2020 May 30 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആദിവാസി സമൂഹം ഗോത്രസംസ്‌ക്കാര കൃഷിരീതികളിലേയ്ക്ക് മടങ്ങാനൊരുങ്ങുന്നു

കാട്ടാക്കട: കാലം നഷ്ടപ്പെടുത്തിയ തങ്ങളുടെ കൃഷിരീതികള്‍ വീണ്ടെടുക്കാന്‍ ഒരുങ്ങുകയാണ് ആദിവാസി സമൂഹം. അതിന് തിരഞ്ഞെടുത്ത ദിനമാകട്ടെ പരിസ്ഥിതി ദിനവും. റേഷന്‍കടകളിലെ അരിയും ഗോതമ്പും പിന്നെ പരിഷ്‌കൃത സമൂഹത്തിന്റെ ആഹാര രീതികളും പരിചയിക്കുകയും അത് തങ്ങളുടെ കുലത്തിനും പിന്നെ ആരോഗ്യത്തിനും ശാപമാകുന്നു എന്ന് കണ്ടറിഞ്ഞാണ് പുതിയ തലമുറ പോലും കൃഷി രീതികളിലേയ്ക്ക് മടങ്ങുന്നത്. അതും പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു കൊണ്ട്. മാറുന്ന കാലാവസ്ഥയ്ക്കനുയോജ്യമായിരുന്ന കൃഷി രീതികളായിരുന്നു ആദിവാസി വിഭാഗങ്ങളുടെ സവിശേഷത.
കരനെല്ലും തുവരയും ചാമയും ഉള്‍പ്പെടെയുള്ള ധാന്യവര്‍ഗങ്ങള്‍, നെടുവന്‍, മുക്കിഴങ്ങ്, കവലാന്‍, ചെറുകിഴങ്ങ് തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ വന്‍തോതില്‍ ആദിവാസി ഊരുകളില്‍ വിളഞ്ഞിരുന്നു. എന്നാല്‍ കൃഷിഭൂമിയുടെ ദൗര്‍ലഭ്യവും മാറ്റക്കൃഷി നിലച്ചതും കാട്ടുമൃഗശല്യം രൂക്ഷമായതും ഇത്തരം കാര്‍ഷികപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചു. കുറ്റിച്ചല്‍, വിതുര, അമ്പൂരി പഞ്ചായത്തുകളിലെ ഊരുകളിലാണ് വംശകൃഷിരീതികള്‍ പുനരാരംഭിക്കുന്നത്. ഇവിടങ്ങളില്‍ കരനെല്ലിന്റെയും കിഴങ്ങുവിളകളുടെയും കൃഷി ആരംഭിച്ചു. ചണ്ണവാലന്‍, കുറുമുണ്ട തുടങ്ങിയ പാരമ്പര്യനെല്ലിനങ്ങള്‍ നിറഞ്ഞ പാടങ്ങളായും തുവരയും ചെറുകിഴങ്ങും നിറഞ്ഞ പറമ്പുകളായും മാറുകയാണ് ഊരുകള്‍. പ്രാഥമികമായി കഴിഞ്ഞ വര്‍ഷം 30 സ്വയംസഹായ സംഘങ്ങളാണ് വിത്തെറിഞ്ഞ് വിളവു കൊയ്തത്.
പരിസ്ഥിതിസൗഹൃദ പച്ചക്കറികളും ഇവര്‍ ഉല്‍പാദിപ്പിക്കുന്നു. പ്രദേശത്തെ ചെറുതും വലുതുമായ കുളങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ശ്രമമുണ്ട്. താമസിയാതെ തന്നെ നിറയെ വിളഞ്ഞുകിടക്കുന്ന നെല്‍പ്പാടങ്ങളും കുട്ട നിറയെ വിളവെടുക്കുന്ന കൃഷിയിടങ്ങളുമായി ആദിവാസി ഊരുകള്‍ മാറുകയാണ്. വിതപ്പാട്ടും തേക്കുപാട്ടും കൊയ്ത്തുപാട്ടുമുയര്‍ന്നിരുന്ന നല്ലകാലം അധികം ദൂരെയല്ല എന്ന സന്ദേശമാണ് തങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതെന്ന് ആദിവാസികള്‍ പറയുന്നു. ഈ നേട്ടങ്ങള്‍ വനവും പരിസ്ഥിതിയും സന്തുലിതമാകും. പാരമ്പര്യ കൃഷിരീതികളിലേക്കു മടങ്ങി ആരോഗ്യകരമായ ജീവിതം നയിക്കാനാകും. ആദിവാസികള്‍ക്ക് സ്വയംപര്യാപ്തമായ ഭക്ഷണശീലമുണ്ടാകും.
ആദിവാസി ഗോത്രകൃഷി എന്ന ആശയത്തെ ആവേശത്തോടെയാണ് ഊരുകള്‍ സ്വീകരിച്ചത്. പ്രതിബന്ധങ്ങളെ തരണം ചെയ്ത് മണ്ണിനോടു മല്ലടിക്കാനുള്ള മനസ് കൈമോശം വരാത്തത് ഏറെ സഹായകമായി. ഇതിന് പട്ടികവര്‍ഗ്ഗ വകുപ്പും പിന്തുണ നല്‍കുകയാണ്. കാട്ടുമ്യഗങ്ങളെ ഓടിക്കാന്‍ വനം വകുപ്പ് ഫെന്‍സിഗ് സംവിധാനവും ഒരുക്കുന്നതോടെ പുതിയ സംസ്‌ക്കാരമാണ് രൂപപ്പെട്ടുവരുന്നതെന്ന് കാട്ടുമൂപ്പന്‍ മാതിയന്‍കാണി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.