2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ആദായവകുപ്പിന്റെ കുരുക്കില്‍ സഹകരണസ്ഥാപനങ്ങള്‍

ടികെ ജോഷി

1969 ല്‍ കേരള നിയമസഭ പാസാക്കിയ സഹകരണ ആക്ട് പ്രകാരമാണു സംസ്ഥാനത്തെ സഹകരണ സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. അംഗങ്ങളില്‍നിന്നു ചെറിയ നിക്ഷേപങ്ങള്‍ സ്വീകരിച്ച് ആവശ്യമുള്ള അംഗങ്ങള്‍ക്കു ചെറിയ വായ്പ നല്‍കുകയെന്ന പരിമിതമായ ലക്ഷ്യമാണുണ്ടായിരുന്നത്.
ആ പ്രദേശത്തെ അംഗങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്കു താല്‍ക്കാലിക ആശ്വാസം. പുതുതലമുറ ബാങ്കുകളോ ദേശസാല്‍കൃത ബാങ്കുകളോ കടന്നുചെല്ലാത്ത ഗ്രാമങ്ങളില്‍ ജനങ്ങള്‍ക്കു വലിയ ആശ്വാസമായിരുന്നു ഇത്തരം സൊസൈറ്റികള്‍.

 രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇത്തരം സൊസൈറ്റികള്‍ രൂപീകൃതമായതു ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ അവസരം നല്‍കി. ഗ്രാമങ്ങളിലുള്‍പ്പെടെ പുതിയ തൊഴില്‍മേഖലയായി മാറി സഹകരണസംഘങ്ങള്‍.

 പിന്നീടുണ്ടായ ചുവടുമാറ്റം സഹകരണമേഖലയെ അടിമുടി മാറ്റി. കൂടുതല്‍ നിക്ഷേപം സ്വീകരിച്ചതോടെ സഹകരണ സൊസൈറ്റികള്‍ വൈവിധ്യത്തിലേയ്ക്കു നീങ്ങി. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ത്തന്നെയായിരുന്നു തുടക്കം. കണ്ണൂരിലെ  ദിനേശ് സഹകരണസംഘം തുണിവ്യവസായത്തിലേയ്ക്കും ഓഡിറ്റോറിയത്തിലേയ്ക്കും ഐ.ടി പാര്‍ക്കിലേയ്ക്കും ചുവടുമാറ്റി.
തലശേരിയിലാകട്ടെ സഹകരണമേഖലയില്‍ ഉയര്‍ന്നതു ഷോപ്പിങ് മാളാണ്. പറശിനിക്കടവില്‍ വന്നു കോടികള്‍ മുതല്‍ മുടക്കി അത്യാഢംബര വാട്ടര്‍ തീം പാര്‍ക്ക്. എല്ലാം സി.പി.എം നിയന്ത്രണത്തില്‍. എം.വി രാഘവന്‍ സഹകരണമന്ത്രിയായിരിക്കെ പരിയാരം മെഡിക്കല്‍ കോളജ് സ്ഥാപിച്ചു, ഇതൊക്കെ സഹകരണമേഖലയുടെ വലിയ വളര്‍ച്ചയുടെ ഉദാഹരണങ്ങളാണ്.
 എന്നാല്‍, ഈ വളര്‍ച്ച സഹകരണമേഖലയെയും സാധാരണക്കാരില്‍നിന്ന് അകറ്റി വന്‍കിടക്കാര്‍ക്കു മുതല്‍ മുടക്കാനുള്ള മറ്റൊരു മേഖലയായി മാറ്റി. ലാഭക്കണക്കുകള്‍ മാത്രം മുഖ്യപരിഗണനയില്‍ വന്നപ്പോള്‍ സ്വകാര്യമേഖലയിലെ മുതല്‍മുടക്കുപോലെയായി പല സഹകരണ സ്ഥാപനങ്ങളിലേതും.
 രാജ്യത്തെ സഹകരണമേഖല വന്‍സാമ്പത്തിക ഇടപാടുകള്‍ ത്തിത്തുടങ്ങിയതോടെ ആദായനികുതി വകുപ്പിന്റെയും റിസര്‍വ് ബാങ്കിന്റെയും കണ്ണുകള്‍ ഈ സ്ഥാപനങ്ങളുടെ മേേലയ്ക്കും പതുക്കെ പതിയാന്‍ തുടങ്ങി.
 
