2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ആത്മസംതൃപ്തിയോടെ ഹജ്ജിനു സമാപനം

  • ഹാജിമാര്‍ മിനായില്‍നിന്ന് മടങ്ങിത്തുടങ്ങി
അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: ത്യാഗജീവിതത്തിന്റെ അമരസ്മരണ പുതുക്കി ഈ വര്‍ഷത്തെ ഹജ്ജിനു പരിസമാപ്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപത്തി മൂന്നര ലക്ഷം തീര്‍ഥാടകര്‍ സമ്മേളിച്ച ഹജ്ജില്‍ വ്യാഴാഴ്ചയോടെ പകുതിയിലധികം ഹാജിമാരും മിനായില്‍ നിന്നും വിടപറഞ്ഞു. ബാക്കിയുള്ളവര്‍ ഇന്ന് വൈകുന്നേരത്തോടെയാണ് മടങ്ങുക. 

മിനായില്‍ നിന്നും മടങ്ങിയ ഹാജിമാരില്‍ ആഭ്യന്തര തീര്‍ഥാടകര്‍ ‘വിദാഇന്റെ ത്വവാഫി’ന് ശേഷം മദീന സന്ദര്‍ശനവും കഴിഞ്ഞു സ്വദേശങ്ങളില്‍ എത്തിച്ചേര്‍ന്നു. വിദേശ ഹാജിമാരില്‍ മുന്‍പ് മദീന സന്ദര്‍ശനം നടത്താത്തവര്‍ മദീനയിലേക്കും നടത്തിയവര്‍ സ്വദേശങ്ങളിലേക്കുമുള്ള യാത്രാ ഒരുക്കത്തിലാണ്. വിദേശ ഹാജിമാര്‍ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനല്‍ വഴിയും മദീന വിമാനത്താവള ഹജ്ജ് ടെര്‍മിനല്‍ വഴിയുമാണ് യാത്ര തിരിക്കുക.
ഇന്ത്യയില്‍ നിന്നെത്തിയ അധിക ഹാജിമാരും ഇന്നാണ് മിനായില്‍ നിന്നും യാത്ര പറയുക. ഇന്നലെ നല്ലൊരു ശതമാനം ഹാജിമാരും യാത്ര തിരിക്കുന്നതിനാല്‍ ഉണ്ടണ്ടായേക്കാവുന്ന തിരക്ക് പരിഗണിച്ച് ഹജ്ജ് കമ്മിറ്റി വഴിയെത്തിയ ഹാജിമാരോട് മിനായില്‍ താങ്ങാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവര്‍ ഇന്ന് വൈകീട്ടോടെ മിനായില്‍ നിന്നും തിരിക്കും. ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ തിങ്കളാഴ്ച്ച മുതല്‍ മടക്ക യാത്ര ആരംഭിക്കും.
ആദ്യമാദ്യം പുണ്യ ഭൂമിയില്‍ വന്നിറങ്ങിയ ഹാജിമാരില്‍ മദീന സന്ദര്‍ശനം കഴിഞ്ഞവരാണ് മടക്കയാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ബാക്കിയുള്ളവര്‍ മദീന സന്ദര്‍ശനത്തിനായുള്ള ഒരുക്കത്തിലാണ്. മദീന വിമാനത്താവളം വഴിയെത്തിയവര്‍ ജിദ്ദയില്‍ നിന്നും ജിദ്ദ വിമാനത്താവളം വഴിയെത്തിയവര്‍ മദീനയില്‍ നിന്നുമാണ് യാത്ര തിരിക്കുക.
മക്ക അമീറും സഊദി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഹജ്ജ് പരിപൂര്‍ണ്ണ വിജയമായിരുന്നുവെന്ന് വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.