2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

Editorial

ആന്റണി ഇത് നേരത്തെ പറഞ്ഞിരുന്നെങ്കില്‍


കഴിഞ്ഞ ദിവസം കെ.പി.സി.സി ആസ്ഥാനത്തു നടന്ന കെ. കരുണാകരന്റെ ജന്മശതാബ്ദി ആഘോഷച്ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി, പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ഗൗരവമേറിയ ചില കാര്യങ്ങള്‍ പറയുകയുണ്ടായി. തമ്മിലടിക്കുന്ന യാദവകുലം പോലെയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസെന്നാണ് ആന്റണിയുടെ ഒരു പ്രധാന നിരീക്ഷണം. കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണ്. നേതാക്കളുടെ പരസ്യ പ്രസ്താവനാ യുദ്ധം പാര്‍ട്ടിയെ തകര്‍ക്കുകയാണ്. പ്രധാന തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് പാര്‍ട്ടി വേദികളിലാണ്. കെ. കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ ഇന്നു കേരളത്തില്‍ ബി.ജെ.പിക്കു വേരോട്ടമുണ്ടാകുമായിരുന്നില്ല. ദേശീയ രാഷ്ട്രീയത്തിലെ കിങ് മേക്കറായിരുന്നു ലീഡര്‍ എന്നിങ്ങനെ ഒരുപാടു കാര്യങ്ങള്‍ ആന്റണി അവിടെ പറഞ്ഞു.

