2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഗാന്ധി സ്മൃതികള്‍

സുല്‍ഫിക്കര്‍ അമ്പലക്കണ്ടി

185-ാം ലക്കം ‘ഞായര്‍പ്രഭാതത്തി’ല്‍ മുനീര്‍ ചെങ്ങാനിയുടെ സബര്‍മതി ആശ്രമ യാത്രാവിവരണം ഇന്ത്യയുടെ ആത്മാവിലേക്കുള്ള തീര്‍ഥാടനമായി. കോട്ടളവിനൊത്ത് സ്വര്‍ണത്തില്‍ പേരെഴുതി ഞെളിയുന്ന ഭരണാധികാരികള്‍ ചര്‍ക്കയില്‍ നൂല്‍നൂറ്റ് നവഗാന്ധിയാകാന്‍ ശ്രമിക്കുന്ന വിരോധാഭാസകരമായ സാഹചര്യമാണിപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നത്. ഇത്തരമൊരു വേളയില്‍ ചര്‍ക്കയില്‍ സ്വയം നൂറ്റെടുത്ത വെളുത്ത പരുക്കന്‍ മുണ്ടുടുത്തു ഭാരതീയരുടെ മനസിലേക്കു നടന്നടുത്ത മഹാത്മാവിന്റെ ആശ്രമത്തിലേക്കുള്ള തിരിച്ചുപോക്ക് എന്തു കൊണ്ടും പ്രസക്തമാണ്. കുറിപ്പ് വായിക്കുകയായിരുന്നില്ല, ലേഖകനോടൊപ്പം സഞ്ചരിക്കുകയായിരുന്നു. ശ്വാസം അടക്കിപ്പിടിച്ച് ഗാന്ധിജിയെന്ന മഹാഗുരുവിനെ കേള്‍ക്കുകയായിരുന്നു.
ലോകത്തിനു മുന്നില്‍ അണയാത്ത വിളക്കായി ഇന്നും മഹാത്മാവിന്റെ ഓര്‍മകള്‍ ജ്വലിച്ചുനില്‍ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പുസ്തകശാലകളില്‍ പോലും യൂറോപ്യരും അറബികളും ഗാന്ധിയന്‍ പുസ്തകമന്വേഷിച്ചു വരുന്നതിനു ഞാന്‍ സാക്ഷിയായിട്ടുണ്ട്. അവരിപ്പോള്‍ ഗാന്ധിയില്‍ അഭയം കണ്ടെത്തുകയാണ്. കണ്ണഞ്ചിപ്പിക്കുന്ന പുറംമോടികള്‍ക്കിടയിലും അര്‍ധനഗ്നനായ ഫഖീറിനെ തിരയുകയാണവര്‍. സബര്‍മതി ആശ്രമത്തിലേക്കുള്ള യാത്ര നമ്മുടെ തന്നെ ഉള്ളിലുള്ള നന്മകളിലേക്കുള്ള തിരിച്ചുപോക്കാകുമെന്നതില്‍ തര്‍ക്കമില്ല.
ഈ ആത്മീയ യാത്രയില്‍ കൂടെക്കൂട്ടിയതിനു ലേഖകനു നന്ദി, ഇടമൊരുക്കിയ ‘ഞായര്‍പ്രഭാതത്തി’നും.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.