി തന്നെയാണ് ഇതിലും പ്രയോഗിക്കുന്നത്. പക്ഷേ, ഊര്‍ജവല്‍ക്കരിക്കപ്പെട്ട കൈപ്പത്തിയും വിരലുകളും രോഗബാധിത സ്ഥലത്തെ ടച്ച് ചെയ്യിക്കുന്നു. പ്രാണിക് ഹീലിങ്ങില്‍ ടച്ച് ചെയ്യാതെയാണ് ഊര്‍ജവല്‍ക്കരണം നടത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.