2019 March 21 Thursday
ഉജ്ജ്വലമായ ആത്മാവിന് ഒരിക്കലും അടിതെറ്റില്ല – അരിസ്‌റ്റോട്ടില്‍

ആദിവാസി മേഖലകളിലെ പദ്ധതി വിനിയോഗങ്ങളെ കുറിച്ചു ധവളപത്രമിറക്കണം: വി.എം സുധീരന്‍

തൃശൂര്‍: സംസ്ഥാനത്തെ ആദിവാസി മേഖലകളില്‍ ഗവണ്‍മെന്റുകള്‍ നടത്തിയ പദ്ധതികളെ കുറിച്ചും വിനിയോഗത്തെക്കുറിച്ചും അവര്‍ക്കു നല്‍കിയ ആനുകൂല്യങ്ങളുടെ ഫലപ്രാപ്തിയെകുറിച്ചും ധവളപത്രം ഇറക്കണമെന്നു കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍. ആദിവാസി ഊരുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെകുറിച്ചു മനുഷ്യാവകാശ കമ്മീഷനും സമഗ്രപരിശോധന നടത്തണം. കമ്മീഷന്‍ ചെയര്‍മാന്‍ മോഹന്‍കുമാറുമായി തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു. ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കലക്ട്രേറ്റിനു മുന്നില്‍ നടത്തിയ ‘മാനിഷാദ’ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസി ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. അവരെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ രാഷ്ട്രീയവ്യത്യാസമില്ല. രാഷ്ട്രീയ, ഉദ്യോഗസ്ഥ, പൊലിസ് മാഫിയയാണു ആദിവാസികളെ ചൂഷണം ചെയ്യുന്നത്. ഇതു എല്ലാകാലത്തും നടക്കുന്നു. അവരുടെ ഭൂമി ക്വാറി മാഫിയ തട്ടിയെടുക്കുന്നു. അതിരപ്പിള്ളിയില്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തന്നതിലാണു കെ.എസ്.ഇ.ബിക്കു താല്‍പര്യം. നിര്‍മ്മാണ ലോബി തന്നെ കെ.എസ്.ഇ.ബിയില്‍ ഉണ്ട്. പണി നടന്നാല്‍ മാത്രം മതി. പ്രയോജനം വേണ്ട എന്നാണു ഇവരുടെ ചിന്ത. നിയമവാഴ്ചയുടെ അഭാവമാണു ആദിവാസി മേഖലകളില്‍. പൊലിസ് ആദിവാസികള്‍ക്കൊപ്പമില്ല. രക്ഷിക്കാന്‍ ബാധ്യസ്ഥരായ ഭരണകൂടസംവിധാനങ്ങള്‍ ചൂഷക സംഘത്തിനൊപ്പമാണ്. അട്ടപ്പാടിയില്‍ ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിച്ചുകൊന്ന് ആദിവാസി യുവാവ് മധുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നപ്പോള്‍ അന്നു തൃശൂരിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ പോകാതിരുന്നതു ഗുരുതര വീഴ്ചയാണ്. ആദിവാസി സംരക്ഷണത്തിനു മറ്റേതുപ്രസ്ഥാനത്തേക്കാള്‍ മുന്നിട്ടിറങ്ങാന്‍ കോണ്‍ഗ്രസ്സിനു ബാധ്യതയുണ്ടെന്നു അദ്ദേഹം പറഞ്ഞു. ധര്‍ണ്ണയില്‍ ദളിത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് എന്‍.കെ സുധീര്‍ അധ്യക്ഷനായി. യു.ഡി.എഫ് ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, പി.എ മാധവന്‍, ഐ.പി പോള്‍, ടി.എ രാധാകൃഷ്ണന്‍, സുനില്‍ ലാലൂര്‍, കെ.വി ദാസന്‍, സി.സി ശ്രീകുമാര്‍, ചേമ്പൂരി ചക്കിപ്പെണ്ണ്, കെ.ബി ശശികുമാര്‍, എം.എ രാമകൃഷ്ണന്‍, സുനില്‍ അന്തിക്കാട്, കല്ലൂര്‍ ബാബു, കുമാര്‍ പാത്രമംഗലം, നൗഷാദ് ആറ്റുപറമ്പത്ത്, ബൈജു വര്‍ഗ്ഗീസ് പങ്കെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.