2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

ആയുഷ്മാന്‍ ഭാരത് പദ്ധതി; ഓടിത്തളരാന്‍ പോസ്റ്റുമാന്‍

ആലത്തൂര്‍: ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്തുവെന്ന് കാണിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത് വീടുകളിലേക്ക്. അഞ്ചു ലക്ഷം രൂപവരെ ആരോഗ്യ പരിരക്ഷ ഉറപ്പുനല്‍കുന്ന പദ്ധതിയില്‍ ഗുണഭോക്താവായി തിരഞ്ഞെടുത്തുവെന്ന് ഗുണഭോക്താക്കളെ നേരിട്ട് അറിയിച്ചുകൊണ്ടാണ് കത്തയച്ചിരിക്കുന്നത്. ഇതുപ്രകാരം പാലക്കാട് ജില്ലയില്‍ 2.18 ലക്ഷം കത്തുകളാണ് തപാലോഫീസുകളില്‍ വിതരണത്തിനെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ബഹുവര്‍ണ ചിത്രമുള്‍പ്പെടെയുള്ള കത്തില്‍ സാമൂഹ്യസാമ്പത്തിക സെന്‍സസ് അനുസരിച്ച് കേരളത്തില്‍ നിലവിലുള്ള ആര്‍.എസ്.ബി.വൈ പദ്ധതി പ്രകാരം 42 ലക്ഷം പേര്‍ക്ക് വര്‍ഷം 30,000 രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ട്. ഇനി 18.5 ലക്ഷം പേര്‍ക്കാണ് പരിരക്ഷ ലഭിക്കുന്നതെന്നും കത്തില്‍ പറയുന്നു. രജിസ്‌ട്രേഡ് തപാല്‍ ആയതിനാല്‍ മേല്‍വിലാസക്കാരന് നല്‍കി ഒപ്പിട്ടുവാങ്ങേണ്ടി വരുമെന്നതിനാല്‍ തപാല്‍ ജീവനക്കാര്‍ക്ക് അധിക ജോലിയായി മാറിയിട്ടുണ്ട്. ഒരു തപാലോഫിസില്‍ 2,500 മുതല്‍ 4,000 വരെ കത്തുകളാണ് ഇപ്പോള്‍ കൈമാറാനായി വന്നിട്ടുള്ളത്. മിക്കതിലും പൂര്‍ണമായ മേല്‍വിലാസമില്ലാത്തതും ദുരിതമായിട്ടുണ്ട്.
ആയുഷ്മാന്‍ പദ്ധതിയില്‍ കുടുംബത്തിലെ എല്ലാവരും അംഗമാകുന്നതിനാല്‍ മേല്‍വിലാസക്കാരന്‍ മരണപ്പെട്ടാലും ആ കത്ത് കുടുബാംഗങ്ങള്‍ക്ക് കൈമാറണമെന്നാണ് തപാല്‍ വകുപ്പിനോട് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ കത്ത് പദ്ധതിയില്‍ അംഗമാകുന്നതിനുള്ള സാക്ഷ്യപത്രമല്ല, ആശുപത്രിയില്‍ പ്രവേശിക്കുന്ന വേളയില്‍ ഈ കത്തിനു പുറമെ ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, രാഷ്ട്രിയ സ്വസ്ത് ഭീമ യോജന (ആര്‍.എസ്.ബി.വൈ.) കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമെന്ന് ഹാജരാക്കണമെന്നും മുന്നറിയിപ്പും നല്‍കുന്നുണ്ട്.
പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ ഭാഗമായ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ലഭിക്കുന്ന കത്ത് അച്ചടിച്ച് രജിസ്‌ട്രേഡ് തപാലില്‍ അയക്കാന്‍ ഒരെണ്ണത്തിന് 43 രൂപയെങ്കിലും ചെലവു വരുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് കാരുണ്യ സാര്‍വത്രിക ആരോഗ്യ സുരക്ഷാ പദ്ധതി എന്ന പേരിലാണ്. ഇതിനായി കേരളവും, കേന്ദ്രവുമായി ഒപ്പിട്ടിട്ടുള്ള ധാരണപത്രപ്രകാരം 2019 ഏപ്രില്‍ ഒന്നുമുതലാണ് കേരളത്തില്‍ ഇത് നടപ്പിലാക്കുകയുള്ളൂ. പദ്ധതി നടപ്പിലാക്കുന്നതിനായി ആനുകൂല്യത്തിന്റെ വലുപ്പം, ഘടന എന്നിവ സംബന്ധിച്ച് ഇന്‍ഷൂറന്‍സ് കമ്പനികളില്‍നിന്ന് കരാര്‍ നടപടികള്‍ തുടങ്ങിയിട്ടേ ഉള്ളൂ. ഇത് അംഗീകരിച്ച് സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ സേവനങ്ങള്‍ നല്‍കുന്ന ആശുപത്രികളെ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവാദിത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ധനമന്ത്രി ടി.എം.തോമസ് ഐസക്ക് ഫേസ് ബുക്കില്‍ കുറിച്ചിട്ടുള്ളത്. പദ്ധതിയുടെ പ്രീമിയം തുകയായ 1,100 രൂപയില്‍ കേന്ദ്രം 660 രൂപയാണ് നല്‍കുക. ബാക്കി തുക സംസ്ഥാനം വഹിക്കണം. കൂടാതെ സര്‍ക്കാരിന്റെ ഒരു ഇന്‍ഷൂറന്‍സ് പദ്ധതിയിലും അംഗമല്ലാത്ത 20 ലക്ഷം പേരെകൂടി കാരുണ്യ സാര്‍വത്രിക ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ചേര്‍ക്കുമെന്നും മന്ത്രി ഫേയ്‌സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.