സഹകരണമേഖലയെ സുതാര്യമാക്കാന്‍
യു.പി.എ ശ്രമം

സഹകരണമേഖലയുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ കാര്യക്ഷമാക്കാനും സുതാര്യമാക്കുവാനുള്ള ആദ്യനീക്കം നടത്തുന്നത് ഒന്നാം യു.പി.എ സര്‍ക്കാരാണ്. ഇതിനായി സഹകരണമേഖലയെക്കുറിച്ചു പഠിക്കാന്‍ വൈദ്യനാഥന്‍ കമ്മിഷന്‍ രൂപീകരിച്ചു. കമ്മിഷന്‍ ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണു 2011ല്‍ രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 111-ാം ഭരണഘടനാഭേദഗതി പാസാക്കിയത്. എന്നാല്‍, ഭേദഗതി നടപ്പാക്കാന്‍ യു.പി.എ സര്‍ക്കാര്‍ തയാറായില്ല.
 പിന്നീട്, കള്ളപ്പണം വന്‍തോതില്‍ സഹകരണബാങ്കുകളിലേയ്ക്ക് ഒഴുകുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ ആദായനികുതിവകുപ്പ് സഹകരണബാങ്കുകളെ വട്ടമിട്ടു പറക്കാന്‍ തുടങ്ങി. ബാങ്കുകളില്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപമുള്ളവരുടെ പൂര്‍ണവിവരം കൈമാറണമെന്നു വകുപ്പു നിര്‍ദേശം നല്‍കി.
ഇതിനെതിരേ സഹകരണ ബാങ്ക് അസോസിയേഷനുകള്‍ ഒന്നടങ്കം രംഗത്തുവന്നെങ്കിലും പടി ചെറുക്കാനായില്ല. തുടര്‍ന്ന്, വര്‍ഷത്തില്‍ പതിനായിരം രൂപയും അതിനു മുകളിലും നിക്ഷേപപലിശ വാങ്ങുന്നവരുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആദായനികുതി വകുപ്പ് തുടര്‍നിര്‍ദേശം പുറപ്പെടുവിച്ചതോടെയാണു സഹകരണ ബാങ്കുകള്‍ കടുത്തപ്രതിസന്ധിയിലേയ്ക്കു നീങ്ങിയത്.

 
30,000 കോടി കള്ളപ്പണമെന്നു കണ്ടെത്തല്‍

 സംസ്ഥാനത്തെ സഹകരണബാങ്കുകളില്‍ 30,000 കോടി രൂപ കള്ളപ്പണമുണ്ടെന്നാണ് ആദായനികുതി അധികൃതരുടെ കണ്ടെത്തല്‍. ഈ പണത്തില്‍ ഭൂരിഭാഗവും കെട്ടിടനിര്‍മാണങ്ങള്‍ക്കാണു  ചെലവഴിക്കുന്നതെന്നും വകുപ്പു കണ്ടെത്തിയിട്ടുണ്ട്. ആദായനികുതിവിഭാഗത്തിന്റെ കോഴിക്കോട് റീജിയനില്‍നിന്ന് ആദായനികുതി അടയ്ക്കാത്ത 10,243 പേര്‍ക്കു  നോട്ടിസ് അയച്ചിരുന്നു. ഇവരില്‍ ഏറെപേരും സഹകരണബാങ്കുകളില്‍ നിക്ഷേപമുള്ളവരാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പടി.

