2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

ആയിരം രൂപയുടെ നോട്ടും അബുമാഷും

എ.പി കുഞ്ഞാമു

പ്രതിമാസം 24,000 രൂപ മാത്രം പെന്‍ഷന്‍ വാങ്ങുന്ന റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ് അബുമാഷ്. പെണ്‍കുട്ടികള്‍ രണ്ടും വിവാഹം കഴിച്ചു ദൂരസ്ഥലങ്ങളിലാണു താമസം. മാഷും ഭാര്യയും നാട്ടില്‍ സ്വസ്ഥമായി കഴിയുന്നു. കൂട്ടിന് രണ്ടുപേര്‍ക്കും പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങളുണ്ട്. ഇടയ്ക്ക് മാഷിനു കിഡ്‌നിക്കും ചില അസുഖങ്ങള്‍ വന്നു.

എങ്കിലും മാസാമാസം കിട്ടുന്ന പെന്‍ഷന്‍കൊണ്ടും പറമ്പില്‍നിന്നു കിട്ടുന്ന മറ്റു വരുമാനംകൊണ്ടും വീട്ടുചെലവു നടന്നുപോവുമെന്നു മാത്രമല്ല അത്യാവശ്യം പണം മിച്ചവുമുണ്ടാവുകയും ചെയ്യും. മക്കളെ മാഷ് ആശ്രയിക്കാറേയില്ല.

ട്രഷറിയില്‍നിന്നാണു മാഷ് പെന്‍ഷന്‍ വാങ്ങുന്നത്. പണം നേരേ വീട്ടില്‍കൊണ്ടുവന്നു സൂക്ഷിക്കും. തേങ്ങവിറ്റു കിട്ടുന്ന പണവും മറ്റു ചില്ലറ വരുമാനങ്ങളുമൊക്കെ സൂക്ഷിക്കുന്നതും അതേ പെട്ടിയില്‍ത്തന്നെ. അതില്‍നിന്നു പണമെടുത്താണു ചെലവാക്കാറുള്ളത്. ബാക്കി വരുന്ന പണം കൃത്യമായി എണ്ണിക്കണക്കാക്കി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കെട്ടുകളാക്കി വയ്ക്കും. പണം ബാങ്കിലിടാനും അതിനു പലിശ വാങ്ങി സമ്പാദിക്കാനുമൊന്നും മാഷ് ഇല്ലേയില്ല!

അബുമാഷ് പണം പണമായിത്തന്നെ സൂക്ഷിക്കുന്നതിനു മറ്റൊരു കാരണംകൂടിയുണ്ട്. രണ്ടുമൂന്നു കൊല്ലങ്ങള്‍ക്കുമുമ്പ് മൂപ്പര്‍ക്കൊരു സ്‌ട്രോക് വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ആശുപത്രിക്കാര്‍ ആദ്യം പറഞ്ഞത് രണ്ടുലക്ഷം രൂപ അടയ്ക്കാനാണ്. വിലകൂടിയ ഇഞ്ചക്ഷന്‍ വേണമത്രേ. ആ സമയത്തു പണം ‘ട്രഷറി സേവിങ്‌സ് ബാങ്കില’ായിരുന്നു സൂക്ഷിപ്പ്. എടുക്കാന്‍ യാതൊരു വഴിയുമില്ല.

ഒരുപാടു വിഷമിച്ചാണ് ആശുപത്രിയിലടയ്‌ക്കേണ്ട പണം ഒപ്പിച്ചത്. അതിനുശേഷം മാഷ് പണം ബാങ്കിലിടുന്നതു നിര്‍ത്തി. ബാങ്ക് സമയം കഴിഞ്ഞാണ് രോഗത്തിന്റെ ആക്രമണം വരുന്നതെങ്കിലോ. അതോര്‍ത്ത് പണം വീട്ടില്‍ത്തന്നെ സൂക്ഷിച്ചു. ഇങ്ങനെ മിച്ചംവച്ചു സൂക്ഷിക്കുന്ന പണം അബുമാഷിന്റെ വീട്ടില്‍ രണ്ടോ മൂന്നോ ലക്ഷം വരും. ചികിത്സപോലെയുള്ള അടിയന്തിരാവശ്യങ്ങള്‍ക്കുവേണ്ടി ചെലവാക്കാന്‍ രോഗിയായ ആ സാധു മനുഷ്യന്‍ സൂക്ഷിച്ചുവയ്ക്കുന്ന കരുതല്‍ ധനം.

ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ നിനച്ചിരിക്കാതെ പ്രധാനമന്ത്രി മോദിയും ഇന്ത്യാ ഗവണ്‍മെന്റും നടത്തിയ സ്ട്രാറ്റജിക് സ്‌ട്രൈകിന്റെ ആഘാതത്തില്‍, ഞെട്ടിത്തരിച്ചുപോയ ലക്ഷങ്ങളിലൊരാളാണ് അബുമാഷ്, കുറേശെകുറേശെയായി താന്‍ ഒരുക്കൂട്ടി വച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനി എന്തൊക്കെ പെടാപാടു വേണ്ടിവരുമെന്ന ബേജാറിലാണു കക്ഷി. കള്ളപ്പണം സൂക്ഷിച്ചുവയ്ക്കുന്ന സാമൂഹ്യദ്രോഹികള്‍ക്കും ചികിത്സാവശ്യാര്‍ഥം പണം ഒരുക്കൂട്ടിവച്ച രോഗിക്കും സര്‍ക്കാര്‍ നിശ്ചയിച്ചുവച്ചത് ഒരേ താപ്പ്.

ഒറ്റയടിക്കു സര്‍ക്കാര്‍ കൈക്കൊണ്ട ഈ നടപടി പ്രത്യക്ഷത്തില്‍ ജനജീവിതത്തെ ബാധിക്കുക എങ്ങനെയാണെന്നതിന്റെ ഉദാഹരണമാണ് അബുമാഷ്. ഇങ്ങനെ ഒരുപാടു പേര്‍ നമുക്കിടയിലുണ്ട്. തികച്ചും സാധാരണക്കാരായ ആളുകള്‍. നാടിന്റെ സാമ്പത്തികാസൂത്രണത്തില്‍ തങ്ങള്‍ക്കും പങ്കുണ്ടെന്നറിയാത്തവര്‍. അവരുടെ പ്രയാസങ്ങള്‍ കുറയ്ക്കാന്‍ പരിഹാരമാര്‍ഗം പലതും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. പക്ഷേ, പ്രയോഗതലത്തില്‍ അവയില്‍ ഒട്ടുമുക്കാലും കടലാസില്‍ കിടക്കുകയേയുള്ളൂ.

നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ സാമൂഹ്യമായ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരിക ഈ സാധാരണമനുഷ്യര്‍ തന്നെയാണ്. കുറച്ചുകാലത്തേയ്‌ക്കെങ്കിലും അതു കടുത്തസാമ്പത്തികമാന്ദ്യമുണ്ടാക്കുകയും ചെയ്യും. ഈ പ്രയാസത്തിന്റെയും സാമ്പത്തികമാന്ദ്യത്തിന്‍െയും തോതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആനുപാതികമായ ഗുണഫലം ഇപ്പോഴത്തെ നടപടികൊണ്ടുണ്ടാകുമോ എന്നതാണു ചോദ്യം. ഉണ്ടാകുമെന്നാണു പ്രധാനമന്ത്രി മോദിയും സര്‍ക്കാരും അവകാശപ്പെടുന്നത്. ചില സാമ്പത്തികവിദഗ്ധരും ബാങ്കുകളുടെ തലപ്പത്തിരിക്കുന്നവരും അതുതന്നെ പറയുന്നു.

