2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ആദ്യസംഘം ഹാജിമാര്‍ നാളെ നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തും

 

നെടുമ്പാശ്ശേരി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രയായിരുന്ന തീര്‍ഥാടകരുടെ ആദ്യ സംഘം നാളെ നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തും.
410 ഹാജിമാരുമായി എസ്.വി 5975 നമ്പര്‍ സഊദി എയര്‍ലൈന്‍സ് വിമാനം നാളെ ഉച്ചയ്ക്ക് ഒരു മണിക്കാണ് എത്തുന്നത്. തീര്‍ഥാടകരെ സ്വീകരിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്.
ഹജ്ജ് കാര്യ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി, മുന്‍ ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് മൗലവി എന്നിവരുടെ നേതൃത്വത്തില്‍ ഹാജിമാരെ സ്വീകരിക്കും. ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും ജിദ്ദ വിമാനത്താവളം വഴി മക്കയിലെത്തിയ തീര്‍ഥാടകരില്‍ 154 പേരൊഴികെ ബാക്കി എല്ലാവരും മദീന വിമാനത്താവളത്തില്‍ നിന്നാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഓരോ ഹാജിക്കും അഞ്ച് ലിറ്റര്‍ വീതം സംസം വെള്ളം വിമാനത്താവളത്തില്‍ വച്ച് നല്‍കും.
കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നായി 12,013 പേരാണ് ഈ വര്‍ഷം യാത്രയായിരുന്നത്. സിയാലിന്റെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരിയില്‍ പ്രത്യേക യോഗം ചേര്‍ന്ന് മടക്കയാത്ര സംബന്ധിച്ച ക്രമീകരണങ്ങള്‍ വിലയിരുത്തി.സിയാലിനു പുറമെ സംസ്ഥാന ഹജ്ജ് കമ്മിറ്റി, കസ്റ്റംസ്, എമിഗ്രേഷന്‍, സി.ഐ.എസ്.എഫ് തുടങ്ങിയ വിഭാഗങ്ങളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.