2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

Editorial

ആദ്യം നീക്കേണ്ടത് മനസ്സിലെ മാലിന്യങ്ങള്‍


സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികത്തിന്റെയും ജനസംഘം സ്ഥാപക നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദിയുടെയും ഭാഗമായി ന്യൂ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ യുവ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം നേരത്തെ പല തവണ അദ്ദേഹം വിവിധ സന്ദര്‍ഭങ്ങളില്‍ നടത്തിയ പ്രസംഗത്തില്‍നിന്നു ഭിന്നമല്ല. പക്ഷേ, പ്രസംഗമല്ലാതെ ഒന്നും പ്രാവര്‍ത്തികമാകുന്നില്ലെന്ന് മാത്രം.

1893 സെപ്റ്റംബര്‍ 11ന് അമേരിക്കയിലെ ഷിക്കാഗോയിലെ കൊളംബസ് ഹാളില്‍ പ്രസംഗിക്കാന്‍ ചെന്ന ഇന്ത്യന്‍ സന്ന്യാസി പ്രത്യക്ഷത്തില്‍ ആര്‍ക്കും മതിപ്പുളവാക്കും വിധമുള്ള വേഷവിധാനങ്ങളല്ല ധരിച്ചിരുന്നത്. വിവേകാനന്ദന്‍ എന്ന മുപ്പത് വയസ് മാത്രം പ്രായമുള്ള ആ ഇന്ത്യന്‍ സന്ന്യാസി നിമിഷങ്ങള്‍ക്കുള്ളിലാണ് സദസ്സിനെയാകെ കൈയിലെടുത്തത്. ലോക സര്‍വമതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹത്തെ കൈയടിച്ച് പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യന്‍ വംശജരെ ശട്ടം കെട്ടിയിരുന്നില്ല. അതിനാല്‍ തന്നെ ആരാലും ശ്രദ്ധിക്കപ്പെടാതെ ആ സന്ന്യാസിവര്യന്‍ കാഷായ വസ്ത്രധാരിയായി ഒറ്റപ്പെട്ടുനിന്നു.

എന്നാല്‍, സാര്‍വലൗകികതയെ കുറിച്ചും സര്‍വമത സാഹോദര്യത്തെക്കുറിച്ചും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പൈതൃകത്തെക്കുറിച്ചും ആ യുവതേജസ് നടത്തിയ പ്രൗഢോജ്ജ്വല പ്രസംഗം സദസ് ശ്വാസമടക്കിയിരുന്നാണ് കേട്ടത്. സനാതനമൂല്യങ്ങളുടെ മഹത്വത്തെക്കുറിച്ച് ഇന്ത്യയിലെ സര്‍വമത സാഹോദര്യത്തെക്കുറിച്ച് തന്റെ ഭാവോജ്ജ്വലമായ വാക്കുകളിലൂടെ അദ്ദേഹം അമേരിക്കന്‍ സമൂഹത്തെബോധ്യപ്പെടുത്തി. അന്നത്തെ അമേരിക്കന്‍ സമൂഹമല്ല ഇന്നത്തേത്: ‘ഇന്ത്യന്‍ സനാതനമൂല്യങ്ങള്‍ക്കും പരിക്കേറ്റിരിക്കുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ അമേരിക്കന്‍ സമൂഹത്തോടുള്ള, എനിക്കൊരു സ്വപ്നമുണ്ട് എന്ന തുടക്കത്തോടെ ആരംഭിച്ച പ്രസംഗം പോലെ മികവുറ്റതായിരുന്നു സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം.