അങ്ങനെ പറയുന്നവരെ സംബന്ധിച്ചിടത്തോളം ന്യായം പലതുണ്ട്. കള്ളനോട്ടും കള്ളപ്പണവുമാണു രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന പ്രധാനഘടകങ്ങള്‍. അഴിമതിയെ താങ്ങിനിര്‍ത്തുന്ന നെടുംതൂണാണു കള്ളപ്പണം. രാജ്യാന്തരതലത്തില്‍ ഭീകരവാദത്തിന്റെ സാമ്പത്തികസ്രോതസും കള്ളപ്പണംതന്നെയാണ്. ഹവാല ഇടപാടുകള്‍ സമാന്തരസാമ്പത്തികവ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. ഈ അവസ്ഥയെ നേരിടാനാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നതെന്നാണു യുക്തി.

മുന്‍പും ഇത്തരം നടപടികളുണ്ടായിട്ടുണ്ട്. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരുന്ന 1978 ല്‍ അങ്ങനെയൊരു നടപടിയുണ്ടായി. മോദി സര്‍ക്കാര്‍ കുറേക്കൂടി ആസൂത്രിതമായാണു നോട്ടുകള്‍ പിന്‍വലിച്ചത്. ധാരാളം മുന്നൊരുക്കം നടത്തിയെന്നു വ്യക്തം. വിദേശത്തുള്ള കള്ളപ്പണം പ്രഖ്യാപിക്കുന്നതിനുള്ള നിയമനിര്‍മാണം 2015 ല്‍ നടപ്പില്‍വരുത്തി. ബാങ്കിങ് രംഗത്തെ വിവരങ്ങള്‍ കൈമാറാന്‍ അമേരിക്കയടക്കം പല രാജ്യങ്ങളുമായി ഉടമ്പടിയിലേര്‍പ്പെട്ടു. അഴിമതിയിലൂടെ സമ്പാദിക്കുന്ന കള്ളപ്പണം ബിനാമി ഇടപാടുകളിലൂടെ ഉപയോഗപ്പെടുത്തുന്നതു തടയാന്‍ 2016 ല്‍ നിയമം കൊണ്ടുവന്നു. ഇതിനെല്ലാം പുറമെയാണു കൈവശം സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം വെളിപ്പെടുത്താന്‍ അവസരം നല്‍കുന്ന പദ്ധതി കൊണ്ടുവന്നത്. ഈ നടപടികളുടെയെല്ലാം അവസാനമായാണു നോട്ടു പിന്‍വലിക്കല്‍ ഉണ്ടായിരിക്കുന്നത്.

1,25,000 കോടി രൂപയുടെ കള്ളപ്പണം പുറത്തുകൊണ്ടുവന്നുവെന്നാണു സര്‍ക്കാരിന്റെ അവകാശവാദം. പുതിയ നടപടികൂടി പ്രാവര്‍ത്തികമാവുമ്പോള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ‘കരിമ്പണ’വിമുക്തമാവുമെന്ന വലിയപ്രതീക്ഷയിലാണു മോദിസര്‍ക്കാര്‍. അതുകൊണ്ടു ബാങ്കുദേശസാല്‍ക്കരണംപോലെ സുപ്രധാനമായ സാമ്പത്തികവിപ്ലവമാണ് ഈ നടപടിയെന്നു കൊണ്ടാടപ്പെടുന്നു.

2011 നും 2015 നുമിടക്ക് ഉയര്‍ന്നമൂല്യമുള്ള കറന്‍സി നോട്ടുകളുടെ ഉപയോഗം അമിതമായ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നതു ശരിയാണ്. മറ്റു നോട്ടുകളുടെ ഉപയോഗം 40 ശതമാനം വര്‍ധിച്ചപ്പോള്‍ 500 രൂപാ നോട്ടുകളുടെ ഉപയോഗം 76 ശതമാനവും 1,000 രൂപ നോട്ടുകളുടെ ഉപയോഗം 109 ശതമാനവും വര്‍ധിച്ചു. ഈ കാലയളവില്‍ സാമ്പത്തികവളര്‍ച്ച 30 ശതമാനം മാത്രമാണ്. ഈ വസ്തുതകളുടെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ ഒരുകാര്യം വ്യക്തം.

