2019 December 11 Wednesday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

ആരുടെയും അച്ഛന്റെ സ്വത്തല്ല ഹിന്ദുസ്ഥാന്‍

മഹുവ മോയിത്ര എം.പി

 

 

നിങ്ങള്‍ക്കു മൃഗീയ ഭൂരിപക്ഷമുള്ള ഒരു പാര്‍ലമെന്റാണെങ്കിലും വിയോജിപ്പിന്റെ ശബ്ദം കേള്‍ക്കാന്‍ തയാറാകണം. ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ ഹോളോകോസ്റ്റ് (ലോകയുദ്ധത്തിനിടെ ഹിറ്റ്‌ലര്‍ നടത്തിയ കൂട്ടക്കൊല) സ്മാരകത്തില്‍ 2017ല്‍ ഒരു പോസ്റ്റര്‍ ഉണ്ടായിരുന്നു. അതില്‍ ഫാസിസത്തിന്റെ സൂചകങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുണ്ട്. ഇവയാണ് അതിന്റെ ലക്ഷണങ്ങള്‍:

1, നമ്മുടെ രാഷ്ട്രഘടനയ്ക്കു തന്നെ ഭീഷണിയായി ഉയരുന്ന വിധത്തിലുള്ള അതിദേശീയത ഇവിടെ ശക്തമായി വേരോടിക്കൊണ്ടിരിക്കുന്നു. അപരിചിതരെയും വിദേശികളെയും വെറുക്കുന്ന, ഉപരിപ്ലവവും ഇടുങ്ങിയതുമായ ആ ചിന്താഗതി രാജ്യത്തെ വിഭജിക്കുന്നതാണ്, ഒന്നിപ്പിക്കുന്നതല്ല. അതിന്റെ ഫലമായാണ് ഭരണഘടന ഇന്നു ഭീഷണി നേരിടുന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച് അസമില്‍ നടക്കുന്ന വിവാദങ്ങളുടെ അടിസ്ഥാനമെന്താണ് പൗരരെ അവരെ വീടുകളില്‍ നിന്നു വലിച്ചുപുറത്തിട്ട് അവരെ വിദേശികളെന്നു മുദ്രകുത്തുന്നു. കഴിഞ്ഞ 50 വര്‍ഷമായി ഇവിടെ ജീവിക്കുന്നവരോട് നിങ്ങള്‍ ഇന്ത്യക്കാര്‍ തന്നെയാണെന്നതിന്റെ രേഖ കൊണ്ടുവരൂ എന്ന് ആവശ്യപ്പെടുന്നു. ഏതു കോളജില്‍ നിന്നാണ് ബിരുദമുള്ളതെന്നു തെളിയിക്കുന്ന രേഖ കൊണ്ടുവരാന്‍ കഴിയാത്ത മന്ത്രിമാരുള്ള ഒരുരാജ്യത്താണ് ദരിദ്ര ജനവിഭാഗങ്ങള്‍ ഇന്ത്യക്കാരാണെന്നു തെളിയിക്കാന്‍ രേഖ കൊണ്ടുവരണമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഒരാളുടെ രാജ്യസ്‌നേഹവും രാഷ്ട്രത്തേടുള്ള കൂറും തെളിയിക്കാന്‍ പ്രത്യേക അടയാളങ്ങള്‍ കാണിക്കാന്‍ സാധിക്കില്ല. എന്നാല്‍, ഒരു അടയാളത്തിനോ മുദ്രാവാക്യത്തിനോ അവന്‍ രാജ്യസ്‌നേഹിയാണെന്നു കാണിക്കാനും സാധിക്കില്ല.

2, ഭരണത്തിന്റെ എല്ലാതലത്തിലും മനുഷ്യാവകാശങ്ങള്‍ക്കു തെല്ലും വില കല്‍പ്പിക്കപ്പെടാത്ത അവസ്ഥ വന്നിരിക്കുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ വിദ്വേഷത്തിന്റെയും വംശവെറുപ്പിന്റെയും പേരിലുള്ള ആക്രമണങ്ങള്‍ പെരുകി. ഇതു പത്തിരട്ടി വരെ വര്‍ധിച്ചു. ഇതൊരു ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പിന്റെ മൂല്യനിര്‍ണയം പോലെയാണ്. അവര്‍ അവിടെയിരുന്ന് ഇത്തരം ആക്രമണങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആജ്ഞാപിക്കുകയാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രാജ്യത്ത് ക്രമാതീതമായി വര്‍ധിച്ചു. 2017ല്‍ രാജസ്ഥാനില്‍ ക്ഷീരകര്‍ഷകനായ പെഹ്‌ലു ഖാന്റെയും കഴിഞ്ഞദിവസം ജാര്‍ഖണ്ഡില്‍ തബ്‌റിസ് അന്‍സാരിയുടെയും കൊലകള്‍ ഉദാഹരണങ്ങളാണ്. ഈ പട്ടിക നീണ്ടുപോകുകയാണ്.

