2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആരുഷി വധം: മാതാപിതാക്കള്‍ കുറ്റക്കാരല്ല; വെറുതെ വിട്ടു

അലഹബാദ്: ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ആരുഷി വധക്കേസില്‍ മാതാപിതാക്കളായ രാജേഷ് തല്‍വാര്‍, നൂപുര്‍ തല്‍വാര്‍ എന്നിവരെ കുറ്റക്കാരല്ലെന്നുകണ്ട് അലഹബാദ് ഹൈക്കോടതി വെറുതെവിട്ടു. ഇരുവരും കുറ്റക്കാരെന്നു കണ്ട് തടവുശിക്ഷ വിധിച്ച പ്രത്യേക സി.ബി.ഐ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി റദ്ദാക്കി.
ദന്തഡോക്ടര്‍മാരായ രാജേഷ് തല്‍വാറിനെയും ഭാര്യ നൂപുര്‍ തല്‍വാറിനെയും സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ഇരുവര്‍ക്കുമെതിരായ ആരോപണം സംശയാതീതമായി തെളിയിക്കുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടതായി ബി.കെ. നാരായണ, എ.കെ.മിശ്ര എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
2008 മേയ് 17നാണ് 14 കാരിയായ ഇവരുടെ മകള്‍ ആരുഷിയെ നോയിഡയിലെ വീട്ടിലെ കിടപ്പുമുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ വീട്ടുവേലക്കാരനായിരുന്ന ഹേംരാജ്(45) ആയിരിക്കാം കൊലയാളിയെന്ന് സംശയിച്ചിരുന്നെങ്കിലും രണ്ടുദിവസത്തിനുശേഷം ഇവരുടെ വീടിന്റെ ടെറസില്‍ ഇയാളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കൊലയ്ക്കുപിന്നില്‍ ദന്തഡോക്ടര്‍മാരായ രാജേഷും ഭാര്യയുമായിരിക്കാമെന്ന നിഗമനത്തില്‍ സി.ബി.ഐ എത്തിയത്.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. 2013 നവംബറിലാണ് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തി ഇവരെ ജീവപര്യന്തം തടവിന് സി.ബി.ഐ കോടതി ശിക്ഷിച്ചത്. നാലുവര്‍ഷമായി തടവില്‍ കഴിയുന്ന ഇവരെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്നുതന്നെ മോചിപ്പിച്ചേക്കും. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരേ സി.ബി.ഐ, സുപ്രിം കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം.
സി.ബി.ഐ കോടതി വിധി ചോദ്യം ചെയ്താണ് ഇരുവരും അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും ശിക്ഷിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആദ്യം ഉത്തര്‍പ്രദേശ് പൊലിസ് അന്വേഷിച്ച കേസ് തൃപ്തികരമല്ലെന്ന് കണ്ട് പ്രതിഷേധം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.
തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇത് തള്ളിയ മജിസ്‌ട്രേറ്റ് കോടതി മാതാപിതാക്കളെ പ്രതിചേര്‍ത്ത് വിചാരണ തുടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.