ആന്റണി പറഞ്ഞതത്രയും ശരിയാണെന്ന് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മാത്രമല്ല കോണ്‍ഗ്രസ് വിരുദ്ധര്‍ പോലും സമ്മതിക്കുമെന്ന കാര്യത്തില്‍ ഒട്ടുമില്ല തര്‍ക്കം. തമ്മിലടിയുടെ കാര്യത്തില്‍ യാദവകുലത്തെക്കാള്‍ ഒരുപടി മുന്നിലാണ് കേരളത്തിലെ കോണ്‍ഗ്രസുകാരെന്നതാണ് സത്യം. പാര്‍ട്ടിയുടെ ഏറ്റവും കടുത്ത ശത്രുക്കള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയാണ് ഉള്ളതെന്നത് അതിലേറെ വലിയൊരു സത്യം. എന്നിട്ടും പാര്‍ട്ടി പൂര്‍ണമായും തകരാതെ നിലനില്‍ക്കുന്നത് പ്രസ്ഥാനത്തിനു തുടക്കമിട്ട ആദര്‍ശശുദ്ധിയുള്ള നേതാക്കള്‍ ചെയ്ത സല്‍ക്കര്‍മങ്ങളുടെ ഫലമായി മാത്രമാണെന്നതും നാട്ടുകാര്‍ക്കെല്ലാം അറിയാവുന്ന ഒരു ലളിതസത്യമാണ്.
ഇതിനെക്കാളൊക്കെയധികം ശ്രദ്ധേയമായത് കരുണാകരനെക്കുറിച്ച് ആന്റണി പറഞ്ഞ കാര്യങ്ങളാണ്. കരുണാകരന്റെ രാഷ്ട്രീയ തന്ത്രജ്ഞതയ്ക്കു മുന്നില്‍ ബി.ജെ.പിയുടെ കുതന്ത്രങ്ങള്‍ അധികമൊന്നും വിലപ്പോകില്ലായിരുന്നു എന്നത് കേരള രാഷ്ട്രീയം അറിയാവുന്നവരെല്ലാം സമ്മതിക്കും. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് കരുണാകരനെപ്പോലുള്ള ഒരു നേതാവിന്റെ അഭാവം വല്ലാതെ അനുഭവിക്കുന്നുണ്ടെന്നതും ഒരു യാഥാര്‍ഥ്യം തന്നെയാണ്.
എന്നാല്‍, ഇതെല്ലാം ആന്റണി തന്നെ പറയുമ്പോള്‍ കേള്‍ക്കുന്നവരില്‍ ആര്‍ക്കെങ്കിലും അതൊരു തമാശയായി തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. കോണ്‍ഗ്രസിനെ ഇന്നത്തെ പരുവത്തില്‍ എത്തിച്ചതില്‍ പ്രധാന പങ്കു വഹിച്ചത് ആന്റണിയും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവരും തന്നെയാണെന്നതാണ് അതിനു കാരണം. ഒരിക്കല്‍ പാര്‍ട്ടി വിട്ടു പോയി സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ നേതാവാണദ്ദേഹം. പിന്നീട് അദ്ദേഹവും കൂട്ടരും പാര്‍ട്ടിയില്‍ തിരിച്ചെത്തിയെങ്കിലും പ്രത്യേക ഗ്രൂപ്പായി തന്നെയാണ് അന്നു മുതല്‍ ഇന്നു വരെ അവര്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഇന്നും എ ഗ്രൂപ്പെന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്. പേരിലെ ആ ‘എ’ ആന്റണി എന്നതിന്റെ ചുരുക്കരൂപമാണ്. അവരും പണ്ട് കരുണാകരന്റെ അനുയായികളായിരുന്ന ‘ഐ’ ഗ്രൂപ്പും തമ്മില്‍ ചേരിതിരിഞ്ഞ് ഇന്നും പോരടിക്കുകയാണ്.
കരുണാകരന്‍ കേരള രാഷ്ട്രീയത്തില്‍ പ്രബലനായിത്തന്നെ നിന്ന ഘട്ടത്തില്‍ അദ്ദേഹത്തെ വീഴ്ത്തിയത് എ ഗ്രൂപ്പാണ്. കരുണാകരന്റെ നോമിനിയായി വയലാര്‍ രവി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ആന്റണിയെ പരാജയപ്പെടുത്തിയതിനെ തുടര്‍ന്ന് ആളിപ്പടര്‍ന്ന ഗ്രൂപ്പ് പകയാണ് കരുണാകരനെ ഒതുക്കുന്നതില്‍ വരെ എത്തിയത്. അതിന് ആയുധമാക്കിയ ഐ.എസ്.ആര്‍.ഒ ചാരക്കേസ് തന്നെ വ്യാജമായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. അതോടെ കൂടുതല്‍ ശക്തി പ്രാപിച്ച ഗ്രൂപ്പ് പോരാണ് കോണ്‍ഗ്രസിനെ ഇത്രയധികം ക്ഷീണിപ്പിച്ചതെന്ന് മലയാളികള്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. അതില്‍ ആന്റണിയുടെ പക്ഷം വഹിച്ച അത്ര തന്നെ പങ്ക് മറുപക്ഷത്തിനുമുണ്ടെന്നത് വേറെ കാര്യം.
നേതാക്കള്‍ ഈ യാഥാര്‍ഥ്യങ്ങളെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് സ്വയം വിമര്‍ശനത്തിനു തയാറായെങ്കില്‍ മാത്രമേ കോണ്‍ഗ്രസിനെ ഇന്നത്തെ അവസ്ഥയില്‍ നിന്ന് രക്ഷിക്കാനാവൂ. അതിനുള്ള സത്യസന്ധമായ ഒരു തുടക്കമാണ് ആന്റണിയില്‍ നിന്ന് ഉണ്ടായതെങ്കില്‍ അതു സ്വാഗതാര്‍ഹമാണ്. വിവേകം വൈകി വന്നാലും അതു വിവേകം തന്നെയാണ്. ആന്റണിക്ക് ഇതൊക്കെ കുറച്ചു നേരത്തെ തോന്നിയിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഇന്നത്തെ അവസ്ഥയില്‍ എത്തുമായിരുന്നില്ലെന്ന് ഉറപ്പാണ്. ഏതായാലും ഇനിയെങ്കിലും ആന്റണി പറഞ്ഞതിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് ഒരു പുനര്‍വിചിന്തനത്തിനു നേതാക്കള്‍ തയാറായാല്‍ കോണ്‍ഗ്രസിനു പഴയ പ്രതാപം വീണ്ടെടുക്കാനാവുമെന്ന് ഉറപ്പാണ്. കാലം അത് ആവശ്യപ്പെടുന്നുണ്ട്. കേരളത്തിലെ കോണ്‍ഗ്രസുകാരല്ലാത്ത വലിയൊരു വിഭാഗം മതേതര വിശ്വാസികള്‍ പോലും അത് ആഗ്രഹിക്കുന്നുമുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.