2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആത്മാഭിമാനത്തോടെ നാലാം വര്‍ഷത്തിലേക്ക്

അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (ജ. കണ്‍വീനര്‍ ഇഖ്‌റഅ് പബ്ലിക്കേഷന്‍സ്)

സുപ്രഭാതം മൂന്നാം വാര്‍ഷികമാഘോഷിക്കുകയാണ്. നേടിയെടുത്ത മുന്നേറ്റത്തിനു ശക്തി തന്ന സ്രഷ്ടാവിനു സര്‍വ സ്തുതിയും.
അല്‍ഹംദുലില്ലാഹ്…
കാലഘട്ടത്തിന്റെ ആവശ്യമായി ഉദയം ചെയ്തതാണു സുപ്രഭാതം ദിനപത്രം. പത്രത്തിനുവേണ്ടി ഒരു പത്രം എന്ന നിലയ്ക്കല്ല സുപ്രഭാതം ആരംഭിച്ചത്. ഒരു എടുത്തുചാട്ടത്തിന്റെ ഭാഗമായുമല്ല. ഒരുപാടുകാലത്തെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണു പത്രം പ്രസിദ്ധീകരിക്കാനുള്ള തീരുമാനം കൈകൊണ്ടത്.
പത്രങ്ങള്‍ക്കു മലയാളത്തില്‍ പഞ്ഞമില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഓരോ കാല്‍വയ്പും. പിന്നിട്ട പാതകളില്‍നിന്നു നേടിയെടുക്കാനായത് അഭൂതപൂര്‍വമായ ഊര്‍ജമാണ്. സുപ്രഭാതം മൂന്നുവര്‍ഷത്തിനുള്ളില്‍ കൈവരിച്ച നേട്ടം ഞങ്ങളുടെ ആത്മവിശ്വാസത്തെ അതിന്റെ ഉന്നതങ്ങളിലെത്തിക്കുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായ്ക്കു കീഴില്‍ ഒരു പത്രമെന്നത് നീണ്ടകാലത്തെ സ്വപ്‌നമായിരുന്നു. അതു സാക്ഷാത്കരിക്കല്‍ ശ്രമകരമാണെന്ന് അറിയാമായിരുന്നു. സമസ്തയുടെ മണ്‍മറഞ്ഞ നിരവധി മഹത്തുക്കള്‍ ഇതിനായി പരിശ്രമിച്ചു.
മൂന്നുവര്‍ഷം പൂര്‍ത്തീകരിച്ചു നാലാം വര്‍ഷത്തിലേയ്ക്കു കടക്കുമ്പോള്‍ സുപ്രഭാതത്തിനു പൊതുജനം നല്‍കിയ കലവറയില്ലാത്ത പിന്തുണകൊണ്ടു കരസ്ഥമായ ശക്തി അപാരമാണ്.
ഓരോ പ്രഭാതത്തിലും നൈതികപക്ഷത്തുനിന്നുള്ള വായനയ്ക്കായി സുപ്രഭാതം വീട്ടുപടിക്കലെത്തുമ്പോള്‍ ചാരിതാര്‍ഥ്യത്തോടെ അതിനെ നിവര്‍ത്തിനോക്കുന്ന പരലക്ഷങ്ങളാണു ഞങ്ങളുടെ ഇന്ധനം.
ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവുമധികം പത്രങ്ങള്‍ നമ്മുടെ മലയാളത്തിലാണ്. ഇനിയുമൊരു മലയാള പത്രമോ, അതിനെന്തു പ്രസക്തി എന്നു ശങ്കിച്ചിരുന്നവര്‍ക്കു പ്രവര്‍ത്തനമികവിലൂടെ മറുപടി നല്‍കാന്‍ സുപ്രഭാതത്തിനായി. ജനോപകാരപ്രദമായ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനും ജനകീയ വിഷയങ്ങളില്‍ ഇടപെടാനും സാധ്യമായി എന്നതു നിസ്തര്‍ക്കമാണ്.
പിറന്നുവീണ നാള്‍ മുതല്‍ സുപ്രഭാതത്തിനു മത്സരിക്കേണ്ടി വന്നത് ഒന്നേകാല്‍ നൂറ്റാണ്ടും ഒരു നൂറ്റാണ്ടുമൊക്കെ പ്രവര്‍ത്തന പരിചയമുള്ളവരോടായിരുന്നു. ഓരോദിനവും വെല്ലുവിളിയായി ഏറ്റെടുക്കാനായതിലും മുന്നേറാന്‍ സാധിച്ചതിലും ഞങ്ങള്‍ക്കു ചാരിതാര്‍ഥ്യമുണ്ട്.
ഒരു പത്രം ആരംഭിച്ചാല്‍ ഗ്രാമങ്ങള്‍ കീഴടക്കലായിരുന്നു പലര്‍ക്കും കടമ്പ. എന്നാല്‍, സുപ്രഭാതത്തിനതു കടമ്പയേ ആയില്ല. സമസ്തയുടെ ആത്മാര്‍ഥ സേവകര്‍ തന്നെയായിരുന്നു ഈ വിജയത്തിനു പിന്നിലെ ശക്തിസ്രോതസ് നഗരങ്ങളും പൊതു ഇടങ്ങളും കീഴടക്കാനാകുമ്പോള്‍ തീര്‍ച്ചയായും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തരെയും അഭിനന്ദിക്കാതിരിക്കാനാകില്ല.
സെന്‍സേഷനുവേണ്ടി വാര്‍ത്തകള്‍ മെനയുന്ന മാധ്യമലോകത്തു തികച്ചും വ്യത്യസ്തമായ നിലപാടുമായി സുപ്രഭാതം മുന്നോട്ടുപോയി നാലാം വര്‍ഷത്തിലേയ്ക്കു കടക്കുമ്പോഴും വരിക്കാരുടെ എണ്ണത്തിലെ വര്‍ധനവ് ആവേശം വര്‍ധിപ്പിക്കുകയാണ്.


