2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ആരും ഇഫ്താറിന് വിളിക്കാത്ത റമദാന്‍

അജ്മല്‍ അശ്അരി എഴുതിയ ‘നന്മയുടെ ഭക്ഷണ ദാനം’ എന്ന ഫീച്ചര്‍(ലക്കം 94, ജൂലൈ 3) ശ്രദ്ധേയമായി. കൃത്യമായ മുന്നൊരുക്കത്തോടെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ രാവിലെത്തന്നെയെത്തി രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കണക്കെടുത്ത് നോമ്പു തുറയ്ക്കും അത്താഴത്തിനും വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കി എത്തിച്ചു കൊടുക്കുന്ന കോഴിക്കോട് കുറ്റ്യാടിയിലെ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. 

ആശുപത്രികളിലെ രോഗികളിലും കൂട്ടിരിപ്പുകാരിലും പുറത്തു നിന്നു ഭക്ഷണം വാങ്ങിക്കഴിക്കാന്‍ കഴിയാത്തവര്‍ ഏറെയുണ്ടാകും. അത്തരം ആളുകള്‍ക്ക് വലിയ സഹായമാകുന്ന ഈ സംരംഭം ഇതര ജില്ലകളിലേക്കും വരുംനാളുകളില്‍ വിക വികസിപ്പിക്കണം.
റമദാന്‍ കാലത്ത് ജാതിമത ഭേദമന്യേ ആയിരങ്ങള്‍ സ്‌നേഹത്തണലില്‍ നോമ്പുതുറക്കുന്നത് ഇക്കാലത്ത് എടുത്തുപറയേണ്ടത് തന്നെയാണ്. ഭക്ഷണത്തോടുള്ള പ്രിയമോ ആര്‍ത്തിയോ അല്ല അതിന്റെ മാനദണ്ഡം എന്നതാണ് പ്രത്യേകത.
എന്നാല്‍ പതിവിനു വിപരീതമായി എന്റെ ഗ്രാമത്തില്‍ സമൂഹനോമ്പുതുറ ഉണ്ടായില്ല എന്നാണ് അറിഞ്ഞത്. പ്രിയ സഹോദരങ്ങള്‍ എന്നെ നോമ്പുതുറയ്ക്ക് വിളിക്കുക പതിവായിരുന്നു. അവരൊന്നും ഇക്കുറി വിളിച്ചില്ല. വിളിക്കാന്‍ തക്കതായ എന്തെങ്കിലും കാരണം കാണുമായിരിക്കും.
അതെന്തായാലും അന്വേഷിക്കാന്‍ താത്പര്യമുള്ളവനല്ല ഞാന്‍. ചെറുപ്പകാലം മുതല്‍ എല്ലാവരോടും സഹവര്‍ത്തിച്ചുള്ള ജീവിതമാണ് എന്റേത്. സ്‌നേഹവും സൗഹൃദവും പങ്കുവയ്ക്കുന്നവര്‍ക്കൊപ്പം ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുന്നതു പോലും വരദാനമായി കാണുന്നവനാണ് ഈയുള്ളവന്‍.

സി ബാലകൃഷ്ണന്‍
ചക്കരക്കുളമ്പ്
മണ്ണാര്‍ക്കാട്
പാലക്കാട്‌


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.