2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ആരാണ് ന്യൂനപക്ഷങ്ങള്‍? മാര്‍ഗരേഖയുണ്ടാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ കണ്ടെത്തുന്നതിന് മാര്‍ഗരേഖയുണ്ടാക്കി സമര്‍പ്പിക്കാന്‍ കേന്ദ്ര ന്യൂനപക്ഷ കമ്മിഷന് സുപ്രിംകോടതി നിര്‍ദേശം. മൂന്ന് മാസത്തിനുള്ളില്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായയുടെ ഹരജിയുടെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി നടപടി. ഇതു സംബന്ധിച്ച ഹരജി വീണ്ടും ന്യൂനപക്ഷ കമ്മിഷനില്‍ സമര്‍പ്പിക്കാനും സുപ്രിംകോടതി ഹരജിക്കാരന് നിര്‍ദേശം നല്‍കി.
1992ലെ ന്യൂനപക്ഷ കമ്മിഷന്‍ നിയമം അസാധുവാക്കണമെന്നാണ് ഹരജിക്കാരന്റെ ഒരാവശ്യം. ന്യൂനപക്ഷങ്ങളാരെന്ന് നിര്‍വചിക്കണമെന്നും യഥാര്‍ഥ ന്യൂനപക്ഷങ്ങള്‍ക്ക് ബന്ധപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി 2017ല്‍ അശ്വനി ഉപാധ്യായ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യമാവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മിഷനെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചതിനാല്‍ ഹരജി പിന്‍വലിക്കുകയും കമ്മിഷനെ സമീപിക്കുകയും ചെയ്തു. എന്നാല്‍ 15 മാസമായിട്ടും ഇക്കാര്യത്തില്‍ കമ്മിഷന്‍ ഒന്നും ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ സുപ്രിംകോടതിയെ സമീപിച്ചത്.
ന്യൂനപക്ഷങ്ങളെ നിര്‍വചിക്കാത്തതിനാല്‍ അര്‍ഹതയില്ലാത്തവര്‍ ഭരണഘടനയുടെ 29,30 വകുപ്പുകള്‍ പ്രകാരമുള്ള പരിരക്ഷ നേടുകയും വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള വകുപ്പുകളില്‍നിന്ന് ഒഴിവ്കഴിവ് നേടുകയും മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നുവെന്നാണ് ഹരജിക്കാരന്റെ വാദം.
യഥാര്‍ഥ ന്യൂനപക്ഷങ്ങള്‍ക്ക് ന്യൂനപക്ഷാവകാശ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഇത് തടസമാകുന്നു. ഇത് ഭരണഘടനയുടെ ലംഘനമാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും ദുര്‍ബലരായ എണ്ണത്തില്‍ സംസ്ഥാന ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്നവരെ മാത്രമേ ന്യൂനപക്ഷങ്ങള്‍ക്കായുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാക്കാവൂ എന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.