ആദ്യവര്‍ഷത്തിലെ കോപ്പികളുടെ എണ്ണം കണ്ടു കണ്ണുതള്ളിയവര്‍ ആരംഭശൂരത്വമെന്നും ഒരു വര്‍ഷത്തെ പ്രചാരണത്തിന്റെ ഫലമായി ഉണ്ടായതാണെന്നും പലപ്പോഴും പറഞ്ഞിട്ടുണ്ട്. മാധ്യമരംഗത്തെയും മാനേജ്‌മെന്റ് രംഗത്തെയും കുലപതികളും അതില്‍പെടും.
എന്നാല്‍, ഓരോ വര്‍ഷവും ഗ്രാഫ് താഴാതെ ഉയര്‍ത്താനായി എന്നതു വന്‍നേട്ടം തന്നെയാണ്. സുപ്രഭാതം കാലത്തിന്റെ ആവശ്യമായിരുന്നുവെന്നു പൊതുസമൂഹം സമ്മതിക്കുകയായിരുന്നു. അല്ല, അവര്‍ സുപ്രഭാതത്തെ നെഞ്ചേറ്റുകയായിരുന്നു.
പിന്നിട്ട നാളുകളിലേയ്ക്കു തിരിഞ്ഞുനോക്കുമ്പോള്‍ പല മഹത്തുക്കളെയും സ്മരിക്കാനുണ്ട്. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍… തുടങ്ങി നിരവധി നേതാക്കള്‍… അവരുടെ പ്രയത്‌നവും പ്രാര്‍ഥനയുമാണു സുപ്രഭാതത്തിന്റെ പിറവിക്കു കാരണമായത്.
നേടിയെടുത്തതിനേക്കാള്‍ എത്രയോ മടങ്ങു നേടാനുണ്ടെന്നു ഞങ്ങള്‍ തിരിച്ചറിയുന്നു. സുപ്രഭാതത്തെ ഉള്ളടക്കത്തിലും എണ്ണത്തിലും കേരളത്തിലെ ഏറ്റവും മികച്ച പത്രമാക്കി എത്രയും പെട്ടെന്നു മാറ്റിയെടുക്കുകയാണു ഞങ്ങളുടെ ലക്ഷ്യം.
അര്‍പ്പണബോധവും കഠിനാധ്വാനവും കൈമുതലാക്കിയ പ്രവര്‍ത്തകരും ജീവനക്കാരും ആ ലക്ഷ്യം നേടിത്തരുമെന്ന ഉറച്ചവിശ്വാസം ഞങ്ങള്‍ക്കുണ്ട്. വിദേശരാജ്യങ്ങളില്‍ നമുക്ക് എഡിഷനുകള്‍ ആരംഭിക്കണം. ഇനിയുമൊരുപാടു ചരിത്രം രചിക്കണം. അതിനായി തുടര്‍ന്നും നിങ്ങളൊപ്പമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടെ നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.