സര്‍ക്കുലേഷനിലുള്ള പണം രാജ്യത്തിന്റെ സാമാന്യസമ്പദ്‌വ്യവസ്ഥയെയല്ല, സമാന്തരസമ്പദ്‌വ്യവസ്ഥയെയാണു വളര്‍ത്തുന്നത്. കുറ്റവാളികളും ഭീകരരും പണം പൂഴ്ത്തിവയ്ക്കുന്നവരും മാഫിയകളുമാണ് ഈ പണം ഉപയോഗിക്കുന്നത്. അത്തരം ദേശവിരുദ്ധ ശക്തികളുടെ മര്‍മത്തേല്‍പ്പിക്കുന്ന പ്രഹരമായി ഈ നടപടി വിശേഷിപ്പിക്കപ്പെടുന്നു. ബി.ജെ.പി അതുവഴി കനത്ത രാഷ്ട്രീയനേട്ടം പ്രതീക്ഷിക്കുകയും ചെയ്യുന്നു.

അതേസമയം, വസ്തുതാപരമായ വിശകലനത്തില്‍ ഒരു മറുവാദത്തിനു ധാരാളം സാധ്യതകളുണ്ട്. ഏതാണ്ടെല്ലാ ബാങ്ക് ചെയര്‍മാന്മാരും ആസൂത്രണവിദഗ്ധരും വികസനത്തിന്റെ വക്താക്കളും ഈ നടപടിയെ മുക്തകണ്ഠം വാഴ്ത്തുമ്പോള്‍ ചെറുകിടസംരംഭകരുടെ ബാങ്കായ ബന്ധന്‍ ബാങ്കിന്റെ സ്ഥാപകനും തലവനുമായ സി.എസ് ഘോഷ് അതില്‍ അടങ്ങിയിട്ടുള്ള പ്രശ്‌നങ്ങളും അപകടങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. അതില്‍ നിന്ന് ഈ മറുവാദത്തിന്റെ പ്രസക്തി ബോധ്യപ്പെടും.

ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി പ്രധാനമന്ത്രിയുടെ നീക്കത്തെ വിശേഷിപ്പിക്കുന്നത് ഇടത്തരക്കാരുടെയും സാധാരണക്കാരുടെയുംമേല്‍ ഏല്‍പ്പിക്കുന്ന ഹൃദയശൂന്യമായ പ്രഹരമെന്നാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പൊതുസ്വഭാവം വിലയിരുത്തുമ്പോള്‍ വന്‍തോക്കുകളേക്കാള്‍ നോട്ടു പിന്‍വലിക്കലിന്റെ ആഘാതം സാധാരണക്കാരെയാണ് ബാധിക്കുക. സമാന്തരസമ്പദ്‌വ്യവസ്ഥയുടെ ഉല്‍പ്പന്നമായ കള്ളപ്പണം അത്രകണ്ടു സാധാരണക്കാരുടെ സാമ്പത്തിക ഇടപാടുകളില്‍പ്പോലും സ്ഥാനംനേടിയിട്ടുണ്ട്. അവര്‍ക്കു ബുദ്ധിമുട്ടുണ്ടാകുമെന്ന് ഉറപ്പാണ്.
അതേസമയം, വന്‍ കുത്തകവ്യവസായികള്‍ക്ക് ഈ നടപടി വലിയ പ്രയാസമൊന്നും സൃഷ്ടിക്കുകയില്ല. അവര്‍ കള്ളപ്പണം സൂക്ഷിക്കുന്നതു കാശായിട്ടല്ല. മറിച്ച്, വിദേശബാങ്ക് നിക്ഷേപം വഴിയും വ്യവസായ,വാണിജ്യസംരംഭങ്ങളിലുള്ള മുതല്‍മുടക്കുവഴിയുമാണ്. അതുകഴിഞ്ഞാല്‍ കള്ളപ്പണം കൂടുതലും സൂക്ഷിക്കുന്നതു സ്വര്‍ണത്തിലും ഭൂമിയിലും നിക്ഷേപിച്ചുകൊണ്ടാണ്. നിലവിലുള്ള നിയമവ്യവസ്ഥകള്‍ ഈ രീതിയില്‍ സ്വദേശത്തോ വിദേശത്തോ പണം നിക്ഷേപിക്കുന്നതിനു വിഘാതം നില്‍ക്കുന്നില്ല. അതായത്, കള്ളപ്പണത്തിന്റെ ഉടമകളായ വന്‍സ്രാവുകള്‍ നിര്‍ബാധം വിഹരിക്കുകയും ചെറുമീനുകള്‍ വലയിലാവുകയും ചെയ്യുന്ന സ്ഥിതിയായരിക്കും വരിക.