നിക്ഷേപത്തിന് എന്തുകൊണ്ട്
സഹകരണ ബാങ്കുകള്‍

 മറ്റു ബാങ്കുകളെ അപേക്ഷിച്ചു നിക്ഷേപങ്ങള്‍ക്ക് ഒരു ശതമാനം അധികം പലിശ സഹകരണ ബാങ്കുകള്‍ നല്‍കുന്നുണ്ട്. ദേശസാല്‍കൃത ന്യൂജനറേഷന്‍ ബാങ്കുകളെ അപേക്ഷിച്ച് എളുപ്പം അക്കൗണ്ട് തുടങ്ങാന്‍ കഴിയുമെന്നതിനാല്‍ വ്യവസായികളുടേതടക്കം വന്‍തോതില്‍ വിദേശപ്പണം കേരളത്തിലെ സഹകരണബാങ്കുകളില്‍ നിക്ഷേപമായുണ്ട്. സഹകരണബാങ്കുകളുടെ നിലനില്‍പ്പുതന്നെ ഈ പണത്തെ ആശ്രയിച്ചാണ്.
 പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളിലടക്കം െേത്ത സംസ്ഥാനത്തെ 2664 ബാങ്കുകള്‍ക്കാണ് ആദായനികുതി വകുപ്പ് പരിശോധനാ നോട്ടിസ് നല്‍കിയിരുന്നത്. നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധനയ്ക്ക് അവസരം നല്‍കുക മാത്രമല്ല അവര്‍ ആവശ്യപ്പെടുന്ന രേഖകളും ബാങ്കുകള്‍ നല്‍കണമെന്നാണ് ആദായനികുതി വകുപ്പു നിര്‍ദേശം.
 ഒരുവര്‍ഷത്തില്‍ നിക്ഷേപത്തിനു പതിനായിരമോ അതില്‍ക്കൂടുതലോ പലിശ ലഭിക്കുമ്പോള്‍ അതിനു ബാങ്കുതന്നെ നികുതി ചുമത്തണമെന്നാണ് വ്യവസ്ഥ. വാണിജ്യബാങ്കുകളും സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളും അര്‍ബന്‍ സഹകരണ ബാങ്കുകളും ഇതു ചെയ്യുന്നുണ്ട്. മറ്റു  സഹകരണസ്ഥാപനങ്ങള്‍ നികുതി നല്‍കുന്നില്ലെങ്കിലും നിക്ഷേപകരുടെ വിവരം നല്‍കണമെന്ന് ആദായ നികുതിവകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേ സഹകരണബാങ്ക് അധികൃതര്‍ സുപ്രിം കോടതിയില്‍ നല്‍കിയ അപേക്ഷയിലെ വിധി അടുത്തുതന്നെ വന്നേക്കും.

സഹകരണത്തിനും നഷ്ടക്കണക്കേറെ

സംസ്ഥാനത്ത് 1604 സഹകരണ സ്ഥാപനമുള്ളതില്‍ 860 സംഘങ്ങളും കനത്തനഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്.  ഒരുകോടിക്കും അഞ്ച് കോടിക്കുമിടയില്‍ സാമ്പത്തികനഷ്ടം സഹിച്ചാണ് ഇത്തരം സ്ഥാപനങ്ങള്‍ മുന്നോട്ടുപോകുന്നത്. 60 അര്‍ബന്‍ ബാങ്കുകളില്‍ മൂന്നെണ്ണം പ്രവര്‍ത്തിക്കുന്നതാകട്ടെ ആര്‍.ബി.ഐയുടെ ദയാദാക്ഷിണ്യത്തിലും. മലബാര്‍ മേഖലയിലാണു കൂടുതല്‍ സഹകരണ സംഘങ്ങളും പ്രൈമറി ബാങ്കുകളും പ്രവര്‍ത്തിക്കുന്നതെങ്കിലും ഇവിടെത്തന്നെയാണ് കൂടുതല്‍ നഷ്ടത്തിലോടുന്ന ബാങ്കുകളും പ്രവര്‍ത്തിക്കുന്നത്.
 എന്തെല്ലാം ആരോപണങ്ങളുണ്ടെങ്കിലും വലിയൊരു വിഭാഗം സാധാരണക്കാര്‍ക്കു ആശ്വാസമാണ് സഹകരണ ബാങ്കുകള്‍. സി.പി.എമ്മിനും കോണ്‍ഗ്രസിനും ലീഗിനും മാത്രമല്ല ഇപ്പോള്‍ എതിര്‍പ്പുമായി രംഗത്തുള്ള ബി.ജെ.പിക്കുമുണ്ട് സഹകരണ സ്ഥാപനങ്ങള്‍. ഈ ജീയ കൂട്ടായ്മയുടെ ഇന്നത്തെ അവസ്ഥയ്ക്ക് ആരാണുത്തരവാദികള്‍.

(അതേകുറിച്ചു നാളെ)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.