3, രാജ്യത്തെ അധിക മാധ്യമസ്ഥാപനങ്ങളും ഒരാള്‍ക്കു നിയന്ത്രിക്കാനാവും വിധം കൈയടക്കി വച്ചിരിക്കുന്നതുമാണ്. രാജ്യത്തെ ഏറ്റവും വലിയ അഞ്ചു മാധ്യമസ്ഥാപനങ്ങള്‍ പരോക്ഷമായെങ്കിലും നിയന്ത്രിക്കുന്നത് ഒരു വ്യക്തിയാണ്. നിലവില്‍ ഭരണകക്ഷിയുടെ പ്രചാരണത്തിനു വേണ്ടിയാണ് ടെലിവിഷന്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷ കക്ഷികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിങ് ഒട്ടുമില്ലതാനും.

മാധ്യമങ്ങളില്‍ പരസ്യത്തിനു വേണ്ടി ചെലവാക്കിയ പണത്തിന്റെ കണക്ക് സര്‍ക്കാര്‍ ഇവിടെ അവതരിപ്പിക്കട്ടെ. മാധ്യമങ്ങളില്‍ വരുന്ന സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാണ് 120ഓളം പേരെ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ജോലി ചെയ്യിക്കുന്നതു തന്നെ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു സമയത്ത് നിരവധിയായ വ്യാജവാര്‍ത്തകളാണു പ്രചരിച്ചത്. സര്‍ക്കാരും ഭരണകക്ഷി അനുകൂലികളും വാട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നുണകള്‍ പ്രചരിപ്പിക്കുകയാണ്. നുണകള്‍ തന്നെ വീണ്ടും വീണ്ടും പറഞ്ഞ് അവ സത്യമാണെന്നു വരുത്തിത്തീര്‍ക്കുകയാണ്. എന്നാല്‍ ഞാന്‍ പറയുന്നു, എല്ലാ സമയത്തും അതു സത്യമാകണമെന്നില്ല. ഇതെല്ലാം രാഷ്ട്രഘടനയെ അപകടത്തിലാക്കുകയാണ്.

4, കുട്ടികളെ അനുസരണ പഠിപ്പിക്കാന്‍ അദൃശ്യരൂപം(പ്രേതം) വരുന്നുണ്ടെന്നു പറഞ്ഞ് ഭയപ്പെടുത്തുന്നതുപോലെയാണ് രാജ്യത്തെ പൗരരെയും ഭയപ്പെടുത്തുന്നത്. അദൃശ്യരൂപത്തെ ശത്രുസ്ഥാനത്തുനിര്‍ത്തി രാജ്യസുരക്ഷയുടെ പേരില്‍ പൗരരെ ഉപദ്രവിക്കുന്നു. ഭയം എവിടെയും ഉല്‍പാദിപ്പിക്കപ്പെടുന്നു. സൈനിക നേട്ടങ്ങള്‍ പോലും പലപ്പോഴും ഒരു വ്യക്തിയുടെ നേട്ടമായി പ്രചരിപ്പിക്കുന്നു. ഓരോ ദിവസവും കഴിയുംതോറും പുതിയ ശത്രുക്കളെയും സൃഷ്ടിക്കുകയാണ്. 2014 മുതല്‍ രാജ്യത്ത് മരിക്കുന്ന സൈനികരുടെ എണ്ണവും ഭീകരാക്രമണങ്ങളും വര്‍ധിക്കുകയാണ്. കശ്മിരില്‍ ജവാന്മാരുടെ മരണത്തില്‍ 106 മടങ്ങ് വര്‍ധനയാണുണ്ടായത്.
5, ഒരു സര്‍ക്കാരും മതവും തമ്മില്‍ ഇത്രമേല്‍ കൂടിപ്പിണഞ്ഞു കിടക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ്. ഇതേക്കുറിച്ചൊക്കെ ഞാന്‍ പറഞ്ഞുതരണോ പൗരത്വം എന്താണെന്നു ഞാന്‍ ഒരിക്കലൂടെ വിശദീകരണം നല്‍കണോ അസമിലെ പൗരത്വ രജിസ്റ്ററും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പൗരത്വ ബില്ലുമെല്ലാം ഒരൊറ്റ സമുദായത്തെ ലക്ഷ്യംവച്ചു മാത്രമാണ്. പ്രമാദമായ മറ്റൊരുപാട് വിഷയങ്ങള്‍ ഉണ്ടായിരിക്കെ ഈ സമയത്തെല്ലാം അയോധ്യയിലെ രണ്ടേമുക്കാല്‍ ഏക്കര്‍ വരുന്ന സ്ഥലത്തെച്ചൊല്ലിയാണ് പാര്‍ലമെന്റംഗങ്ങളുടെ ആധി. എന്നാല്‍, അതിനപ്പുറത്ത് ഇന്ത്യയുടെ ബാക്കി 812 ദശലക്ഷം ഏക്കര്‍ ഉണ്ട്. അതും നിങ്ങളുടെ ചിന്താപരിധിയില്‍ വരേണ്ടതുണ്ട്.

