2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് മുന്നേറാനിരുന്ന ബി.ജെ.പിക്ക് തിരിച്ചടി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഈ മാസം അവസാനത്തോടെ 40 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന ബി.ജെ.പിക്ക് ലഭിച്ചത് അപ്രതീക്ഷിതമായ തിരിച്ചടി. സഖ്യനീക്കം തള്ളിക്കളഞ്ഞ് ആരുമായും ചേരാന്‍ തയാറെന്നു വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചതോടെ ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആര്‍.എസ്.എസിനും പ്രത്യേകിച്ച് ഒന്നും ചെയ്യനാകാത്ത അവസ്ഥയാണ്.

സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ കേരള യാത്രയുടെ അവസാനത്തോടെയാണ് ബി.ജെ.പിയില്‍ പ്രതിസന്ധി ഉരുണ്ടുകൂടിത്തുടങ്ങിയത്. തിരുവനന്തപുരത്ത് പൂജപ്പുര മൈതാനത്ത് കേരള യാത്ര അവസാനിച്ചപ്പോള്‍തന്നെ പ്രതീക്ഷിച്ച ആളെക്കൂട്ടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല.
കേരള യാത്രക്കു ശേഷം വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയായ ഭാരതീയ ധര്‍മജന സേനയുമായി സീറ്റ് ചര്‍ച്ചകള്‍ നടത്താമെന്നാണ് പാര്‍ട്ടി അധ്യക്ഷനായ കുമ്മനം രാജശേഖരന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ യാത്ര കഴിഞ്ഞപ്പോള്‍ രാഷ്ട്രീയ രംഗം മാറിമറിഞ്ഞു.

ആരുമായും സഖ്യത്തിനു തയാറാണെന്നും എല്‍.ഡി.എഫും യു.ഡി.എഫുമായി ചര്‍ച്ച നടത്തിയെന്നുമുള്ള വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തല്‍ ബി.ജി.പിക്ക് ശക്തമായ തിരിച്ചടിയായിരുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് കെ.എം മാണിയുടെ കേരളാ കോണ്‍ഗ്രസുമായി സഖ്യത്തിനുള്ള താല്‍പര്യം കുമ്മനം പരസ്യമായി പ്രകടിപ്പിച്ചത്. പക്ഷേ മാണിയില്‍നിന്നും അനുകൂലമായ ഒരു പ്രതികരണവും ഉണ്ടായിട്ടുമില്ല. മകനെ കേന്ദ്ര മന്ത്രിയാക്കണമെന്ന ആവശ്യമാണ് വെള്ളാപ്പള്ളിക്കും മാണിക്കുമുള്ളത്. പക്ഷേ ഇത്തവണ മാണി അനുകൂലമായ പ്രതികരണവും നടത്തിയിട്ടില്ല. ഇതോടെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മറികടക്കുന്നതെങ്ങനെയെന്ന ആലോചനയിലാണ് ബി.ജെ.പി. ഇനി വെള്ളാപ്പള്ളിയെ അനുനയിപ്പിച്ച് കൂടെനിര്‍ത്തുകയെന്ന അവസാന അടവാണ് അവര്‍ ഇപ്പോള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വെള്ളാപ്പള്ളിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാനാണ് സാധ്യത. അതിനുവേണ്ടിതന്നെയാണ് വിലപേശല്‍ ശക്തമാക്കുന്നതിന് മുഖ്യമന്ത്രിയെവരെ പുകഴ്ത്തിക്കൊണ്ടും അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടും വെള്ളാപ്പള്ളി നില്‍ക്കുന്നത്.

തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമെന്നും ഭരണത്തില്‍ വരുമെന്നും അവകാശപ്പെട്ടുനിന്ന ബി.ജെ.പിയാകട്ടെ കുമ്മനത്തിന്റെ യാത്ര നിറംകെട്ട് അവസാനിച്ചതോടെ നിശബ്ദരായിരിക്കുകയാണ്. യാത്രാ സമാപനത്തിന് ആളു കുറഞ്ഞതില്‍ കേന്ദ്ര നേതൃത്വം വിശദീകരണവും ചോദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ മലക്കംമറിച്ചിലും.

സഖ്യമില്ലാതെ കേരളത്തില്‍ മത്സരിക്കുന്നത് നിയമസഭയില്‍ അക്കൗണ്ട് തുറക്കുതിനുപോലും തടസമാകുമെന്ന് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നു. ഇക്കാര്യത്തില്‍ ആര്‍.എസ്.എസിനും അഭിപ്രായഭിന്നതയില്ല. അതുകൊണ്ടുതന്നെ ഏതുവിധേനയും വെള്ളാപ്പള്ളിയേയും സംഘത്തേയും സഖ്യത്തിലെത്തിക്കാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ബി.ജെ.പി. അതിനായുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നേതൃതലത്തില്‍ നടക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.