ഈ വാദം തള്ളിക്കളയാനാകില്ല. രാജ്യത്തിന്റെ സാമ്പത്തികനയങ്ങളില്‍ യാതൊരു പൊളിച്ചെഴുത്തും നടത്താതെ, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പെട്ടെന്ന് അര്‍ധരാത്രിയില്‍ പിന്‍വലിക്കുന്നത് അബുമാഷെപ്പോലെയുള്ളവരെയാണ് അംബാനിമാരേക്കാളും അദാനിമാരേക്കാളും കൂടുതല്‍ പ്രയാസത്തിലകപ്പെടുത്തുകയെന്നു പറയുന്നത് അതുകൊണ്ടാണ്.

കള്ളപ്പണം നമ്മുടെ പൊതുജീവിതത്തില്‍ ഉടനീളമുണ്ട്. ഒരുചെറുകിട കച്ചവടക്കാരന്‍ പത്തുലക്ഷം രൂപയ്ക്കു പത്തുസെന്റ് സ്ഥലം വില്‍ക്കുന്നു. ആധാരത്തില്‍ കാണിക്കേണ്ട ന്യായവില മൂന്നുലക്ഷം രൂപ. ബാക്കി ഏഴുലക്ഷം രൂപ കള്ളപ്പണം. ഈ കള്ളപ്പണവുമായാണ് ആ ചെറുകിടക്കാരന്‍ ജീവിക്കുന്നത്. ഇത്തരത്തില്‍ കള്ളപ്പണം വരാനും പോകാനും നിരവധിവഴികള്‍ നിലവിലുള്ളപ്പോള്‍ അതിന്റെ ആഘാത,പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുക എളുപ്പമല്ല. വ്യാജബിസിനസുകളും റിയല്‍ എസ്റ്റേറ്റ് കച്ചവടവുമൊക്കെ ഈ കള്ളപ്പണ ഏര്‍പ്പാടിനെ കൊഴുപ്പിക്കുകയേ ചെയ്യുന്നുള്ളൂ.
നമ്മുടെ വികസനസങ്കല്‍പങ്ങളും ഉല്‍പാദനപരിപ്രേക്ഷ്യങ്ങളും നിയമങ്ങളും നികുതിസമ്പ്രദായങ്ങളും അതിന് അനുകൂലമാണ്. അതിനെയെല്ലാം മറികടക്കുന്ന പുരോഗമനാത്മകമായ അടിസ്ഥാനസങ്കല്‍പങ്ങളുടെ കൈത്താങ്ങില്ലെങ്കില്‍ നോട്ടുപിന്‍വലിക്കല്‍ നടപടി നാടകമായിപ്പോകും. വിദേശത്തുനിന്നു കള്ളപ്പണം കൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടിലേയ്ക്കു 15 ലക്ഷം രൂപ ഇടാമെന്നു പറഞ്ഞിരുന്നില്ലേ പണ്ട്! അതുപോലെ ഇതും പൊളിഞ്ഞുപോയാലെന്താവും സ്ഥിതി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News