6, ബുദ്ധിജീവികളോടും കലാകാരന്‍മാരോടും വിദ്വേഷവും പകയും വച്ചുപുലര്‍ത്തുന്നു. ഇത് അപകടകരമായ ഒന്നാണ്. കൂടെ എല്ലാ എതിര്‍ശബ്ദങ്ങളെയും അടിച്ചമര്‍ത്തുകയും ചെയ്യുന്നു. വിയോജിപ്പിന്റെ സ്വരമുയര്‍ത്തല്‍ ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമാണ്. വിദ്യാഭ്യാസം, ശാസ്ത്രചിന്ത എന്നിവയ്‌ക്കെല്ലാമുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്നു. ഭരണഘടന ആര്‍ട്ടിക്കിള്‍ 51 പ്രകാരം ഇവ ഉറപ്പുനല്‍കുന്നുണ്ടെന്ന് പ്രത്യേകം ഓര്‍ക്കണം. എല്ലാം ചെയ്തുകൊണ്ടിരിക്കുന്നത് ഇന്ത്യയെ കറുത്ത യുഗങ്ങളിലേക്കു കൊണ്ടുപോകാനാണ്. സ്‌കൂളുകളിലെ സെക്കന്‍ഡറി ടെക്സ്റ്റ് ബുക്കുകളില്‍ വരെ തിരിമറികള്‍ നടക്കുന്നുണ്ട്. വിമതശബ്ദങ്ങള്‍ കേള്‍ക്കാനോ അവ ഉള്‍ക്കൊള്ളാനോ ഉള്ള സഹിഷ്ണുതാ മനോഭാവം സര്‍ക്കാരിനില്ല. എതിര്‍ശബ്ദങ്ങള്‍ ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം അവിഭാജ്യമാണ്. വിവിധ കാരണങ്ങള്‍ പറഞ്ഞ് നിങ്ങള്‍ക്ക് ഞങ്ങളെ വിലങ്ങുവയ്ക്കാനാവില്ല.
7, ഇലക്ടറല്‍ സംവിധാനത്തില്‍ നിന്ന് സ്വാതന്ത്ര്യം ചോര്‍ന്നുപോയത് ഫാസിസത്തിന്റെ അവസാന സൂചനയാണ്. പ്രധാന ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥലംമാറ്റി. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കു മുന്‍പ് ബംഗാളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആകെ ചെലവാക്കിയ 60,000 കോടി രൂപയില്‍ 27,000വും ചെലവഴിച്ചത് ബി.ജെ.പിയാണ്. എന്നാല്‍ ആ പാര്‍ട്ടിക്കെതിരേ കമ്മിഷന്റെ ഒരന്വേഷണമോ നടപടിയോ ഉണ്ടായില്ല.

‘സഭീ കാ ഖൂന്‍ ഹേ ശാമില്‍ യഹാ കാ മിട്ടീ മേ… കിസീ കാ ബാപ് കാ ഹിന്ദുസ്ഥാന്‍ തോഡീ ഹേ…’ (എല്ലാ വിഭാഗം ജനങ്ങളുടെയും രക്തം ഈ മണ്ണിലുണ്ട്. ആരുടെയും അച്ഛന്റെ സ്വത്തല്ല ഹിന്ദുസ്ഥാന്‍).

(ചൊവ്വാഴ്ച ലോക്‌സഭയില്‍ നടത്തിയ
പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍)

ആരാണ് മഹുവ മോയിത്ര ?

1975 മെയിലാണ് ജനനം. കൊല്‍ക്കത്തയിലും അസമിലുമായി വളര്‍ന്നു. സ്‌കൂള്‍ വിദ്യാഭ്യാസം ഇന്ത്യയില്‍ പൂര്‍ത്തിയാക്കിയ ശേഷം കൗമാരപ്രായത്തില്‍ തന്നെ അമേരിക്കയിലെത്തി. തുടര്‍പഠനവും ജോലിയും അവിടെ തന്നെ. മസാചുസെറ്റ്‌സ് കോളജില്‍ നിന്ന് കണക്കും സാമ്പത്തിക ശാസ്ത്രവും പഠിച്ചു. അമേരിക്കയുടെ മുന്‍നിര ബാങ്കായ ജെ.പി മോര്‍ഗന്റെ വൈസ് പ്രസിഡന്റ് എന്ന താരപദവി ഉപേക്ഷിച്ച് 2008ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. അടുത്തവര്‍ഷം കോണ്‍ഗ്രസില്‍ ചേര്‍ന്നു. അതിവേഗം രാഹുല്‍ഗാന്ധിയുടെ വലംകൈയുമായി. രാഹുലിന്റെ ആം ആദ്മി കാ സിപായി പദ്ധതിയുടെ പ്രയോക്താവാകുകയും ചെയ്തു. രാഹുലിന്റെ യൂത്ത് ബ്രിഗേഡിലും അംഗമായി. വൈകാതെ കോണ്‍ഗ്രസിനെ ഉപേക്ഷിച്ച അവര്‍, തൃണമൂലിലെത്തി. തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ അടുപ്പക്കാരിയുമായി. ഇപ്പോള്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാരിലൊരാളും വക്താവുമാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.