2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ആത്മീയതയിലേക്ക് മടങ്ങണം

അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍

അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍

വിശുദ്ധ റമദാനിന്റെ അവസാനദിനങ്ങളാണിനി നമുക്ക് മുന്‍പിലുള്ളത്. തിരിഞ്ഞുനോക്കുമ്പോള്‍ എത്ര പെട്ടെന്നാണ് റമദാനിന്റെ പരിശുദ്ധമായ ദിനരാത്രങ്ങള്‍ കടന്നുപോയത്. ഇത്തവണത്തെ റമദാന്‍ നിപാ വൈറസ് എന്ന മഹാമാരിയുടെ ഭീതിയിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കുറെ ആളുകള്‍ മരിച്ചു. പലരും രോഗബാധിതരായി കഴിയുന്നു. മറ്റു സാംക്രമിക രോഗങ്ങളും മനുഷ്യനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. എല്ലാം സര്‍വശക്തന്റെ പരീക്ഷണമായേ കാണാനാകൂ.
ഇത്രയധികം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും മറ്റും ഇല്ലാത്ത, പട്ടിണിയും പരിവട്ടങ്ങളുമായി കഴിഞ്ഞിരുന്ന കാലത്തും മഹാമാരികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അചഞ്ചലമായ വിശ്വാസം അവരെ തളര്‍ത്തിയിരുന്നില്ല. എന്തുപരീക്ഷണങ്ങള്‍ വന്നാലും കൃത്യമായി സ്രഷ്ടാവിലേക്ക് മടങ്ങാനുള്ള മുന്നറിയിപ്പാണെന്ന ഉത്തമബോധം അന്നത്തെ സമൂഹത്തിന് ഉണ്ടായിരുന്നു. ഇന്ന് അതൊട്ടുംതന്നെ നമുക്കിടയില്‍ കാണുന്നില്ല. പ്രവാചകന്റെ അപദാനങ്ങള്‍ മുഴക്കിയുള്ള പ്രകീര്‍ത്തനങ്ങള്‍, ഹദ്ദാദ് റാത്തീബുകള്‍, മജ്‌ലിസുന്നൂറുകള്‍ എല്ലാം വര്‍ധിപ്പിക്കുകയാണുണ്ടായത്.
ഇന്ന് എല്ലാ മേഖലയിലും ധൂര്‍ത്തിന്റെ കാലഘട്ടമാണ്. സര്‍വശക്തനെ അവന്റെ അടിമകള്‍ നിന്ദിക്കുന്ന കാലമാണ്. പണത്തിന്റെയും പ്രതാപങ്ങളുടെയും സുഖലോലുപതയുടെയും പിറകെയാണ് മനുഷ്യന്‍ ഓടിക്കൊണ്ടിരിക്കുന്നത്. സഹിഷ്ണുത, സ്‌നേഹം, ബഹുമാനം, മനുഷ്യത്വം എല്ലാം ഏതൊരുമനുഷ്യനില്‍നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മനസിന്റെ വെളിച്ചം മങ്ങിക്കൊണ്ടിരിക്കുന്നു.
വീടുകളില്‍ ഖുര്‍ആന്‍ പാരായണത്തിനു പകരം മുതിര്‍ന്നവരും കുട്ടികളും നവമാധ്യമങ്ങളുടെ പിറകെയാണ്. സന്ദേശങ്ങളായും ചിത്രങ്ങളായും ദൃശ്യങ്ങളായും നമ്മുടെ കൈവെള്ളയിലെത്തുന്നവയില്‍ മിക്കതും അനിസ്‌ലാമികമായ കാര്യങ്ങളായിരിക്കും. അവയിലേക്ക് കണ്ണുകള്‍ പായിക്കുന്ന, മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കുന്ന നമുക്ക് റബ്ബിന്റെ പ്രീതി എങ്ങനെയാണ് ലഭിക്കുക?
റമദാന്‍ വ്രതത്തിന്റെ മാസമാണ്. റമദാനില്‍ പോലും ഭക്ഷണകാര്യങ്ങളിലെ ആര്‍ഭാടം പരിധി വിടുന്നു. നാം ഏറെ ആര്‍ഭാടങ്ങളോടെ നോമ്പനുഷ്ഠിക്കുമ്പോള്‍ സിറിയ, ഇറാഖ്, ഫലസ്തീന്‍,അഫ്ഗാനിസ്ഥാന്‍, സോമാലിയ തുടങ്ങി ലോകത്തെ വിവിധ രാജ്യങ്ങളിലെ അവസ്ഥ വളരെ ദയനീയമാണ്. നോമ്പ് എടുക്കാനും തുറക്കാനും വകയില്ലാതെയും കയറിക്കിടക്കാന്‍ ഭവനങ്ങളില്ലാതെയുമാണ് നമ്മുടെ സഹോദരങ്ങളായ അവര്‍ നോമ്പനുഷ്ഠിക്കുന്നത്. ഇന്ത്യയുടെ ചിലഭാഗങ്ങളില്‍തന്നെയും റോഹിംഗ്യകളുടെയും അവസ്ഥ കരളലിയിപ്പിക്കുന്നതാണ്.
നോമ്പിന്റെയും നമ്മുടെ സല്‍പ്രവര്‍ത്തികളുടെയും പവിത്രത നഷ്ടപ്പെടുംവിധമുള്ള ആര്‍ഭാടങ്ങളില്‍നിന്ന് നാം വിട്ടുനില്‍ക്കണം. പണം കൊണ്ടുള്ള ദുര്‍വ്യയം വര്‍ധിക്കുകയും അല്ലാഹുവിനെ മറന്നു പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ പരീക്ഷണങ്ങള്‍ വര്‍ധിച്ചു കൊണ്ടേയിരിക്കും.
ആത്മീയതയിലേക്കുള്ള തിരിച്ചുപോക്ക് അനിവാര്യമാണ്. പഴയകാലത്ത് നടത്തിയിരുന്ന ദിക്‌റ്കളും സ്വലാത്തുകളും ഹദ്ദാദ് റാത്തീബും മജ്‌ലിസുന്നൂറിലേക്കുമെല്ലാം എല്ലാവരും തിരിച്ചുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രോഗശമനത്തിനും നാടിന്റെ ശാന്തിക്കും സമാധാനത്തിനും പ്രാര്‍ഥനകള്‍ അധികരിപ്പിക്കണം. ഇനിയുള്ള നാളുകള്‍ വളരെ ശ്രേഷ്ഠമായവയാണ്. ആ ദിനരാത്രങ്ങള്‍ അതിനുവേണ്ടി ഉപയോഗപ്പെടുത്തണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.