2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ആരാകും നമ്പര്‍ 1

സൂറിച്ച്: ഫിഫയുടെ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ ആരാണെന്നറിയാന്‍ കാത്തിരിക്കുകയാണ് ലോകം. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതെയാണ് ഇത്തവണ ഫിഫ മികച്ച കളിക്കാരുടെ പട്ടിക പുറത്തുവിട്ടിട്ടുള്ളത്. യുവന്റസ് താരവും റയല്‍ മാഡ്രിഡിന് ചാംപ്യന്‍സ് ലീഗ് നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിവര്‍പൂളിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച ഈജിപ്ഷ്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് സലാഹ്, ക്രോയേഷ്യന്‍ ടീമിന്റെയും റയല്‍ മാഡ്രിഡിന്റെയും നട്ടെല്ലായ ലൂക്കാ മോഡ്രിച്ച് എന്നിവരെയാണ് അവസാന മൂന്നില്‍ ഫിഫ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയായിരുന്നു ഫിഫ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തത്.

വനിതാ താരം
നോര്‍വേ ടീമിന്റെ താരവും ലിയോണ്‍ മുന്നേറ്റ നിരയുടെ കരുത്തുമായ അദ ഹെഗര്‍ബര്‍ഗ്, ലിയോണിന്റെ തന്നെ താരമായ ജര്‍മന്‍ ഫുട്‌ബോളര്‍ സെനിഫര്‍ മറോസാന്‍, ബ്രസീലിയന്‍ സൂപ്പര്‍ താരം മാര്‍ത്ത എന്നിവരേയാണ് വനിതാ ഫുട്‌ബോളര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വനിതാ ചാംപ്യന്‍സ് ലീഗില്‍ ഡിവിഷന്‍ 1ല്‍ മികച്ച പ്രകടനം നടത്തിയതിനാണ് ലിയോണ്‍ താരങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വനിതാ കോപാ അമേരിക്കയില്‍ മാര്‍ത്ത നടത്തിയ മികച്ച പ്രകടനം പരിഗണിച്ചാണ് മാര്‍ത്തയെ പരിഗണിച്ചിട്ടുള്ളത്.

ഗോള്‍ കീപ്പര്‍മാര്‍
ലോകകപ്പില്‍ ബെല്‍ജിയത്തിന് വേണ്ടി ഗോള്‍വല കാത്ത സൂപ്പര്‍ താരം തിബോട്ട് കുര്‍ട്ടോയിസ്, ലോകകപ്പില്‍ ഫ്രാന്‍സിന്റെ നെടും തൂണായി നിന്ന ഹുഗോ ലോറിസ്, ലൈസസ്റ്റര്‍ സിറ്റി ഗോല്‍കീപ്പറായ ഡെന്‍മാര്‍ക്ക് താരം കാസ്പര്‍ ഷ്‌മൈക്കിള്‍ എന്നിവരേയാണ് മികച്ച ഗോള്‍കീപ്പര്‍മാര്‍ക്കുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലോറിസിനെയും കുര്‍ട്ടോയിസിനെയും ലോകകപ്പിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് പരിഗണിച്ചിട്ടുള്ളത്. ലൈസസ്റ്റര്‍ സിറ്റിയിലെ മികച്ച പ്രകടനമാണ് ഡെന്‍മാര്‍ക്ക് ഗോള്‍ക്കീപ്പറെ പട്ടികയിലെത്തിച്ചത്.

പുരുഷ പരിശീലകന്‍
ഫിഫയുടെ പരിശീലകനെ കണ്ടെത്താനുള്ള പട്ടികയില്‍ രണ്ട് ഫ്രഞ്ചുകാര്‍ ഇടം നേടിയിട്ടുണ്ട്. ഫ്രാന്‍സിനെ ലോകകപ്പ് ചാംപ്യന്‍മാരാക്കുന്നതിന്റെ പിന്നണി പ്രവര്‍ത്തകന്‍ ദിദിയര്‍ ദെശാംപ്‌സ്, ക്രോയേഷ്യയെ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനല്‍ കളിപ്പിച്ച സ്ലാറ്റ്‌കോ ഡാലിച്ച്, റയല്‍ മാഡ്രിഡിന് മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച പരിശീലകന്‍ സിനദീന്‍ സിദാന്‍ എന്നിവരേയാണ് പരിശീലകരുടെ പട്ടികയില്‍ പരിഗണിച്ചിട്ടുള്ളത്. സിനദീന്‍ സിദാനെയായിരുന്നു കഴിഞ്ഞ വര്‍ഷം മികച്ച പരിശീലകനായി തിരഞ്ഞെടുത്തത്.

വനിതാ പരിശീലക
ഒളിംപ്യാകോ ലിയോണിന്റെയും ഫ്രാന്‍സ് വനിതാ ടീമിന്റെയും പരിശീലകയായ റെയ്‌നാള്‍ഡ് പെഡ്രാസ്, ജപ്പാന്‍ ദേശീയ ടീമിന്റെ പരിശീലക അസാകോ തകാകുറ, ഹോളണ്ട് ദേശീയ ടീമിന്റെ പരിശീലക സറിന വിഗ്മെന്‍ എന്നിവരെയാണ് വനിതാ പരിശീലകര്‍ക്കുള്ള അവാര്‍ഡിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പുഷ്‌കാസ് അവാര്‍ഡ്
ഗരത് ബെയ്ല്‍ (റയല്‍ മാഡ്രിഡ്), ഡെനിസ് ചെറിഷേവ് (റഷ്യ), ലാസറോസ് ക്രിസ്റ്റോഡോളോപലോസ് (എ.ഇ.കെ ഏതന്‍സ്), ക്രിസ്റ്റിയാനോ റൊണാള്‍ഡോ (റയല്‍ മാഡ്രിഡ്), ജോര്‍ജിയന്‍ ദി അറസ്‌കാറ്റ (ക്രുസെറോ), റിലേ മക്ഗ്രീ (ന്യൂ കാസില്‍), ലയണല്‍ മെസ്സി (അര്‍ജന്റീന), ബെഞ്ചമിന്‍ പവാര്‍ഡ് (ഫ്രാന്‍സ്), റിക്കോര്‍ഡോ കരിസ്മ (പോര്‍ച്ചുഗല്‍), മുഹമ്മദ് സലാഹ് (ലിവര്‍പൂള്‍) എന്നിവരാണ് ഫിഫ പുഷ്‌കാസ് അവാര്‍ഡിനായി പരിഗണിച്ച പത്തു പേര്‍. ഇതില്‍നിന്ന് ഫിഫയുടെ ലെഗന്‍ഡ് കമ്മിറ്റി തിരഞ്ഞെടുക്കുന്ന താരത്തിന് അവാര്‍ഡ് സമ്മാനിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.