ഈ പ്രസംഗത്തിന്റെ 125ാം വാര്‍ഷികാഘോഷ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുവസമൂഹത്തോടായി പറഞ്ഞിരിക്കുന്നത്, വഴിയില്‍ മാലിന്യം വലിച്ചെറിഞ്ഞിട്ട് വന്ദേമാതരം ചൊല്ലുന്നതില്‍ അര്‍ഥമില്ലെന്ന്. അദ്ദേഹത്തിനത് പറയാനുള്ള ബാധ്യതയുണ്ട്. മൂന്നു വര്‍ഷം മുമ്പ് അദ്ദേഹം ആഹ്വാനം ചെയ്ത ശുചിത്വഭാരതം എവിടെയും എത്താത്ത അവസ്ഥയില്‍ പ്രത്യേകിച്ചും. ചപ്പുചവറുകള്‍ വലിച്ചെറിഞ്ഞ് രാജ്യത്തെ മലിനമാക്കുന്നത് കുറ്റകരം തന്നെയാണ്. അതിനേക്കാളേറെ വലിയ പാപമല്ലേ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഭരണകൂട പിന്തുണയോടെ രാജ്യത്തെ മതേതര മനഃസാക്ഷിയെ മലിനപ്പെടുത്താന്‍ വര്‍ഗീയ ശക്തികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍.

വഴിയിലെമാലിന്യങ്ങള്‍ ശുചിത്വ തൊഴിലാളികള്‍ക്ക് മാറ്റാവുന്നതേയുള്ളൂ. മനുഷ്യമനസുകളില്‍ മാലിന്യം നിറച്ചുകൊണ്ടിരിക്കുന്ന ഛിദ്ര ശക്തികളെയല്ലേ ആദ്യം വെടിപ്പാക്കേണ്ടത്. ഗൗരി ലങ്കേഷിന് ശേഷമിതാ കാഞ്ച ഐലയ്യയുടെ നാവരിയാന്‍ സാംസ്‌കാരിക മാലിന്യവാഹകര്‍ തയ്യാറെടുത്തിരിക്കുന്നു. ദലിതരെയും മുസ്‌ലിംകളെയും കൊന്നൊടുക്കി കൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിന്റെ മനസ്സില്‍ അടിഞ്ഞുകൂടിയ വിഷമാലിന്യങ്ങള്‍ തുടച്ചു കളയാനായിരുന്നു പ്രധാനമന്ത്രി യുവ സമൂഹത്തെ ആഹ്വാനം ചെയ്യേണ്ടിയിരുന്നത്. ബ്രിക്‌സ് ഉച്ചകോടി കഴിഞ്ഞയുടനെ പ്രധാന മന്ത്രി ചൈനയില്‍നിന്നു മുസ്‌ലിം വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്ന മ്യാന്‍മര്‍ സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായിരുന്നു പറന്നത്. റോഹിംഗ്യന്‍ മുസ്‌ലിം അഭയാര്‍ഥികളെ പുറംതള്ളുന്നതിനെ പറ്റിയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ ഭരണകര്‍ത്താക്കള്‍ തല പുകയ്ക്കുന്നത്.
ഇതിനെതിരേ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അതിശക്തമായി പ്രതികരിച്ചിരിക്കുകയാണ്. ചേരിചേരാ നയം വലിച്ചെറിഞ്ഞ് മ്യാന്‍മറിനെയും ഇസ്രാഈലിനെയും പ്രീണിപ്പിക്കുന്ന നയമാണ് ആദ്യം ശുദ്ധീകരിക്കേണ്ടത്. ബുദ്ധനു ണ്ടായിരുന്നെങ്കില്‍ മ്യാന്‍മറിലെ മുസ്‌ലിംകളെ സഹായിക്കുമായിരുന്നുവെന്നു തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ പഞ്ഞു . ഇന്ത്യയില്‍ സ്വാമി വിവേകാനന്ദന്‍ ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹം ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന് വേണ്ടി പോരാടുമായിരുന്നു. കാരണം സര്‍വ മത സാഹോദര്യത്തെ പറ്റി ലോകത്തെ പഠിപ്പിച്ച ധര്‍മതേജസ്സായിരുന്നു ആ സര്‍വസംഗപരിത്യാഗി.

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.