2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ആദ്യം ചൈന; പിന്നെ ഇറ്റലി; ഇനി അമേരിക്ക?

 

ന്യൂയോര്‍ക്ക്: കൊവിഡ് വ്യാപനത്തില്‍ ആദ്യം പകച്ചുനിന്നതും കൂടുതല്‍ മരണങ്ങളും നഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തതും ചൈനയില്‍ നിന്നായിരുന്നു. രാജ്യത്ത് 2,248 പേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്കു രോഗം ബാധിക്കുകയും ചെയ്തതിനു ശേഷമാണ് ചൈന തങ്ങള്‍ പതിയെ കരകയറിയതായി പ്രഖ്യാപിച്ചിരുന്നത്. ഇതിനു പിന്നാലെ, മഹാമാരി കൂടുതല്‍ നഷ്ടമുണ്ടാക്കിയത് യൂറോപ്പിലാണ്. യൂറോപ്യന്‍ രാജ്യങ്ങളെല്ലാം അതീവ ജാഗ്രതയിലേക്ക് പോയപ്പോള്‍ ഇറ്റലി ലോകത്തിനു മുന്‍പില്‍ ചോദ്യചിഹ്നമായി നിന്നു. ഏഴായിരത്തോളം പേരാണ് ഇറ്റലിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ മരണത്തിന്റെയും പുതിയ രോഗബാധയുടെയും കൃത്യമായ വിവരം ഇറ്റലി പുറത്തുവിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു പിന്നാലെയാണ്, ലോകത്തെ വന്‍ശക്തിയായ അമേരിക്ക തന്നെ കടുത്ത ഭീതിയിലേക്കു കാല്‍വയ്ക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്.
കൊവിഡ് വ്യാപനത്തിന്റെ അടുത്ത കേന്ദ്രബിന്ദു യു.എസായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ട്രംപ് ഭരണകൂടം അമേരിക്കയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുകയാണ്. അറുപതിനായിരത്തിലേറെ പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായാണ് വിവരം. ആയിരത്തോളം പേര്‍ മരിച്ചിട്ടുമുണ്ട്. ഇത് ഔദ്യോഗിക വിവരമായതിനാല്‍ കേസുകള്‍ ഇതിലും കൂടുതലാകാനാണ് സാധ്യതയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ പ്രയാസങ്ങള്‍ നേരിടുന്നുണ്ടെന്നു വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തുകയും ചെയ്തു. ഇതോടെ, അമേരിക്കയ്ക്കു സഹായവാഗ്ദാനവുമായി ദക്ഷിണ കൊറിയയടക്കം വിവിധ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുമുണ്ട്. അമേരിക്കയില്‍ ശൈത്യകാലം ആരംഭികുന്ന സമയംകൂടിയായതിനാല്‍ കൊവിഡ് പടര്‍ന്നുപിടിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. ചൈനയിലും ഇറ്റലിയിലും കൊവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ തന്നെ ഇനി അമേരിക്കയാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നേരത്തെ, കൊവിഡ് ചൈനയില്‍ പടര്‍ന്നുപിടിച്ചപ്പോള്‍ അതത്ര ഗൗരവമായ കാര്യമല്ലെന്നായിരുന്നു ട്രംപ് പ്രതികരിച്ചിരുന്നത്. പനിവന്ന് ആളുകള്‍ മരിക്കുന്നതു സാധാരണയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കൊവിഡിനെ ചൈനീസ് വൈറസെന്നു വിശേഷിപ്പിച്ച് ട്രംപ് രംഗത്തെത്തിയതും വിവാദമായിരുന്നു.
വൈറസിനു പിന്നില്‍ അമേരിക്കയാണെന്നു ചൈനയും ഇറാനും ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍, ജനങ്ങളോടെല്ലാം വീടുകളില്‍ തുടരാനാണ് യു.എസ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.