2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ആദ്യദിനത്തില്‍ പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

കൊല്ലം/കല്‍പ്പറ്റ/ഫറോക്ക്: അധ്യയനവര്‍ഷത്തിന്റെ ആദ്യദിനത്തിലുണ്ടായ അപകടങ്ങളില്‍ പൊലിഞ്ഞത് മൂന്നു കുരുന്നുജീവിതങ്ങള്‍.
കൊല്ലം മുഖത്തലയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ തൂണ്‍ തലയില്‍ വീണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയും കോഴിക്കോട് ബേപ്പൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് യു.കെ.ജി വിദ്യാര്‍ഥിനിയും വയനാട് വിളമ്പുകണ്ടത്തില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുമാണ് മരിച്ചത്.
കൊല്ലം മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് എച്ച്.എസിലെ മുഖത്തല പാങ്കോണം ദ്വയയില്‍ രവീന്ദ്രന്‍, ബിന്ദു ദമ്പതികളുടെ മകന്‍ നിഷാന്ത് (13) ആണ് തൂണ്‍ തലയില്‍ വീണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പ്രവേശനോത്സവത്തിന്റെ ഭാഗമായി നല്‍കുന്ന ഉച്ചഭക്ഷണത്തിനായി കൈകഴുകാന്‍ പോകുമ്പോഴായിരുന്നു ദുരന്തം. തൂണ്‍ ഇടിഞ്ഞു കുട്ടിയുടെ തലയിലേക്കു വീഴുകയായിരുന്നു. ഉടന്‍ അയത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുഖത്തല ആലൂംമൂട് യു.പി സ്‌കൂളിലെ പഠനം പൂര്‍ത്തിയാക്കി ഇന്നലെയാണ് നിഷാന്ത് എട്ടാംക്ലാസില്‍ മുഖത്തല സ്‌കൂളിലെത്തിയത്. പതിമൂന്നിലേറെ ക്ലാസ്മുറികള്‍ വരുന്ന കെട്ടിടത്തിന്റെ ഏറ്റവും അറ്റത്തു വെട്ടുകല്ലുകൊണ്ടു നിര്‍മിച്ച തൂണാണ് തകര്‍ന്നത്. നിഷാന്തിന്റെ പിതാവ് രവീന്ദ്രന്‍ ദുബൈയിലാണ്. ഇന്നു രാവിലെ പിതാവ് നാട്ടിലെത്തിയ ശേഷം മൃതദേഹം സംസ്‌കരിക്കും. രേഷ്മയാണ് സഹോദരി.
കുട്ടികളുമായി സ്‌കൂളിലേക്കു പോയ ഓട്ടോറിക്ഷ സ്‌കൂട്ടറിലിടിച്ചു മറിഞ്ഞാണ് കോഴിക്കോട് ഫറോക്കില്‍ യു.കെ.ജി വിദ്യാര്‍ഥിനി മരിച്ചത്. ബേപ്പൂര്‍ ബി.സി റോഡിനു സമീപം ബേപ്പൂര്‍ പോര്‍ട്ട് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ചെറുവണ്ണൂര്‍ സ്രാമ്പ്യ സ്വദേശി പരാടന്‍ നജ്മല്‍ ബാബു, നബുസ ദമ്പതികളുടെ മകള്‍ നൂജ നഷ്‌റ (അഞ്ച്) യാണ് പ്രവേശനോത്സവ ദിനത്തില്‍ ദാരുണമായി മരണപ്പെട്ടത്.
അപകടത്തില്‍ ഡ്രൈവറടക്കം അഞ്ചു പേര്‍ക്കു പരുക്കേറ്റു. കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ഥിനിയാണ് നൂജ നഷ്‌റ. ചെറുവണ്ണൂര്‍ മധുരബസാര്‍ ചീര്‍പ്പ് പാലത്തിനു സമീപം ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം. ക്വാര്‍ട്ടേഴ്‌സില്‍നിന്നു കുട്ടികളുമായി പുറപ്പെട്ട ഓട്ടോ എതിരേ വന്ന ആക്ടീവ സ്‌കൂട്ടറുമായാണ് കൂട്ടിയിടിച്ചത്. നൂജയുടെ സഹോദരിയും ഇതേ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുമായ നിജ നഷ്‌വ (10), മൂന്നാം ക്ലാസ് വിദ്യാര്‍ഥികളായ ദേവദത്തന്‍ (7), തീര്‍ത്ഥ് (8), അമിത്ത് (8), ഓട്ടോഡ്രൈവര്‍ ബേപ്പൂര്‍ കിഴക്കുമ്പാടം ബബീഷ് (38) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
നൂജയുടെ പിതാവ് നജ്മല്‍ ബാബു ബേപ്പൂര്‍ തുറമുഖത്തെ ടഗ് മാസറ്ററാണ്. മെഡിക്കല്‍ കോളജില്‍നിന്നു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകിട്ട് ആറരയോടെ വീട്ടിലെത്തിച്ച മൃതദേഹം രാത്രി വൈകി കൊളത്തറ വടക്കെ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഒന്നാം ക്ലാസില്‍ പ്രവേശനം നേടി തിരിച്ചെത്തിയ മലങ്കര കോളനിയിലെ ബാലന്റെ മകന്‍ അലനാണ് വയനാട് വിളമ്പുകണ്ടം പുഴയില്‍ മുങ്ങി മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം വിളമ്പുകണ്ടം പാറക്കടവ് പുഴയില്‍ കുളിക്കുന്നതിനിടയിലാണ് അപകടം. മൂന്നരയോടെയാണ് അലനെ കാണാതായത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ആറുമണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിളമ്പുകണ്ടം ജി.എല്‍.പി സ്‌കൂളിലായിരുന്നു അലന്‍ പ്രവേശനം നേടിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News